Friday, June 19, 2020

മഴ ...

മഴ പൊഴിയുകയാണീ വഴിയി -
ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ
ഇഴയിട്ടു പിണഞ്ഞൊരു ചിന്തക-
ളൊരു വേളയുടഞ്ഞൊഴിയും , ചെറു -
കലഹം , പൊടി പടലവുമാധിയു -
മിടനെഞ്ചിലമർന്നിടുമങ്ങനെ

ഇളയീറനണിഞ്ഞ കിനാക്കളി-
ലില നർത്തനമാടിയ മുത്തുക-
ളൊരു തീർത്ഥകണം പോൽ , വേരുക-
ളിരു കയ്യിലുമേറ്റു മുകർന്നിടു-
മിതു പ്രണയമഴക്കുളിരേതൊരു -
നിറമറ്റ കിനാവുമുണർത്തിടു-
മതു  മുളയായ് , ചെറു മരമായ് ,വനമായ്
അതിരറ്റു വളർത്തിടുമൊടുവിൽ
അറിവാഴവുമാകാശങ്ങളു -
മതിഗൂഢമറിഞ്ഞു പുണർന്നിടു -
മതിലേക്കു പകർന്നൊഴുകും സ്വയ -
മതിനെങ്ങു തുടക്കമൊടുക്കവും !   
മഴ തുടരുകയാണീ വഴിയി -
ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ

പൂക്കൾ



ഉറക്കം നടിക്കും പ്രപഞ്ചത്തിലേയ്ക്കു  -
ള്ളുരുക്കിത്തെളിക്കും പ്രകാശപ്പിറപ്പിൽ
ചൊടിയ്ക്കുന്ന രാവിൻ ഭയക്കൂടുടച്ചി-
ട്ടടങ്ങാതെ നോക്കി ചിരിക്കുന്നു പൂക്കൾ

ഒരെണ്ണം വിരിഞ്ഞാലതിന്നുത്സവത്തിൽ
കുരുക്കുന്നു നൂറായിരങ്ങൾ പലേടം
പടക്കാറ്റു തല്ലിക്കൊഴിച്ചിങ്ങടുക്കേ,
പരത്തുന്നു ചുറ്റും  കുടഞ്ഞിട്ട ഗന്ധം

ഇരുൾ കീറിയെന്നും , കുതിക്കുന്ന നേരി-
ന്നുയിർ തൊട്ടു പൊട്ടിക്കിളിർക്കുന്ന തയ്യിൻ ,
ഇതൾ നുള്ളിയാലും, തമസ്സേ , കടയ്ക്കൽ
മെതിച്ചാലുമാ വേരുറപ്പെന്തു ചെയ്യാൻ!

അതിന്നുണ്ടു, മണ്ണിൻ പശപ്പും , മിനുപ്പും
കടഞ്ഞുള്ള വേവും, കിനാവിന്റെ നൂറും
അകക്കാമ്പിലാളുന്ന ഭൂവും ചുരത്തി-
ച്ചെടുക്കുന്ന വാത്സല്യമേറും   കരുത്തും

മനക്കണ്ണിലൂണ്ടേ വെളിച്ചം , പടർത്തും
പദം  ചൂഴുമാഴത്തിനാകാശ നീളം
ഇതൾ നുള്ളിയാലും, തമസ്സേ , കടയ്ക്കൽ
മെതിച്ചാലുമാ വേരുറപ്പെന്തു ചെയ്യാൻ!

ഉറക്കം നടിക്കും പ്രപഞ്ചത്തിലേയ്ക്കു  -
ള്ളുരുക്കി തെളിക്കും പ്രകാശപ്പിറപ്പിൽ
ചൊടിയ്ക്കുന്ന രാവിൻ ഭയക്കൂടുടച്ചി-
ട്ടടങ്ങാതെ നോക്കി ചിരിക്കുന്നു പൂക്കൾ !
---------------------

Monday, January 1, 2018

പുതുവത്സരാശംസകൾ 2018


നന്മ നിറഞ്ഞ പുതുവത്സരാശംസകൾ! പ്രാർത്ഥനയോടെ.

(കഴിഞ്ഞ കൊല്ലം കിട്ടിയതൊക്കെ വരവുവച്ചു നന്ദിപൂർവ്വം പുതുക്കിയിട്ടുണ്ട് ).

**************

മുപ്പത്തിമുക്കോടി ദൈവങ്ങളും കാട്ടു-

മൂപ്പനും ഡിങ്കനും കാത്തുകൊള്ളേണമേ

രണ്ടായിരത്തിപതിന്നേഴു പോകവേ

മണ്ടത്തരങ്ങൾക്കറുതിയുണ്ടാവണേ

ഭീകരർക്കൊപ്പമുൽസാഹിച്ചടുക്കുന്ന

'പുട്ടിനും' , 'ട്രംപി'നും സല്ബുദ്ധിയേകണേ

'മാക്രോണി'നെപ്പോലെയാകുവാൻ നായകർ-

ക്കാക്രാന്തമുള്ളത്തിലുണ്ടായ് വരേണമേ

തെക്കും വടക്കും 'കൊറിയ' ഭരിപ്പവർ -

ക്കൽപ്പം വകതിരിവേറെ കൊടുക്കണേ!

കൊല്ലും കൊലയും കുറച്ചുല്ലസിക്കുവാൻ

എല്ലാ മനസ്സിലും തോന്നലുണ്ടാക്കണേ

( രണ്ടായിരത്തിപ്പതിന്നേഴിലേവർക്കും

രണ്ടായിരത്തിന്റെ ചില്ലറയെത്തണേ

എ.ടി.എം. കാർഡുരയ്ക്കുന്ന ജനങ്ങളിൽ

'ടാക്സ് 'ഒഴിവാക്കി, കനിവു കാട്ടേണമേ

കള്ളപ്പണം പിടിച്ചാലുമില്ലെങ്കിലും

ഉള്ളപണം പിൻവലിക്കാനുമൊക്കണേ

)

ടാക്സ് ഒഴിവാക്കാനപേക്ഷിച്ച നേരത്തു

ജി സ് ടി കൊണ്ടങ്ങനുഗ്രഹിച്ചെന്നാലു -

മക്കൗണ്ടു പൂട്ടുവാനെത്തുന്നു ബാങ്കുകാ -

'രാധാറി'നായൊരു മാർഗ്ഗം തെളിയ്ക്കണേ !!!

(ക്രിസ്തുമസ് കാലത്തു വന്ന സിനിമകൾ

ഓണമെത്തും മുൻപ് പെട്ടിപൊട്ടിക്കണേ)

കണ്ടം വഴിക്കിനിയോടാതെയാളുകൾ

കണ്ടാൽ കൊതിക്കും സിനിമയുണ്ടാക്കണേ

കാണുവാനാഗ്രഹമുള്ളവർക്കെമ്പാടും,

'ഓൺലൈനി'ൽ തന്നനുഗ്രഹിച്ചീടണേ

പോസ്റ്റും കഥകളും പാട്ടും സിനിമയും

കോപ്പിയടിച്ചു വളരും മഹാന്മാർക്കു

മോശമാണപ്പണിയെന്നു തോന്നിക്കണേ

മോഹത്തിനൊത്തുള്ള ഭാവന നൽകണേ

(വേനലവധിക്കു നാട്ടിലെത്തീടുവാൻ

ന്യായവിലയ്ക്കുള്ള ടിക്കറ്റ് കിട്ടണേ)

'പോക്കെമോൻ' കാർഡിന്നു വേണ്ടിപ്പിണങ്ങാതെ

പോക്കുവെയിലിൽ കളിയ്ക്കണേ കുട്ടികൾ

ചുറ്റും വികസനം കത്തിക്കരേറവേ

ചുറ്റിച്ചടുക്കുന്ന രോഗങ്ങൾ മാറ്റണേ

ശുദ്ധമായിത്തിരി വായുവും വെള്ളവും

ബദ്ധപ്പെടാതെ ലഭിക്കുമാറാകണേ

കാറ്റും മഴയും കലി തുള്ളിയോടാതെ

കൂട്ടുകാരെപ്പോൽ കരം പിടിച്ചെത്തണേ.

നാക്കിൽ കവിതകൾ കൂടുന്ന നേരത്തു,

നാട്ടാരെയൊക്കെ വെറുപ്പിച്ചകറ്റാതെ,

നാവടക്കീടുവാനെന്നേം തുണയ്ക്കണേ

നാളെമുതൽ(ക്കി,ന്നു പോട്ടെ) നന്നാവണേ .....

നാളെ നാളേന്നിതു മാറ്റുവാനാകണേ ...

*****

Friday, December 22, 2017

തൊണ്ടു ചീയുമ്പോൾ

പാരീസിൽ നിന്നും കുറച്ചു ദൂരേയ്ക്ക് വീടുമാറി. ഇവിടെയും ഒട്ടുമിക്ക 'ഹോം ഡെക്കോ' കടകളിലും ചകിരിമെത്ത 'മെയ്ഡ് ഇൻ ഇന്ത്യ' തന്നെ.  പ്ലാസ്റ്റിക് നാരുകൾ ഒഴിവാക്കി പ്രകൃതി ദത്ത നാരുകളിലേയ്ക്ക് ലോകം ചുവടു മാറുമ്പോൾ  ഈ മേഖലയിൽ ഇനിയും സാദ്ധ്യതകൾ തുറക്കാനേ  വഴിയുള്ളു  ( ബിസിനസ് തുടങ്ങിയാലോന്നാ ആലോചന ). 

എന്നാലും ചില സംശയങ്ങൾ ഉണ്ട്. നാളീകേര ഉൽപ്പന്നങ്ങളിൽ മറ്റെല്ലാം  തന്നെ ഫിലിപ്പീൻസിന്നും ശ്രീലങ്കയിൽ നിന്നും ബ്രസിലീന്നും ഒക്കെയാണ് ഫ്രാൻ‌സിൽ വരുന്നത് ,ചകിരിമെത്ത മാത്രം ഇന്ത്യയിലേതാണ് . മറ്റു രാജ്യങ്ങൾക്ക് ഇതിൽ വലിയ   താൽപ്പര്യം ഇല്ലേ അതോ അവിടെ തൊണ്ടധികം ഇല്ലേ ? നമുക്കിനി   തൊണ്ടൻ തേങ്ങയാണോ കൂടുതൽ? അതോ അകത്തുള്ളതൊക്കെ തീർത്തിട്ട് തൊണ്ടുമാത്രേ നമ്മൾ മിച്ചം വയ്ക്കുന്നുള്ളു എന്നാണോ?. എന്തെങ്കിലുമാകട്ടെ ചകിരിയെങ്കിൽ ചകിരി.

നിവേദനം: പ്ലാസ്റ്റിക്  വിരുദ്ധത കാരണം പ്ലാസ്റ്റിക് ക്രിസ്തുമസ്  ട്രീയും  വന നശീകരണം ആരോപിച്ചു ഒറിജിനൽ ക്രിസ്തുമസ്  ട്രീയും വീട്ടിൽ അനുവദിക്കുന്നില്ല ഒരു മകൻ. പരിസ്ഥിതി എന്തായാലും ക്രിസ്തുമസ്  ട്രീ കൂടിയേ തീരൂ എന്ന് ഇളയ ആളിന് വാശി . കയർ ബോർഡ്  മനസ്സുവച്ചു  അടുത്ത ക്രിസ്തുമസിനെങ്കിലും ഒരു 'നാച്ചുറൽ ഫൈബർ ക്രിസ്തുമസ്  ട്രീ' വിപണിയിൽ ഇറക്കിയാൽ  ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടായേനെ. 

എല്ലാവർക്കും  ക്രിസ്തുമസ് ആശംസകൾ.
പുതിയ കവിത കയർ തൊഴിലാളികൾക്ക് സമർപ്പിക്കുന്നു.

തൊണ്ടു ചീയുമ്പോൾ
---------------------------

തൊണ്ടു ചീയുമ്പോൾ ചുറ്റുമുയരുമസഹ്യമാം
ഗന്ധമൊട്ടതേൽക്കാതെ  മാറിനീങ്ങുന്നൂ  ലോകം

കല്പവൃക്ഷത്തിൻ മധുരോദാരമുൾക്കാമ്പിനെ,
യത്രതുഷ്ടിയാലൂറി കുടിച്ചും തിന്നും , പിന്നെ
വർദ്ധിത വീര്യത്തൊടാ  തൊണ്ടെറിഞ്ഞകലുമ്പോൾ
വർത്തമാനത്തിൻ പിന്നിൽ ചിത്രമൊന്നുണരുന്നു

ഇന്നലെയോളം സർവ്വ ദാഹമോഹങ്ങൾ തീർക്കും
പുണ്യതീർത്ഥവും പേറി നിറവിൽ  കഴിഞ്ഞവർ  
ഇന്നു താഴെയീ ചെളിക്കുണ്ടിലെത്തീടുമ്പോഴു -
മൊന്നു തൊട്ടേ പോകുന്നുണ്ടായപോലിളം  തെന്നൽ .

തൊണ്ടു ചീയുമ്പോൾ ചുറ്റുമുയരുമസഹ്യമാം
ഗന്ധമൊട്ടതേൽക്കാതെ മാറിനിന്നോട്ടേ ലോകം
പാറപോലുറപ്പുള്ളോരിടനെഞ്ചിൻ കൂടുകൾ
ഭാരമേതുമില്ലാതെയൊഴുകട്ടോളങ്ങളിൽ

അഴുകിത്തുടങ്ങുന്നൂ തൊണ്ടുകൾ പുറംചട്ട
യിടറിയിളകുന്നൂ വേവുകൾ, തല്ലിത്തല്ലി
മൃദുവാക്കുന്നൂ മണ്ണിൻ മണമോലും കയ്യുകൾ
പൊതിവിട്ടുതിരുന്നൂ  ചകിരിച്ചോറിൻ ചിന്ത

തീരസ്വപ്നങ്ങൾ തോറും മാലപോലൊരു ചെറു
നാരിണ  വളർന്നൊരു പന്തലായ് പടരുന്നു
കയറിദ്ദേശത്തിന്റെ മുഖമുദ്രയായ് ഊഞ്ഞാൽ
കയറിപ്പറക്കവേയോണമെത്തീടുന്നെങ്ങും

ഒരു ചാൺ മതിയത്രേ  മതിയാക്കുവാനെല്ലാം ,
ഒന്നു ചേർന്നാലോ മഹാമേരുവുമുലഞ്ഞീടും
ബന്ധബന്ധനങ്ങളിൽ തൊട്ടു നിൽപ്പാണീ നിത്യ
ബന്ധുര സ്നേഹത്തിന്റെ നാരുകളെല്ലായ്പോഴും

വഴിയേറെയും കടന്നിന്നു വീട്ടിലെത്തവേ
പദധൂളികൾ തന്റെ നെഞ്ചിലേക്കൊതുക്കുന്ന
കുഞ്ഞുമെത്തയായ് മഞ്ഞും  മഴയും കൊണ്ടങ്ങനെ
കൂസലില്ലാതെൻ കൂട്ടായ് കൂടെയുണ്ടീ മുറ്റത്തും  

പട്ടിന്റെ മൃദുത്വമില്ലൊട്ടുമാർദ്രതയില്ല
തൊട്ടു നോക്കിയാൽ വിരൽത്തുമ്പു   ചൂഴ്ന്നെക്കാമെന്നാൽ
കുത്തിനോവിക്കാറില്ല നോവുകൾ തട്ടിക്കുടഞ്ഞെ -
പ്പൊഴും ചിരിക്കുമീ  കൈരളിപ്പൊൻനൂലിഴ .

തൊണ്ടു ചീയുമ്പോൾ ചുറ്റുമുയരുമസഹ്യമാം
ഗന്ധമൊട്ടതേൽക്കുവോർ    ജയിക്കുന്നുലകത്തിൽ    .
-------------------------------------------------------------------------------------

Wednesday, October 18, 2017

വീനസിൻ ദേവാലയം

ടെംപിൾ ഓഫ് വീനസ് 


വീനസിൻ ദേവാലയം(1) വിശുദ്ധ രാജ്യങ്ങൾ തൻ
വാതിലിൻ പുറത്തേറെ മാറിയാണിക്കാലവും

ഇവിടെ പരിക്ഷീണർക്കിരിക്കാം വിലക്കില്ല (2) ,
നിറവിൽ 'കൊളോസിയ'ഭംഗിയുമറിഞ്ഞീടാം

കേട്ടു, മത്സരങ്ങളിൽ മൃഗങ്ങൾ , പോരാളികൾ
കോർത്തുകോർത്തൊടുങ്ങിയ വേദിയീ   'കൊളോസിയം'

രൂപമാർന്നാടും  വീര, രൗദ്ര ഭാവങ്ങൾ മുദാ-
ദേവികണ്ടിരിക്കുന്ന മട്ടിലീ  ചമൽക്കാരം

മറ്റൊരു നടകൂടിയുണ്ടതീ  നഗരത്തെ
കുറ്റമറ്റു പാലിയ്ക്കും  ദേവി 'റോമ'യ്ക്കായത്രെ(3)

'റോമാ' യീ സംസ്കാരത്തെ  കാത്തുസംരക്ഷിച്ചവൾ
'വീനസോ' സൗന്ദര്യവും സ്നേഹവും പകർന്നവൾ

('ലാറ്റിനി'ൽ സ്നേഹത്തിന്റെ നാമമാം 'അമോറി'നെ
'റോമ'യെന്നറിയുന്ന  കൗശലക്കളിമ്പവും)

പേരിയന്നൊരാ പ്രൗഢ സാമ്രാജ്യ സൗധങ്ങളി-
ലേറെനാൾ പുകൾപെറ്റു നിന്നതാണീ മന്ദിരം

                ചിപ്പിയിലൊതുങ്ങിടാ വെളിച്ചം കടലിന്റെ -
                തൊട്ടിലാട്ടങ്ങൾ വിട്ടിട്ടുയരും കണക്കിനെ

                പാൽക്കടൽ കടഞ്ഞൊരു ദേവതയുയർന്നപോൽ,
                'വീനസെ'ത്തവേ നിത്യ വസന്തം വിടർന്നു പോൽ!(4 )

                ശക്തി മൂർത്തികൾക്കൊപ്പം പ്രേമമന്ത്രങ്ങൾ നിറ-
                ഞ്ഞത്രമേൽ സൃഷ്ടി സ്‌ഥിതി ലയപൂർണ്ണമായ് ഭുവി

                അമ്മയായ്  സ്നേഹാർദ്രയായ് വശ്യമാം സൗന്ദര്യമായ്
                പെണ്മവാണ കാലമാ ദേശമെന്തുയർന്നുപോയ് !

കാലചക്രം മാറവേ , കണ്ണേറുപെട്ടോ കാറ്റി-
ലേതു  ദുർമോഹം തീയിട്ടൊടുക്കീ സർവസ്വവും

രാജാവു താനോ,മെത്തും പുത്തനാശയങ്ങളോ  -
നാടെരിച്ചതാരെന്ന തർക്കമുണ്ടിന്നോളവും (5 ).!

ചുട്ടു പോയതിൻ  ശുദ്ധി തെളിയിക്കുവാനോങ്ങും
ചുട്ട ന്യായങ്ങൾക്കുണ്ടോ കാലവും പഴക്കവും?

കാത്തിരുന്നപോൽ കഥക്കൂട്ടുകൾ ചായം പകർ- 
ന്നാർത്തലച്ചൊഴുകവേയൊഴിഞ്ഞൂ  ദേവാലയം

ഭൂമി, തൻ നെഞ്ചം പിളർന്നേറ്റെടുത്ത നാളൊന്നിൽ   ,
കേമമാമിക്കോവിലിൻ പാതിയുമുടഞ്ഞുപോയ്

തൊട്ടു പിന്നിലായ് പെട്ടെന്നുയർന്നൂ  പള്ളിയ്‌ക്കൊരു
കെട്ടിടം പ്രാത്ഥിയ്ക്കുവാൻ, 'റോമ'യെ പാലിയ്ക്കുവാൻ (6 ).

വീനസിൻ ചുറ്റമ്പലം  വീണപോൽ കിടന്നേറെ
നാളുകൾ, വിലപിടിപ്പുള്ളതോരോന്നായ്  മാഞ്ഞു

പള്ളിമേടകൾക്കലങ്കാരമാകുവാൻ കൊള്ളാ-
തുള്ള കല്ലുകൾ മാത്രം ബാക്കിയിന്നിവിടത്തിൽ

ദുഃഖവെള്ളികൂടുവാനാണ്ടിലൊന്നെത്താറുണ്ട്
മക്കളീ മുറ്റത്തിന്നും വറ്റുമോ വാത്സല്യത്തേൻ (7 ) ?

സ്നേഹനായകൻ നാഥനൊറ്റിവീണ സങ്കടം ,
ഏതൊരു തിരുമുന്പിലുണർത്താനിതല്ലാതെ!

എങ്ങുപോയ്മറഞ്ഞാലും  തായ്മടിത്തട്ടും തേടി
യിങ്ങു വീണിടും പൂക്കൾ , വേരുകൾ ചുംബിച്ചിടും


                സ്നേഹവും സൗന്ദര്യവും മങ്ങിമിന്നുമിക്കോണിൽ  ,
                മോഹഭംഗത്തിൻ പഴഞ്ചുമരിൽ, തൊടുന്നേരം

                ഇടറി പിടഞ്ഞമ്മമാറിലേയ്ക്കൊരു സീത-
                യടർന്ന കൊട്ടാരത്തിൻ  ശൂന്യത നിറയുന്നു.

                കാടകം വളർത്തിയ പുത്രരെ  , പുണ്യങ്ങളെ, 
                രാമരാജ്യത്തിന്നേകി മറഞ്ഞോൾ നിറയുന്നു

                ദേവി, നിൻ മിഴിപ്പൂവും  ചൂഴ്ന്നെടുത്തു പോകിലും
                ജീവനുണ്ടറിയുന്നീ  തൂണിലും മണ്തിട്ടിലും

                കാട്ടുനീതിയെ വെല്ലും നീതികൾ നിർമ്മിയ്ക്കുവാൻ
                നാട്ടുനായകർക്കായോ? ചോദ്യമിങ്ങലയുന്നു

               
മടങ്ങി പോരാൻ മടിച്ചവിടെ കളിക്കുന്ന
കുട്ടികൾ ചിരിക്കവേ  വീനസും   ചിരിച്ചുവോ?

തെല്ലുമേ  കളങ്കങ്ങളില്ലാത്ത ബാല്യങ്ങളീ
കല്ലിലും പുൽത്തുമ്പിലുമുണ്മ  കണ്ടറിയുന്നു

"കാട്ടിൽ, ആഫ്രിക്കൻ ഹൃദയങ്ങളിൽ  പണ്ടെപ്പോഴോ
കൂട്ടുകാരായുള്ളൊരു പൂർവികർ നമുക്കുണ്ടാം (8 ).

സ്നേഹവും സൗന്ദര്യവും സൂര്യനും താരങ്ങളും
മോഹനപ്രകൃതിയും  ദൈവമെന്നറിഞ്ഞവർ   !

അതിനാലാവാമാദിദേവരൂപങ്ങൾ പല
കാലദേശങ്ങൾ കടന്നൊന്നു പോൽ വിളങ്ങുന്നു."

മതമില്ലതിർത്തികളൊന്നുമേയില്ലാത്തൊരാ-
മനസ്സിൽ തുടങ്ങണം ചരിത്രം പഠിയ്ക്കുവാൻ.

------------------------

1. ഒരു യാത്രയിൽ,  വത്തിക്കാനിലെ പ്രൗഢമായ പള്ളികളും മ്യൂസിയവും ഇറ്റലിയിൽ കുറച്ചു മാറിയുള്ള റോമാ സാമ്രാജ്യ അവശിഷ്ടങ്ങളും സന്ദർശിക്കാൻ സാധിച്ചു. മനസ്സിൽ ഏറെ പതിഞ്ഞതു  വീനസിന്റെ ക്ഷേത്രവും (The temple of Venus) ചരിത്രവും ആണ് . അതിലൂടെയാണീ കവിതയുടെ വഴി.

2. പ്രശസ്തമായ ഒരു പള്ളിയിൽ നടന്നു  ക്ഷീണിച്ചതു കാരണം നിലത്തിരുന്ന കുട്ടിയോട് അകത്തു വിശ്രമിക്കാൻ പറ്റില്ല എന്ന് കാവൽക്കാർ പറഞ്ഞതോർക്കുന്നു .

3. റോമാ നഗരം ദർശിച്ചുകൊണ്ടു റോമാദേവിയും , തിരിഞ്ഞു കൊളോസിയം ദർശിച്ചു കൊണ്ട് സ്നേഹരൂപിണിയായ വീനസും ഇരിക്കുന്ന ഇരട്ട നടകളുള്ള അതിപുരാതനമായ ദേവാലയമായിരുന്നു ഒരിക്കൽ ഇത്. പുരാതന റോമാ സാമ്രാജ്യത്തിലെ ഏറ്റവും വലിയ ക്ഷേത്രവും. ROMA എന്നത് തിരികെ വായിക്കുമ്പോൾ  AMOR: ലാറ്റിൻ ഭാഷയിൽ സ്നേഹം എന്നർത്ഥം.

4 . ബർത്ത് ഓഫ് വീനസ് . സാൻഡ്രോ ബോട്ടിചെല്ലിയുടെ വിഖ്യാത ചിത്രം ..
 5 . റോമാനഗരത്തെ വിഴുങ്ങിയ അഗ്നി. ഇതു സ്വാഭാവികമായിരുന്നോ അതോ ഇതിനു പിന്നിൽ നീറോ ചക്രവർത്തി തന്നെ ആണോ അതോ അന്നത്തെ നവോത്ഥാന , ക്രിസ്തുമത പ്രചാരകർ ആണോ എന്ന തർക്കം ഇപ്പോഴും  നിലനിൽക്കുന്നു. 

6. പിന്നീട് ഭൂകമ്പത്തിൽ വീണ്ടും ക്ഷേത്രം തകർന്നു. റോമയുടെ നടചേർത്തു ഒരു പള്ളി നിർമ്മിക്കുകയുണ്ടായി. വീനസ് ക്ഷത്രത്തിലെ അവശേഷിച്ചവസ്തുക്കൾ, മുഖപ്പിലെ ചെമ്പു തകിടുകൾ ഉൾപ്പടെ ഇളക്കിയെടുത്തു , അക്കാലത്തു നിർമിക്കപ്പെട്ട പ്രധാനപള്ളികളുടെ  അലങ്കാരങ്ങൾക്കായി കൊണ്ടുപോയി. ഏറെ വൈകിയെങ്കിലും , ചരിത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞു ഇപ്പോൾ അവശിഷ്ടങ്ങൾ  സംരക്ഷിച്ചു വരുന്നു.

7 . ഇന്ന്  വിജനമായ ഈ മുറ്റം ദുഃഖവെള്ളി പ്രാർത്ഥനയ്ക്കായി പോപ്പിന്റെയോ പ്രതിനിധികളുടെയോ നേതൃത്വത്തിൽ ഉപയോഗിച്ചു പോരുന്നു..

8  . ദേശങ്ങൾക്കതീതമായ പുരാതന  ദൈവങ്ങളുടെ സമാനതയിൽ വിസ്മയം കൊണ്ടപ്പോൾ ചരിത്രപാഠം  ഓർമ്മിപ്പിച്ചു, മകൻ തന്ന ഉത്തരം.
-----------------------------------

Monday, January 30, 2017

മുപ്പത് , ജനുവരി.

മഹാത്‌മാവിന്റെ ജീവിതം
മാനവർക്കാകെ മാതൃക 
മുപ്പത്തിന് ചോപ്പു പൂക്കളെൻ   
മാതൃഭൂവിന്റെ ദുഃഖവും 

മാറ്റമില്ലാത്ത ശാപമോ 
മാതൃദേവീ വിലാപമോ 
മാറ്റൊലിക്കൊൾവു  ചുറ്റിലും 
മാഞ്ഞുപോകാതെ നിത്യവും 

മാലകറ്റും വിശുദ്ധമാം  
മന്ത്രണം സ്നേഹമൊന്നുതാൻ 
മൗനമർപ്പിച്ചു കൈതൊഴാം 
മഹാത്മാവേ  പൊറുക്കുക



   

Monday, January 9, 2017

കനൽ

കനലിരമ്പുന്ന നെഞ്ചകം മാത്രം
കണ്ണുനീരിൽ കെടാതെ സൂക്ഷിക്കാം
കൂരിരുട്ടിലൊന്നൂതി, മുന്നേറും
ദൂരമെല്ലാം, വെളിച്ചം പരത്താം !

മിഴികളേറെ പറഞ്ഞൊഴിഞ്ഞാലും
ചിരി വരണ്ട മണൽപ്പുറത്തിന്നും 
ഒരു നിലാവിൻ തണുപ്പുണ്ട് പോലും!
മഴ മിഴാവിൻ തുടിത്താളവും കേൾ.

കഥകളെല്ലാം വെയിലെടുത്താലും
പകലിനപ്പുറം പാതിരാവീട്ടിൽ
കിളിമരത്തിന്റെ തോളത്തുറങ്ങും
ചെറിയ മുല്ല പൂക്കാറുണ്ട് നിത്യം !

കാലമൊന്നായ്   നിറം കെടുത്തുമ്പോൾ
കാർമുകിലുമീയാഴിപ്പരപ്പും
പങ്കുവയ്പ്പാണുയിരിന്റെ വിങ്ങൽ
പങ്കുപറ്റി തളിർക്കട്ടെ   ഭൂമി

കുളിരുപെയ്യുന്ന മണ്ണിന്റെയുള്ളിൽ
കുതറിയോടും ചിതൽക്കൂട്ടമൊന്നായ്
വരികളേറി പറക്കുന്ന സ്വപ്‍നം 
വഴിവിളക്കിൽ കൊളുത്തുന്നതാരോ ?

കാടിറങ്ങുന്നുറവകൾ തീണ്ടി
നാടിറങ്ങിപ്പടർന്നു വർണ്ണങ്ങൾ
കൂട്ടിനുള്ളിൽ മടങ്ങാൻ കൊതിക്കും
കാട്ടുപക്ഷിക്കു കാവലാളുണ്ടോ?

കനവു കാറ്റത്തടർന്നു വീണേക്കാം
കനിവു തേടി തളർന്നു പോയേക്കാം
കതിരു  കാണാതറിയാതെ വന്നാൽ
കരുതി വച്ച കനൽത്തുമ്പുരുക്കാം

കനലിരമ്പുന്ന നെഞ്ചകം മാത്രം
കണ്ണുനീരിൽ കെടാതെ സൂക്ഷിയ്ക്കാം
കൂരിരുട്ടിലൊന്നൂതി , മുന്നേറും
ദൂരമെല്ലാം വെളിച്ചം പരത്താം 

Sunday, January 1, 2017

പുതുവത്സരാശംസകൾ....

നന്മ നിറഞ്ഞ പുതുവത്സരാശംസകൾ!
പ്രാർത്ഥനയോടെ..
**************

മുപ്പത്തിമുക്കോടി ദൈവങ്ങളും കാട്ടു-
മൂപ്പനും ഡിങ്കനും കാത്തുകൊള്ളേണമേ
രണ്ടായിരത്തിപതിന്നാറു പോകവേ
മണ്ടത്തരങ്ങൾക്കറുതിയുണ്ടാവണേ

ഭീകരർക്കൊപ്പമുൽസാഹിച്ചടുക്കുന്ന
'പുട്ടിനും' , 'ട്രംപി'നും സല്ബുദ്ധിയേകണേ
കൊല്ലും കൊലയും കുറച്ചുല്ലസിക്കുവാൻ
എല്ലാ മനസ്സിലും തോന്നലുണ്ടാക്കണേ

രണ്ടായിരത്തിപ്പതിന്നേഴിലേവർക്കും
രണ്ടായിരത്തിന്റെ  ചില്ലറയെത്തണേ
എ.ടി.എം. കാർഡുരയ്ക്കുന്ന ജനങ്ങളിൽ  
'ടാക്സ് 'ഒഴിവാക്കി, കനിവു കാട്ടേണമേ
കള്ളപ്പണം പിടിച്ചാലുമില്ലെങ്കിലും
ഉള്ളപണം പിൻവലിക്കാനുമൊക്കണേ

ക്രിസ്തുമസ് കാലത്തു വന്ന സിനിമകൾ
ഓണമെത്തും മുൻപ്  പെട്ടിപൊട്ടിക്കണേ
കാണുവാനാഗ്രഹമുള്ളവർക്കെമ്പാടും,
'ഓൺലൈനി'ൽ തന്നനുഗ്രഹിച്ചീടണേ

പോസ്റ്റും കഥകളും പാട്ടും സിനിമയും
കോപ്പിയടിച്ചു വളരും മഹാന്മാർക്കു
മോശമാണപ്പണിയെന്നു തോന്നിക്കണേ
മോഹത്തിനൊത്തുള്ള ഭാവന നൽകണേ

വേനലവധിക്കു നാട്ടിലെത്തീടുവാൻ
ന്യായവിലയ്ക്കുള്ള  ടിക്കറ്റ് കിട്ടണേ
'പോക്കെമോൻ' കാർഡിന്നു വേണ്ടിപ്പിണങ്ങാതെ
പോക്കുവെയിലിൽ കളിയ്ക്കണേ  കുട്ടികൾ

ചുറ്റും വികസനം കത്തിക്കരേറവേ 
ചുറ്റിച്ചടുക്കുന്ന രോഗങ്ങൾ മാറ്റണേ
ശുദ്ധമായിത്തിരി വായുവും വെള്ളവും
ബദ്ധപ്പെടാതെ ലഭിക്കുമാറാകണേ

നാക്കിൽ കവിതകൾ കൂടുന്ന  നേരത്തു,
നാട്ടാരെയൊക്കെ വെറുപ്പിച്ചകറ്റാതെ,
നാവടക്കീടുവാനെന്നേം തുണയ്ക്കണേ
നാളെമുതൽ(ക്കി,ന്നു പോട്ടെ) നന്നാവണേ .....



Thursday, September 15, 2016

കിളിമരം

ഞാനൊന്നു സ്നേഹിച്ചോട്ടീ വല്ലിയെ വാർമുല്ലയെ..
വേനലിൽ വലം വച്ചെൻ വേരറിഞ്ഞടുത്തോളെ   .....

ചേലുറ്റ് നീളും നിഴൽ നീട്ടിടും  പ്രപഞ്ചത്തെ
തേനിറ്റു വീഴും തളിർച്ചുണ്ടിലെ താരങ്ങളെ  
മഞ്ഞുതുള്ളിയിൽ മുത്തും മഴവിൽ പ്രകാശത്തെ 
പഞ്ഞിപോൽ പൊഴിഞ്ഞുള്ളം ചുട്ടിടും   നട്ടുച്ചയെ  
നേരിന്റെ ചീവീടുകൾ  ചൂഴുമീയിരുട്ടിനെ 
ചാരവേ ചവിട്ടേറ്റി,ട്ടുയരും പുൽത്തുമ്പിനെ

പച്ചിലക്കീഴിൽ തൂങ്ങിയുറങ്ങും ചിത്രങ്ങളെ 
കൊച്ചു പൂവിനെ  പറ്റിച്ചുയരും പൂമ്പാറ്റയെ 
മൊട്ടുകൾ താരാട്ടി വന്നകലും തൈത്തെന്നലെ
പൊട്ടുകൾ പൊഴിഞ്ഞാലും പുണരും മണ്‍ചൂടിനെ
വിണ്ണിൽ നിന്നിറങ്ങിയും   മെയ് തൊടും നിലാവിനെ
കണ്ണുകൾ കുതിർത്തു പെയ്തലയും മേഘങ്ങളെ  
പാടുമാ പുല്ലാങ്കുഴൽ നോവിനെ , നോവിച്ചിടും 
പാണന്റെ പ്രാരാബ്ധത്തെ  , പാട്ടിനെ സ്നേഹിച്ചോട്ടെ

ഞാനൊന്നു സ്നേഹിച്ചോട്ടീ വല്ലിയെ വാർമുല്ലയെ....
വേനലിൽ വലം വച്ചെൻ വേരറിഞ്ഞടുത്തോളെ   ....
  
ചുറ്റി വീണുയർന്നിവൾ  കെട്ടുകൾ മുറുക്കവേ   
ഞെട്ടി, നോവേറുന്ന പോലെങ്കിലും കളഞ്ഞിടാ  .. 
കുഞ്ഞു വള്ളികൾ തുള്ളിത്തൂങ്ങിയങ്ങുയരവെ  
നെഞ്ഞിലെയഴൽ പിരിഞ്ഞെങ്ങുപോയ് ! 'ഞാനെ'ങ്ങു പോയ്!
നഷ്ടമായേക്കാമേവം  രൂപവും , രൂപത്തിലും         
ഇഷ്ടമീ പടർപ്പുകൾ  തൊട്ടു തൊട്ടറിഞ്ഞിടാൻ

പുലരും താലത്തിലെ  പുഞ്ചിരിത്തലപ്പുകൾ 
പോരുമീ പകര്ച്ചയിൽ  പൂ.. പൊലി  പൂവേ ..പൊലി !

---------

Monday, August 8, 2016

നിഷാദം

ആ വിലാപമൊടുങ്ങീലൊരിക്കലും  !
ആദി കാവ്യമാണിപ്പൊഴും  ചുറ്റിലും !

'മാ നിഷാദ' തകർത്തു പെയ്യുമ്പോഴും
മാധവശ്രീ  മറയും പ്രകൃതിയിൽ
മുത്തണിഞ്ഞു വിടരും  പ്രഭാതമേ,
സത്യമോ നിന്നിരവിന്നഗാധത!
ചായുറങ്ങുന്ന പൂമൊട്ടുണർത്തുവാൻ 
ചാമരം വീശിയെത്തിടും  തെന്നലേ,
നീയറിയാതെ നിൻ പ്രണയങ്ങളിൽ
നീളെയാരു തൊടുക്കുന്നശാന്തികൾ?

കാറ്ററിഞ്ഞില്ല , കാലത്തിനിപ്പുറം  ,
കാട്ടുതീ കവർന്നേറുന്ന നന്മകൾ    
ഇ,ക്കിളിക്കൂടിരിക്കുന്ന ചില്ല തൻ
പച്ചിലകൾ  വരണ്ടു വാടുന്ന പോൽ
ആറ്റുനോറ്റ കിനാവുകൾക്കുള്ളിലേ
നീറ്റലൂതിപ്പടർന്നു പോയ്‌   പാട്ടുകൾ
മുന്നിലോ  കനൽ നർത്തനം , നട്ടുവൻ
തൻ നിഴൽത്തണൽ തേടും കടും തുടി
പേടിയായ്‌കെന്ന്  ചൊല്ലവേ,  വാക്കിനെ
ചൂടി നിൽക്കും നിലാവു പൊള്ളുന്നുവോ  !

'മാ നിഷാദ ' തകർത്തു പെയ്താകിലും 
ആ വിലാപമൊടുങ്ങീലൊരിക്കലും  !

ഹേ കവേ , തവ നാദ കല്ലോലിനി-
ക്കാവുമോ, നവജീവനമേകുവാൻ ?

Wednesday, February 10, 2016

പ്യൂപ്പ

കുടഞ്ഞെറിഞ്ഞിട്ടും പിരിഞ്ഞു  പോകാതെ
കുതിർത്ത   പെയ്തിലൂടൊലിച്ചുമായാതെ
കുടുങ്ങി നില്കയാണിരവിലിന്നുമാ-
കുരുന്നു മുല്ലകൾ പൊഴിച്ച  പൂമണം  !

മുളന്കുഴൽ മനം തികഞ്ഞു പാടവേ
ചിലന്കകൾ കളിച്ചടർന്ന രാമണം
നിലച്ച വീചികൾ തിരഞ്ഞു   പിന്നെയും
നിലാവിറങ്ങവേ പരന്ന പാൽമണം

ഉറച്ച പാറകൾ ചുരത്തിയെത്തിടു-
ന്നുറവകൾക്കകം പൊടിഞ്ഞ സങ്കടം
കടല്ച്ചുവട്ടിലെയ്ക്കൊഴുകവേ പിന്നിൽ
പിടഞ്ഞു വീണൊരു വഴിപ്പൂവിൻ മണം

ചെറു ചിരാതുകൾ നനഞ്ഞണഞ്ഞതും
ചുരുങ്ങി മാഞ്ഞിടും കരിന്തിരി മണം
ചിതറുമക്ഷരം ചിതലരിച്ചതിൽ,   
പതുക്കെയോർമ്മകൾ പുതച്ച മൺ മണം

കനിവിനുപ്പുനീർ തളിച്ച നീറ്റലിൽ
കനലടുപ്പുകൾ  കെടുന്നതിൻമണം
അലഞ്ഞൊടുങ്ങുമീ   ചപല ചിന്തകൾ 
പുലരി തേടിടും പുതുമഴ  മണം .


തനിച്ചു നില്ക്കവേ വരണ്ട കണ്ണുകൾ
കുനിഞ്ഞു മുത്തിയും കുളിർത്തു മീറ-
നൊത്തുലർത്തു പെയ്തിടും കവിത കൊള്ളവേ
കുടന്ന മോഹമോ  നിറച്ചു മൊട്ടുകൾ?
പുതിയ പൂവിനായുദിച്ച പൊട്ടുകൾ!,
ഇതൾ വിരിഞ്ഞ പോലിലഞ്ഞിപ്പൂമണം !

പറന്നുയരുമീ   മണങ്ങളൊക്കെയും
മറന്നു പോയൊരീ  മണങ്ങളൊക്കെയും
ഇതുവരേക്കുമെൻ  ചിമിഴിനുള്ളിലായ്
ചിറകൊതുക്കിയും മനമടക്കിയും
വെയിൽ മരത്തിലേയിലക്കുടക്കീഴിൽ
തണൽപ്പെരുക്കത്തിൽ ചുരുണ്ടുറങ്ങി പോൽ !
ഉണര്ന്നുറങ്ങി പോൽ!
.



Tuesday, November 17, 2015

വിഡ്ഢിസ്വപ്നം

വിഡ്ഢിസ്വപ്നം
--------------

നഗരമശാന്തിതൻ നിഴലിലാണെങ്കിലും
നടുവിലെൻ കുട്ടികൾ കളിയാണ് , തോക്കിന്റെ
നിറമെഴും നീണ്ട തിരകൾ തെറിപ്പിച്ചു,
വെറുതെയൊട്ടഭിനയിച്ചിടറിവീഴുന്നതിൻ
കളിയാണി,തിന്നത്തെ വാർത്തതന്നൂർജ്ജവും !

ഇതുപോലെ കളിയായിരുന്നെന്കിലെല്ലാം! നിറഞ്ഞ തോ-
ക്കെവിടെയും പൂവുകൾ മാത്രം പൊഴിച്ചെങ്കിൽ ..!
ബോംബുകൾ നിറമാല തൂകിപ്പൊലിഞ്ഞെങ്കിൽ..!
ആരെയും വേദനിപ്പിക്കാതെ, കളിയായി ..!

സിറിയയിൽ, പാരീസിൽ, ഇന്ത്യ,പാക്കിസ്ഥാനി-
ലലിവിന്റെ  പൂക്കാലമെത്തുന്ന  കാലത്തു,
തിരകളെ പൂക്കളായ് മാറ്റുന്ന സ്വപ്നത്തിൽ,
ഒരു വിഡ്ഢിസ്വപ്നത്തിൽ ..
ഒന്നു പുതച്ചു മയങ്ങവേ  കാണുന്നു
കുന്നോളമായുധം വടിവാളു, കന്മഴു!
പടയാണ് വീണ്ടും, പഴയ കാലത്തിന്റെ,
പരിചയം പോയ  പടക്കോപ്പുമായ്  പലർ !
നേർക്കു നേരാണിപ്പൊളെന്നതേ ഭേദമൊ-
രാർപ്പു വിളിയോടെ, നായകർ  നേർക്കുനേർ!
നന്നായ് വിയർത്തു തളരുന്നതിന്നൊപ്പ-
മൊന്നുപോൽ  മണ്ണുമുഴുതു മറിച്ചവർ   !
പിന്നെ,യവശരായെങ്ങോ മറഞ്ഞു  പോയ്‌...

പടനിലത്തൊരു മഴ പക കഴുകി മാറ്റുന്നു
പന്തുതട്ടും  കുഞ്ഞുകാലിൽ ചിലംബുന്നു.
ചുറ്റും വലിച്ചെറിയപ്പെട്ട കൊള്ളികൾ
ചുറ്റി നടന്നു പെറുക്കിയെടുത്തുവ-
ന്നൊറ്റ വരമ്പു  കുത്തുന്നുണ്ടൊരച്ഛനും.

പന്തുകളി കഴിഞ്ഞെത്തുന്ന കുട്ടികൾ
നൊന്തു മുളച്ച പുതുനെല്ലുനാട്ടുന്നു
പടനിലത്തപ്പൊഴും  മഴചാറി നില്ക്കുന്നു
പുലരിയിൽകതിരിന്റെ ചിരിവീണു നിറയുന്നു 
വാൾമുന വളച്ചവർ കൊയ്ത്തു കൊയ്തേറുന്നു  .

കൊണ്ടു വരികയായമ്മ  നിധിക്കുടം!
തണ്ടു പിളർക്കാൻ തുടിച്ച  'തിര'ക്കുടം!
പണ്ടു കവർന്ന പടക്കോപ്പു വേറെയും
കണ്ടു, കണ്ണും മിഴിച്ചെത്തുന്നു കുട്ടികൾ .
പാടേയഴിച്ചു പുതുക്കിപ്പണിഞ്ഞ,തിൽ
പാതയോരങ്ങൾ പൊലിയ്ക്കയായ് പൊന്മണി!

പാടത്തു വീണ്ടും കളിപ്പന്തിനാരവം !
ചോടൊത്തു നൃത്തം , പഴമ്പാട്ടിനീണം !

ആയുധം  കിട്ടാതലയുന്നു   ദൂരത്തു
സായുധം തിന്നു തെഴുത്ത യുദ്ധക്കൊതി.
ആകെ വിശന്നു വലഞ്ഞവർക്കും കൂടി
തൂകിത്തിളച്ചേനടുപ്പത്തു  നന്മകൾ ....





Thursday, October 22, 2015

ഓം ഹരി: ശ്രീഗണപതയെ നമ:

നാവിൽ തൊട്ടൊരു പൊന്നിലും , പുതുമകൾ തേടും വിരൽത്തുമ്പു കൊ  -
ണ്ടേവം കുത്തിവരഞ്ഞ പൊന്നരിയിലും, പൊന്നാകുമീ  മണ്ണിലായ്  
താവും കൊഞ്ചലുരുക്കഴിച്ചു കരളേ!,  നീ പാടുകാ,ടാ,ടുകീ 
വേവും നേരിനിടയ്ക്കിടയ്ക്കു കുളിരിൻ പെയ്തായ്, കരുത്തായ്‌ ചിരം.   

Wednesday, July 29, 2015

നീ...വാ...RIP: Return If Possible......

നീ,യെന്നീണങ്ങളായും നിനവിലൊഴുകിടും നിർമ്മലാനന്ദമായും
തീയിൽ തേൻതുള്ളിയായും   തരളമധുരമാം തൂമണിക്കൊഞ്ചലായും 
വാ,യെൻ വാസന്തവാതിൽ വെറുതെയടയവേ  വാരിളം തെന്നലായും
മായാസ്വപ്നങ്ങളായും മരണമണയവേ മാന്ത്രികസ്പർശമായും .........   


Sunday, April 5, 2015

ഉയിർപ്പ്

ഞാനൊന്നുയിർക്കട്ടെ  വായനക്കാരന്റെ
വാരുറ്റ കണ്ണിലേയ്ക്കല്പ നേരം..
ഞാനുയിർക്കട്ടിനി ഞായർ പുലരുന്നു
ഞാറ്റുവേലക്കാലമെത്തിടുന്നൂ ...

ഒറ്റിയില്ലാരു,മെന്നാകിലും ചിന്തകൾ
ചുറ്റിലും കൂടി, മുറുക്കിടുംപോൾ ,
ഒട്ടും മടിയാതെഴുത്താണി  കൊണ്ടെന്റെ
മുട്ടുകൾ മുത്തി വരഞ്ഞിടട്ടെ ..
മുത്തുകളെന്തെന്തടരുന്നു! ചെമ്പനീ-
രത്തർ കണക്കിതണിഞ്ഞിടട്ടെ ..
കുഞ്ഞിചിറകൊച്ച കേട്ടപോൽ! അക്ഷര -
ചോപ്പിലൂടോരോ മുറിവിലൂടെ..
ബോധം മയങ്ങി മറഞ്ഞുപോകുന്നു, നിർ -
ബാധം തറഞ്ഞി,ട്ടുയിർക്കയാമോ!
എന്തുമാവട്ടെ,യാ കണ്ണിൽ നിലാവിന്റെ-
യഞ്ജനക്കൂട്ടു ഞാൻ കണ്ടു പോയി !
കത്തും വെയിൽച്ചില്ല മൊത്തം കുളിർക്കുന്ന
പുത്തൻ മഴക്കൂട്ടു കണ്ടുപോയി !

സ്വര്ഗ്ഗ വാതിൽപോൽ,  നിറഞ്ഞനീൾ പീലികൾ
സർഗ്ഗ ചൈതന്യം തിരഞ്ഞിടുമ്പോൾ
ഞാനുയിർക്കട്ടിനി വായനക്കാരന്റെ
വാരുറ്റ കണ്ണിലേയ്ക്കല്പ നേരം..
----------------------------



   

Monday, April 8, 2013

'നീയെന്നു ചൊല്ലുക ..'


"അമ്മയെ ഞാനടിച്ചില്ല! , കാറ്റിലെന്‍
കൈ പറന്നങ്ങു  താനേ തൊടുന്നതാ-
ണിത്ര നോവുമെന്നാരറിഞ്ഞെങ്കിലീ
കയ്യുകള്‍ക്കൊരു കുഞ്ഞടി നല്കിടാം ".....

"വേണ്ട മുത്തേ മടക്കുന്നു; വന്നിതാ
വേറെയൊന്നല്ല പത്രവൃത്താന്തവും".


വെട്ടുകൊണ്ടവരേറെ  വീണങ്ങനെ
വെട്ടമേറുന്ന  കാടകം തേങ്ങവേ .
വേടമൂര്‍ത്തികള്‍ പാടി,  'കാറ്റല്ലയോ.
വാളു ചൂടും കരങ്ങളോ കാരണം !'

ഒന്നിനൊന്നായ്‌ വിനോദം  വിവാദമാ-
യൊന്നുമോരാതുലാവുന്നു തെന്നലും
മിന്നി നില്ക്കും വെളിച്ചങ്ങ,ളമ്പിളി
പ്പൊന്‍നിലാവും മറയ്ക്കുന്നു കാര്‍മുകില്‍

അക്ഷരങ്ങള്‍  തെളിച്ചെടുക്കും കനല്‍  ,
ദിക്കിലെങ്ങും  ജ്വലിപ്പിച്ച വേനലില്‍,
അക്കരക്കാറ്റടര്‍ത്തും മരങ്ങളില്‍,
അക്കിളിച്ചുണ്ടനുണ്ടോ? മറന്നുവോ?  .

നീരൊഴുക്കുകള്‍  യാത്ര ചോദിക്കയാ-
യാവണിപ്പാടമെന്നേയുറക്കമായ്
ആഴിതോറും കെടാവിളക്കും തെളി-
ച്ചാളിറങ്ങുന്ന തീരങ്ങളില്‍ വെറും
നേരുതേടുവാന്‍ നേരമില്ലെത്രയോ
ദൂരമുണ്ടതിവേഗം പറന്നിടാം  ..

പാറകള്‍ക്കുള്ളിലാണ്ടുവോ കണ്ണുനീര്‍?
താഴെയെങ്ങാനുറപ്പുള്ള വേരുകള്‍?
മാറിനില്‍ക്കുകീ മൌനം തകര്‍ന്നിടാം
മാറിനില്‍ക്കുക,  മാറിനി'ന്നേല്‍ക്കുക'.

തന്‍റതല്ലാത്ത കാരണമൊക്കെയും
തന്നിലേക്കുരുള്‍പൊട്ടുന്ന ഭൂമിയില്‍
വേദനിക്കുമോ കുഞ്ഞടിപ്പാടുകള്‍?
വേദനിക്കില്ല... 'നീയെന്നു ചൊല്ലുക.  '
-----------------------------

Sunday, December 16, 2012

മൌനം

വാക്കിന്റെ വാതില്‍പ്പുറത്തു നില്‍ക്കുന്നുണ്ട്
വേച്ചുവേച്ചിപ്പൊഴും മൌനം..
ചുക്കിച്ചുളിഞ്ഞുള്ള കയ്യില്‍ തിരുപ്പിടി-
ച്ചിത്തിരിപ്പോന്ന വടിയും
നൂലിന്‍ ഘനം പോലുമില്ല, നൂറായിരം
മോഹം തിളങ്ങുന്നു കമ്പില്‍!!
കട്ടിയ്ക്ക് കണ്ണട,യപ്പുറമിപ്പുറ -
മൊട്ടും കുറയാതെ കാണാം
തെല്ലിടവിട്ടു കണ്ണൊന്നു മേലേയ്ക്കിട്ടു
ചില്ലു മൂടാതെയും നോക്കാം
വെണ്മുടിത്തുമ്പാല്‍ വരയ്ക്കുന്നിതക്ഷര
ക്കോലം, വിലോലമീ കാറ്റും
നീലിച്ചെഴുന്ന ഞരമ്പിന്‍ തുടിപ്പുകള്‍
കാലോളമെത്തിക്കിതച്ചൂ

കാര്‍മുകില്‍ത്തെല്ലൊന്നൊതുക്കിയിട്ടമ്പിളി-
ക്കീറെത്തി നോക്കി പിരിഞ്ഞു.
പച്ചപ്പുതപ്പിന്റെയുള്ളിലെ പൂവുകള്‍
ഒച്ചയുണ്ടാക്കാതടര്‍ന്നു
വേരുകള്‍, വാനിന്റെ, പൂവിന്‍റെ, പാട്ടിന്‍റെ
വേരുകള്‍ നീരില്‍ കുതിര്‍ന്നു.

ലോകം ഞെരുങ്ങിയുറച്ച പാഴ്തണ്ടിലേ-
യ്ക്കോരോ വിരല്‍ത്തുമ്പമര്‍ന്നൂ
കണ്‍പൊത്തിയാരോ കരള്‍ പിടിക്കും വരെ
പിന്‍തിരിയില്ലെന്ന  പോലെ
കൈ തൊട്ടു നാദം വിടര്‍ത്തുന്ന പൈതലിന്‍
കൊഞ്ചല്‍ കൊതിക്കുന്ന പോലെ
വാക്കിന്‍റെ കാണാപ്പുറത്തു നില്‍ക്കുന്നുണ്ട്
കാത്തുകാത്തിപ്പോഴും മൌനം

----------------------

Friday, June 22, 2012

മോഹം..


കരളു പൊള്ളിപ്പൊടിഞ്ഞില്ല തുള്ളികള്‍
കരുണ തട്ടിച്ചിരിയ്ക്കുന്നു പിന്നെയും.
ഒരു മുഴക്കത്തിലേയ്ക്കു കാതോര്‍ത്തിടും
മരവുമീ കിളിക്കൂട്ടവും ബാക്കിയായ്‌

നനയുമോര്‍മ്മകള്‍ വറ്റുന്നിടങ്ങളില്‍
തിരയുവാനെന്തു?  തീരം ചൊടിയ്ക്കവേ ,
തിരമുറിഞ്ഞു പിന്‍വാങ്ങുന്നു വന്‍കര-
യ്ക്കൊരു തലോടല്‍ തിടുക്കത്തിലേകിയും

ഘനമൊഴിഞ്ഞുല്ലസിക്കുന്ന തെന്നലും
ചിരി വിടര്‍ത്തുന്ന വാനവും ചൊല്ലിയോ?
ചുവടളന്നും മറിച്ചു വിറ്റും സ്വയം
ധനികരാകുന്നവര്‍ക്കു താന്‍ ധന്യത!


ഇതളടര്‍ന്നു വീഴുമ്പോഴും പൂവിലെ
ചെറുചിരിയ്ക്കെന്തു ഭംഗിയാണീ വഴി
പറവകള്‍ പൊഴിച്ചിട്ട പൊന്‍തൂവലി-
ന്നരികുകള്‍ക്കെന്തു മാര്‍ദ്ദവം! കാലമേ ..  
വെറുതെ എങ്കിലും കാറ്റില്‍ പറക്കുവാന്‍
ചിറകിലേറി പുറപ്പെട്ട വാക്കുകള്‍
മുറിവുകൂടുന്നതിന്‍ മുന്‍പ് വാനിലേ-
യ്ക്കകലവേ മനം ശൂന്യമായെങ്കിലും
ഒരു മുഴക്കത്തിലേയ്ക്ക് കാതോര്‍ത്തു പോയ്‌
മലമുഴക്കിതന്‍ മായാവിമോഹമായ്‌ ...
---------------------

Saturday, March 31, 2012

പൂരണം...




സമസ്യ: നിന്നാർദ്രപ്പൂമഴയ്ക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടേ..
------------------------------------------------------

എന്നോമൽ കുഞ്ഞിളം പൂ,വരികി,ലകലെയിമ്മട്ടിലോടിക്കളിപ്പൂ ..
എങ്ങെല്ലാം സഞ്ചരിപ്പൂ! തകൃതി, വികൃതി!,യെമ്പാടുമെൻ കൈ കുതിപ്പൂ !
എൻ മാതേ, നിന്മിഴിപ്പൂവവിരതമിവനേ കാത്തു കൊള്ളാൻ കൊതിപ്പൂ...
നിന്നാർദ്രപ്പൂമഴയ്ക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടേ..

സമസ്യ: ക്കാലം തീര്‍ത്ത കളിക്കളത്തില്‍ ഭഗവാന്‍ വയ്ക്കുന്ന ചൂതാണു നാം
------------------------------------------------------

മാലറ്റമ്ബിളി പുഞ്ചിരിച്ചു പലതാം താരങ്ങളങ്ങങ്ങിതാ

ചേലൊത്താകെ വിടര്ന്നതും വിധുരമീ രാവും പുലർ വേളയായ്

പാലപ്പൂക്കളുണർന്നെണീറ്റു നിരയായ് കാറ്റിൽ കലമ്പുന്നു തൽ -

ക്കാലം തീര്‍ത്ത കളിക്കളത്തില്‍ ഭഗവാന്‍ വയ്ക്കുന്ന ചൂതാണു നാം

സമസ്യ:കരുണയുള്ള മുകുന്ദ പദാംബുജം !
------------------------------------------------------

മധുരമുള്ളധരം, വദനാംബുജം
ചതുരമുള്ള കരം , ചരണാംബുജം
കരയുമുള്ളറിയും ഹൃദയാംബുജം
കരുണയുള്ള മുകുന്ദ പദാംബുജം !

സമസ്യ:തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.
------------------------------------------------------

ചുറ്റിക്കില്ലേ, കനലെരിയുമീ മേടമാസം നിനച്ചാല്‍
വറ്റിക്കാമോ കരുണ ചൊരിയും കാവുമാ നീരൊഴുക്കും?
പുറ്റിന്നുള്ളില്‍ ചിതലുകയറും മുന്‍പു പൂജയ്ക്കൊരുങ്ങാം
തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.

പറ്റിച്ചല്ലോ, മധു നുകരുവാനെത്തുമീ പൊന്നുഷസ്സില്‍
തെറ്റിപ്പോയോ? വനികയിതു താനല്ലയോ കുഞ്ഞു കാറ്റേ?
ഒറ്റത്താരും തരള മിഴിയാലെത്തി നോക്കീല കണ്ടോ?
തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.

ഒറ്റയ്ക്കെന്തേ? മിഴി നനയുവാന്‍? മഞ്ഞ മന്ദാരമേ നി-
ന്നുറ്റോരെങ്ങോ? കഥകളറിയാക്കാറ്റു കൈവിട്ടുവെന്നോ?
കുറ്റം ചൊല്ലില്ലിനിയുമൊരുവന്‍, കൂട്ടരേ ഞാന്‍ വിളിക്കാം
തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.

സമസ്യ: മോന്തിടുക ചിന്തയിനി വേണ്ട ലവലേശം '

------------------------------------------------------



ചെന്തളിരിലെന്തു മധു! തുമ്പി മനമോര്‍ക്കെ
അന്തിവെയിലിന്ദുവദനയ്ക്കു നിറമേറ്റീ
ഹന്ത! മകരന്ദമണയുന്നു വനി നീളെ,
മോന്തിടുക ചിന്തയിനി വേണ്ട ലവലേശം '


സമസ്യ:  കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം  '
------------------------------------------------------
കണ്ണിന്‍ കദംബവനിയില്‍ കളിവീടൊരുക്കാം
കണ്ണന്‍ ചിരട്ട,യിളനീര്‍, ചെറുപീലിയേകാം
മണ്ണിന്‍ വെറും കരടിലെന്നിമയൊന്നടഞ്ഞാല്‍
കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം

സമസ്യ: ശ്വാനന്റെ വാലു നിവരില്ലിതു സത്യമത്രേ !'
------------------------------------------------------

ഞാനെന്‍റെ പൂരണമെടുത്തു തൊടുത്തനേരം
നീനിന്‍റെ ലൈക്കു തരുമെങ്കിലിതും ക്ഷമിക്കാം
കൂനന്‍റെ കൊമ്പിലിടചേര്‍ത്തു കമന്റിടുന്നോ?
'ശ്വാനന്‍റെ വാലു നിവരില്ലിതു സത്യമത്രേ !'

ഞാനെന്‍റെ പാട്ടുപലതും പല താളമൊത്തീ
വീടിന്‍റെ തിണ്ണയിലിരുന്നഹ പാടിടുമ്പോള്‍
നീനിന്‍റെ വാലു ചുരുളാക്കിയടുത്തു, ചൊന്നോ?
'ശ്വാനന്റെ വാലു നിവരില്ലിതു സത്യമത്രേ !'


സമസ്യ: സമയമിനി കുറച്ചേ ബാക്കിയുള്ളൂ സുഹൃത്തേ '
------------------------------------------------------
മഴയിലിമ കുതിര്‍ന്നൂ, മൌനരാഗം പടര്‍ന്നു
വിനയമിടറി നിന്നൂ വിങ്ങലുള്‍പ്പൊങ്ങിടുന്നൂ
സദയമൊരു മൊഴിയ്ക്കായ്‌ കാത്തുനില്പ്പാണു ഞാനും
സമയമിനി കുറച്ചേ ബാക്കിയുള്ളൂ സുഹൃത്തേ '


സമസ്യ:  പരമേശ്വര ! നീയുണരേണമിനി..‌
------------------------------------------------------

കരമേറിയ പൂരണമപ്പടി ഞാന്‍
ശരവേഗമെടുത്തു വരും വഴിയെ
തിരിയുന്നു സമസ്യയിതെന്തു കഥ!
പരമേശ്വര ! നീയുണരേണമിനി..‌

അരുതമ്മ ചൊരിഞ്ഞിടുമല്‍പ്പ കണം
മരുഭൂമി നനച്ചു മറഞ്ഞിടുവാന്‍
പിരിയാതെ പുഴങ്കര തീര്‍ത്തമരാന്‍
പരമേശ്വര ! നീയുണരേണമിനി..‌


കതിരേശ്വരനും മണിമാലകളാ-
ലവനീശ്വരി തന്‍  മനമേറിയിതേ  
ഹിതമീശ്വരനും കനകം! പതിയാം
പരമേശ്വര, നീയുണരേണമിനി..‌


സമസ്യ:  മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ!
------------------------------------------------------

ചെണ്ടിട്ടുണര്‍ന്നു വനമുല്ലയുമല്ലിയെല്ലാ-
മിണ്ടല്‍ മറന്നു, പൊഴിവൂ കളകൂജനങ്ങള്‍
ചുണ്ടില്‍ വസന്തമിണചേര്‍ത്തവരെങ്ങുമെങ്ങും
മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ.

പണ്ടേ പറഞ്ഞു പിറവം  പടിയേറിയെന്നാല്‍
കൊണ്ട്വോയിടും 'കര കരേറിയ കപ്പലെ'ന്നും
കണ്ടോ തുറന്നു 'കുള','മപ്പെരിയാറു' കാര്യം
മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ!


തണ്ടല്ല, മിണ്ടിമറയുന്നതു നമ്മളല്ലേ
കണ്ടും പറഞ്ഞുമൊരുപാടു നടന്നതല്ലേ
ചുണ്ടില്‍ കൊരുത്ത നറുമുല്ലയടര്ന്നു പോലും!
മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ!

സമസ്യ: “രം നരം ല ഗുരുവും രഥോദ്ധത“
--------------------------------------------------------

പം.. പദം.. പദമുയര്‍ന്നു താഴവേ
തം.. തജം.. തകജ താളമിട്ടുടന്‍
കിം?.. കിലും.. കിളിയടുത്തു കൊഞ്ചിപോല്‍
“രം നരം ല ഗുരുവും രഥോദ്ധത“


രംഭയെന്മതി കരേറി നര്‍ത്തനം
രംഗ രാഗമതിഭാവനാ രസം
രംഭിതം മൊഴിയുമക്ഷരക്രമം
“രം നരം ല ഗുരുവും രഥോദ്ധത“

സമസ്യ:അടിവേരറ്റ മെലിഞ്ഞ പച്ചകള്‍.
---------------------------------------------------------

പടിയില്‍ തളരേണ്ട, കാടകം
ചൊടിയാര്‍ന്നങ്ങു പരിഷ്കരിച്ചു പോല്‍
ഒടുവില്‍ ഭഗവാനു ബാക്കിയാ-
യടിവേരറ്റ മെലിഞ്ഞ പച്ചകള്‍.

അടിവാരമുറങ്ങിയന്തിയില്‍
തുടിതാളങ്ങളൊടുങ്ങിയെങ്കിലും
തടിനീ ഹൃദയത്തിലിന്നുമു-
ണ്ടടിവേരറ്റ മെലിഞ്ഞ പച്ചകള്‍


സമസ്യ:മധുരമൊഴികളാലേ നിർജിതം സർവ്വലോകം
---------------------------------------------------------

കദനമൊഴിയുമീറന്‍ വാക്കു പൂത്തൂ നിലാവില്‍ 
ഹൃദയമിഴിതലോടീ വര്‍ണ്ണ ജാലം വിടര്‍ന്നൂ!
കരുണവഴിയുമോമല്‍ കാവ്യസൌഭാഗ്യമേ നിന്‍- 
മധുരമൊഴികളാലേ നിർജിതം സർവ്വലോകം




Monday, February 13, 2012

വാലന്‍റൈന്‍സ്




ഉണര്‍ന്നിടുന്നൊരാ ചുവന്ന പൂവിനെ
പുണര്‍ന്നൊരീറനും പൊഴിഞ്ഞു പോയ നാള്‍
മുറിഞ്ഞ തണ്ടുമായ് പുലരിയെത്തവേ
പറഞ്ഞിടാത്തതും പകര്‍ന്നു പാടിയേന്‍



അറിവു തീണ്ടിയെന്‍ കരളുടഞ്ഞതും
അതു തലോടി നിന്‍ വിരല്‍ മുറിഞ്ഞതും
നനുത്ത നീറ്റലായ് പടര്‍ന്നലഞ്ഞതും  
പറഞ്ഞ പാപത്തില്‍  പകുതി വെന്തതും
ഉലഞ്ഞ കാഴ്ചകള്‍ കഴുകി വീണ്ടുമീ-
യുടഞ്ഞ ചില്ലുകളടുക്കി വച്ചതും
അതില്‍ വികൃതമാം മുഖം ചമയ്ക്കുവാ -
നറിഞ്ഞിടാതെ നാം പകച്ചു നിന്നതും
വെറുത്തു വിങ്ങവേയിരുള്‍ പരന്നതും

പഴയ പുസ്തക ചുവരിലേയ്ക്കുത-
ന്നൊളിച്ചുറങ്ങുവാന്‍ കൊതിച്ചു പോകവേ
മറവിയാം മറുമരുന്നു പൂക്കുമീ -
യുറവതന്‍ കരയ്ക്കടിഞ്ഞുണര്‍ന്നതും.....
---------

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...