Thursday, April 28, 2011

വൈജയന്തി*ക്കായി...

വെയിലുറയ്ക്കുമീ വീഥിയില്‍ നിന്നു നീ
തുയിലുണര്‍ത്തിന്‍ ശരം തൊടുത്തീടവേ
മുകിലു ഞെട്ടറ്റടര്‍ന്നു വീഴുന്നുവോ
പകലിരുണ്ടിതാ പെയ്യുന്നു ചുറ്റിലും

ഇടിമുഴങ്ങുന്നു, നേരിന്‍ പ്രകമ്പനം
ഇടയിലൂറും വിശപ്പിന്‍ പ്രരോദനം
ജനലിലിത്തിരി പക്ഷി തന്‍ കൂജനം
പ്രണയ മുന്തിരിപ്പൂവിന്‍ ചിരിക്കുടം

നറു നിലാവമ്മയായ് തഴുകീടവേ
പുതു മുറം തീര്‍ത്തു പാക്കനാരെത്തവേ
തപമനന്തമായ്‌ നീളവേ, ഗംഗ തന്‍
കുളിരു താഴേക്കിറങ്ങുന്നു പിന്നെയും

കഥയുറങ്ങുമീ കാവ്യരാഗങ്ങളില്‍
വ്യഥ മറന്നുല്ലസിച്ചുവോ കൈരളി
അയി കവേ, നിന്‍ വിചാര വേഗങ്ങളില്‍
പ്രിയമുണര്‍ത്തട്ടനാദി പ്രപഞ്ചവും

പുതു വസന്തം പിറക്കട്ടെ ഭൂമിയില്‍
കവിത പാടി പറക്കട്ടെ പക്ഷികള്‍
--------
 
*വൈജയന്തിക്ക് (ശ്രീ. ഷാജി നായരമ്പലത്തിന്റെ പ്രഥമ കവിതാ പുസ്തകം) നല്‍കിയ ആശംസ

1 comment:

  1. നന്ദി തന്നൊരീ ഭാവഗീതത്തിനും
    പിന്നെ വീണ്ടും തരുന്ന നോട്ടത്തിനും....

    ReplyDelete

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...