Thursday, April 28, 2011

കതിരുമായ് *

കതിരുമായ്... കതിരിട്ട മനസ്സുമായ്‌ ...
പവിഴമായ്‌ ... പുലരുന്നൊരുഷസ്സിതാ....
സമയമായ്‌ സദയം പ്രിയരേ വരൂ
ഉദയമായ് ഉണരൂ വരവേറ്റിടാം

വയലറിഞ്ഞു വിതച്ചുരുവാര്‍ന്നൊരീ
വിജയ ഗാഥ ജനങ്ങളിലെത്തവേ
ലളിത ജീവിത താളലയങ്ങളില്‍
പുതിയ താളെഴുതീ നവകേരളം

കപട പുഞ്ചിരിയിട്ട മുഖങ്ങളേ
കളമൊഴിഞ്ഞു കളങ്കമകറ്റുക
കറകളഞ്ഞ കരങ്ങളിലേയ്ക്കിതാ
കൊടി പകര്‍ന്നു പകര്‍ന്നണി ചേര്‍ന്നിടാം 
-----
* സുഹൃത്തിനു നല്‍കിയ ഒരു ഇലക്ഷന്‍ ഗാനം

വൈജയന്തി*ക്കായി...

വെയിലുറയ്ക്കുമീ വീഥിയില്‍ നിന്നു നീ
തുയിലുണര്‍ത്തിന്‍ ശരം തൊടുത്തീടവേ
മുകിലു ഞെട്ടറ്റടര്‍ന്നു വീഴുന്നുവോ
പകലിരുണ്ടിതാ പെയ്യുന്നു ചുറ്റിലും

ഇടിമുഴങ്ങുന്നു, നേരിന്‍ പ്രകമ്പനം
ഇടയിലൂറും വിശപ്പിന്‍ പ്രരോദനം
ജനലിലിത്തിരി പക്ഷി തന്‍ കൂജനം
പ്രണയ മുന്തിരിപ്പൂവിന്‍ ചിരിക്കുടം

നറു നിലാവമ്മയായ് തഴുകീടവേ
പുതു മുറം തീര്‍ത്തു പാക്കനാരെത്തവേ
തപമനന്തമായ്‌ നീളവേ, ഗംഗ തന്‍
കുളിരു താഴേക്കിറങ്ങുന്നു പിന്നെയും

കഥയുറങ്ങുമീ കാവ്യരാഗങ്ങളില്‍
വ്യഥ മറന്നുല്ലസിച്ചുവോ കൈരളി
അയി കവേ, നിന്‍ വിചാര വേഗങ്ങളില്‍
പ്രിയമുണര്‍ത്തട്ടനാദി പ്രപഞ്ചവും

പുതു വസന്തം പിറക്കട്ടെ ഭൂമിയില്‍
കവിത പാടി പറക്കട്ടെ പക്ഷികള്‍
--------
 
*വൈജയന്തിക്ക് (ശ്രീ. ഷാജി നായരമ്പലത്തിന്റെ പ്രഥമ കവിതാ പുസ്തകം) നല്‍കിയ ആശംസ

Sunday, April 3, 2011

അണുഭൂതം

കുപ്പിയില്‍ നിന്നും പുറത്തുചാടി
ചപ്പിലപ്പൂതം പറന്നുപോയി

വെട്ടപ്പെടാത്ത വേതാളങ്ങളെ
വെട്ടിപ്പിടിച്ചവര്‍ നമ്മളല്ലേ
കുപ്പിയിലാക്കി മെരുക്കി കൂറ്റന്‍-
കോട്ടകള്‍ക്കുള്ളില്‍ തളച്ചതല്ലേ

തിങ്ങി വിങ്ങിക്കരള്‍ നൊന്തിടുമ്പോള്‍
തമ്മില്‍ ചൊരിഞ്ഞ നിശ്വാസമെല്ലാം
നാടുരുക്കീടും പ്രകാശമാക്കീ
നാലാളു ഞെട്ടും പടക്കമാക്കീ
നാട്ടാരെ കൊല്ലുന്ന സൂക്കേടാക്കി
സൂക്കേടുമാറ്റും മരുന്നുമാക്കി
കാരണവന്മാര്‍ വിലയ്ക്കു വച്ചേ  
കായുള്ളോര്‍ വാങ്ങിച്ചു കയ്യില്‍ വച്ചേ

നീറും വെളിച്ചം പുകഞ്ഞുയര്‍ന്നു
കാറ്റും കടലും കറുത്ത കാലം
തപ്പിത്തടഞ്ഞമ്മ വന്നതാണേ
കുപ്പി കൈതട്ടിത്തകര്‍ന്നു വീണേ

കുപ്പിയില്‍ നിന്നും പുറത്തുചാടി
ചപ്പിലപ്പൂതം പറപറന്നേ
നന്മുലപ്പാലില്‍ വിഷം തളിച്ചേ
അമ്മാനമാടി കടല്‍ നിറച്ചേ 
വെണ്മുകില്‍ തുഞ്ചത്തിടിച്ചു കേറി
കണ്മണി നാടെല്ലാം ചുറ്റിടുന്നേ

മുക്കുറ്റിമുല്ല മന്ദാരമെല്ലാം
മുറ്റും വസന്തക്കിനാവൊരുക്കി
മുറ്റം നിറച്ചു പൂപ്പന്തലിനായ്
മൊട്ടും തളിരും നിറച്ചനേരം
പുത്തന്‍ മഴയൊരു തീമഴയായ്
പെയ്തായിതെല്ലാം കരിച്ചിടുന്നേ
വല്ലാത്ത വേനല്‍ വലച്ച നാടും
പെയ്യല്ലേ പെയ്യല്ലേന്നോതിടുന്നേ

മന്ത്രങ്ങളെല്ലാമുരുക്കഴിച്ചു,
മന്ത്രവടിയും ചുഴറ്റിയെന്നും
കൊമ്പ് കൊരുക്കും കുറുമ്പരെല്ലാം
കമ്പപ്പുരയ്ക്കുള്ളിലമ്പരപ്പായ്‌
'കമ്പിത്തിരിയൊന്നുമല്ല കയ്യില്‍
വമ്പനാം മത്താപ്പ് കണ്ടു കൊള്ളൂ'
വീമ്പ് പറഞ്ഞു നടന്നോരാണേ
അമ്പമ്പോ ഞെട്ടിത്തെറിച്ചു പോയി

കുപ്പിയൊന്നേയൊന്നു പൊട്ടിയപ്പോള്‍
കഷ്ടമിമ്മട്ടിലായെങ്കിലെന്തേ
കത്തും പുരച്ചോട്ടില്‍ വാഴവെട്ടാന്‍
കത്തിയ്ക്കു മൂര്‍ച്ചകൂട്ടേണ്ടയോ നാം

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...