Saturday, May 29, 2010

സഖാ ത്വമേവ

കറ തീര്‍ന്നു, തമസ്സിലുദിച്ച നിലാ-
വറതോറുമിറങ്ങിയുലഞ്ഞൊഴുകീ
ഉറവാര്‍ന്നു വെളിച്ചവുമിന്നു മന-
സ്സറിയാതെ കരഞ്ഞു തെളിഞ്ഞു സഖേ

ചിറകെന്തിനു നീയറിവായ് തുണയാ-
യനുവേലമെടുത്തു പറന്നുയരേ
ഒരു തൂവലിനുള്ളിലൊതുങ്ങി വരും
നിറമേഴുമതിന്‍റെ നിഴല്‍ച്ചുഴിയും

കതിരെന്തിനു കാനന സന്ധ്യകളില്‍
കരിവീരസമേതമലഞ്ഞിടുവാന്‍
കനിവുറ്റ കരത്തിലിണങ്ങിടുമെന്‍
കനവും കനലൂര്‍ന്ന കരള്‍ത്തുടിയും

ഇറയത്തൊരു ചാറ്റലൊടൊത്തു മഴ -
ക്കുളിരെന്‍റെ വിളക്കുകെടുത്തിടവേ
അരുതെന്നു തടുത്തു കരം തരു,മീ -
തിരി തന്നെയെരിക്കിലുമെന്നറിവേന്‍

മിഴിയൊന്നു നിറഞ്ഞു തുളുമ്പിയതും
മൊഴിയായ് കിരണങ്ങളുതിര്‍ത്തതിലും
മഴവില്ലു വിടര്‍ത്തിയുണര്‍ത്തിയക-
ത്തഴകാര്‍ന്നൊരു പുഞ്ചിരികൊഞ്ചിയതും

നിറയും മുകിലില്‍ മമ ജീവനമോ
നിറവില്‍ പൊഴിയുന്നിതു നിന്‍ വരമോ
അറിയില്ലകതാരിലലിഞ്ഞഖിലം
പറയാനെളുതല്ല ഗുരുത്വബലം

Monday, April 12, 2010

കണിയുരുളി

കണിയുരുളി
-----------------
ഒരു കൊന്നപ്പൂവെനിക്കു കടം തരുമോ കാറ്റേ
കനവിന്‍റെയുമ്മറത്തു കണിയൊരുക്കാന്‍

ഒരു വെള്ളിത്തുട്ടെറിഞ്ഞു തരു, മുകിലേ,യെന്‍റെ-
ചെറുചെല്ലക്കൂട്ടിനുള്ളില്‍ കരുതിവയ്കാന്‍

വരിനെല്ലിന്‍ കതിരുമായ്‌ വരൂ കിളിയേ നമു-
ക്കൊരുമിച്ചു കൊഞ്ചിക്കൊഞ്ചിപ്പറന്നു പോകാം

അകലെയെങ്ങാനുമൊരു കണിവെള്ളരി,യാരു-
മറിയാതെ കാത്തുകായ്ച്ചു കിടക്കുന്നുണ്ടാം

നറുതേന്‍വരിക്കപ്ലാവാ,ക്കിളിച്ചുണ്ടനും മനം-
നിറയുന്ന മധുരത്താല്‍ പൊതിഞ്ഞിട്ടുണ്ടാം

വരുമെന്നു തിട്ടം നിനച്ചിരിക്കുന്നപോല്‍ കാവില്‍-
കുരുക്കുത്തിമുല്ലപ്പൂക്കള്‍ വിടർന്നിട്ടുണ്ടാം 

കുറിയവാല്‍ക്കണ്ണാടിയിലൊളിച്ചിരിക്കും കൊച്ചു-
കുറുമ്പത്തി പലവട്ടം വിളിച്ചിരിക്കാം

ചുളിവീണകയ്യാല്‍ കാറ്റും തടുത്തീറനാം രാവില്‍
തെളിദീപമെരിച്ചാരോ ജപിക്കയാവാം

കാല്‍പൊന്നിന്‍ തിളക്കവും കസവുമേകാന്‍ കാലം
നൂല്‍ ചരടില്‍ കൊളുത്തി വലിക്കും നേരം

മനസ്സിന്‍റെ നിലവറയിലടിയിലെങ്ങോ പൊടി-
പിടിച്ചൊരു കണിയുരുളി തുടിച്ച നേരം

ഇടറാതെ വീണ്ടുമെങ്ങനുയര്‍ന്നു കണ്ണാ നിന്‍റെ
ഇടയ സംഗീതം കനവിടമുറിക്കാന്‍

ഇടറാതെ വീണ്ടുമെന്തിനുയര്‍ന്നു കണ്ണാ നിന്‍റെ
ഇടയ സംഗീതം കനവിടമുറിക്കാന്‍!

Sunday, February 14, 2010

സമയവാഹിനി

ഒഴുകി നീങ്ങുന്നിതെന്നുമെന്നും, മനം
തഴുകി മെല്ലെ ചിരിച്ചും പിണങ്ങിയും
പഴയ രാവിന്‍ തണുപ്പേന്തിയും മുദാ
പുതിയ തീരങ്ങള്‍ തേടിയും പായവേ
പിറകിലോടുന്നു ജന്മാന്തരങ്ങളും
പ്രണവമന്ത്രവും പ്രളയകാലങ്ങളും.
മധുരമാര്‍ന്നെത്തുമീ നിമിഷങ്ങളും
വിധുരമായ്‌ കവര്‍ന്നായുന്നു പ്രേയസി.

ഒരു തുടക്കം കുറിക്കും കണക്കുമാ-
യളവുകോലും പിടിച്ചുവന്നേ ചിലര്‍
പിടിതരാത്ത നിന്‍ ചൊടിയാര്‍ന്നൊഴുക്കിനെ
തടയിടാന്‍ കൊതിയാര്‍ന്നവരെത്ര പേര്‍
ഇതു നിലയ്ക്കാനടുത്തുവെന്നും ചിലര്‍
ഇമകള്‍ പൂട്ടി തപം ചെയ്തു പോയവര്‍
അവരെയൊക്കെയും ചേര്‍ത്തലച്ചങ്ങനെ
കവിത പോലീയൊഴുക്കില്‍ പതുക്കനെ

നിന്നെയൊന്നറിഞ്ഞീടുവാന്‍ വന്നവര്‍
നിന്നിലേ മുങ്ങി വിസ്മയം കണ്ടു പോല്‍
നീ കൊടുത്തൂ മഹാ പുരാണങ്ങളും
നേരു തേടുവാന്‍ വേദ പ്രമാണവും
ചെറു വിരല്‍പ്പാടമര്‍ന്നു കാണുന്നതാം
നറു ശിലാ ലിഖിതങ്ങള്‍, ചരിത്രവും
പ്രണയ ഗാഥകള്‍, പണയ കാണ്ഡങ്ങളും
പുനരുതിര്‍ന്ന മഹായുദ്ധ ശംഖൊലി.
കുരിശിലെന്നും തറഞ്ഞു പോം നന്മകള്‍
പിറവി ഘോഷിച്ചുറങ്ങും പുലരികള്‍

നിന്നിലില്ല പോല്‍ പുണ്യ പാപങ്ങളും
നീയൊരമ്മയെപ്പോലെ സ്നേഹാര്‍ദ്രയായ്‌
തിരുമടിത്തട്ടിലാര്‍ന്നു രാജാക്കളും,
പ്രജകള,ശ്വങ്ങള,ശ്വമേധങ്ങളും
സകല മന്ത്രങ്ങളും ചേര്‍ത്തുരുക്കുമാ
സമരതന്ത്രങ്ങള്‍ , സങ്കടച്ചാലുകള്‍
ഹൃദയ മോതിരം ഭക്ഷിച്ച മീനുകള്‍*
അഭയമേകാതുപേക്ഷിച്ച മാനസം
ഉണ്മയേറുന്നോരാശ്രമ വാടികള്‍
നന്മയാല്‍ കണ്ണുനീരൊപ്പുമമ്മമാര്‍

കുറിയ ചിപ്പുകള്‍ക്കുള്ളിലും കണ്ടവര്‍
കലിയുഗത്തിന്‍റെ കൈയൊപ്പുരേഖകള്‍
അമ്മതന്‍ മടിത്തട്ടില്‍ നിന്നാഞ്ഞു പോ-
യമ്പിളിക്കലയുമ്മ വയ്ക്കുന്നവര്‍
അരിയ തന്‍ വല നെയ്തുനെയ്തങ്ങതില്‍
അറിവു പാറിപ്പറത്തുന്ന വമ്പുകള്‍

ഇടയിലെന്നും തളിര്‍ക്കും മരങ്ങളും
കടപുഴക്കുന്ന കാറ്റിന്‍ തിടുക്കവും
വിശ്വമേ വെളിച്ചം തന്നു നീറുമാ-
കൊച്ചു സൂര്യനും താരാപഥങ്ങളും
അതിനുമപ്പുറത്തെന്തോക്കെയോ നിന്‍റെ-
യുറവകള്‍? കണ്ണിലേറാത്ത കാഴ്ചകള്‍
അവിടെ ദൈവമെന്നോതുന്നു ഞങ്ങളും
അതു രുചിച്ചു നീ കൊഞ്ചി ചിരിച്ചുവോ

ഒന്നു മാത്രം ശ്രവിച്ചു ശ്രദ്ധിച്ചു ഞാന്‍
നിന്നിലൂറുന്നു ജീവന്‍ യുഗങ്ങളായ്‌
അലയൊടുങ്ങി നീരാവിയായ്‌ പോകിലും
തിരികെ വീഴുന്നു ദാഹ മോഹങ്ങളില്‍
ഇതു പുനര്‍ജനി തന്നെയോ, ഞങ്ങളാ
പൊരുളു തേടിത്തളര്‍ന്നവരല്ലയോ

സമയമേ നിന്‍റെയീണങ്ങളില്‍ ലയിച്ചു-
ണരുമെന്നുമെന്നീറന്‍ ചിലമ്പുകള്‍


*ശാകുന്തളം

Wednesday, February 10, 2010

പകലിലേക്ക്

പറയുവാനേറെയുണ്ടെങ്കിലും സഖേ
പകുതി ചൊല്ലി പിരിഞ്ഞു പോകുന്നിതേ
കനവു പാതിയില്‍ വിട്ടുണര്‍ന്നെ,ന്തിനോ
കതിരു വന്നു വിളിക്കുന്നു പിന്നെയും
വെയിലൊതുങ്ങി തിരിച്ചു നിന്‍ കൂട്ടിലേ-
യ്ക്കൊടുവിലെത്തുവാന്‍ യാത്രയാകട്ടെ ഞാന്‍
ഒരു തിരച്ചാര്‍ത്തിലീ വിരഹത്തിനും
കര പുണര്‍ന്നിടാനാമോ കവിതയായ്‌?

Monday, February 8, 2010

ചിലമ്പൊലി

ആരു തൊട്ടാലും വിതുമ്പുന്ന വീണയൊ-
ന്നാ മരച്ചോട്ടില്‍ കിടന്നിരുന്നു
കാറ്റുമ്മ വച്ചു പോയ്‌, കേട്ടതോ പാട്ടിന്‍റെ
നേര്‍ത്തൊരു ശ്രീരാഗമായിരുന്നു

താരകള്‍ താഴേയ്ക്കിറങ്ങി വന്നോ രാഗ-
ഭാവമായ്‌ താലം നിറച്ചു തന്നോ
ആവണിക്കാലം തിരിച്ചു വന്നൂ മര-
മാകെ തളിര്‍ത്തു രസിച്ചു നിന്നൂ
വണ്ടുകള്‍ മൂളിപ്പറന്നു വന്നൂ മലര്‍-
ച്ചെണ്ടുകള്‍ പുഞ്ചിരിയിട്ടുണര്‍ന്നൂ
മേലെയാരോ മഴ ചാറ്റുതിര്‍ത്തായതില്‍
കാലവും താരാട്ടു പെയ്തു നിന്നൂ
നോവാതെ, നോവിലും നോവാതെ വീണ്ടുമാ
വീണയില്‍ ഗാനം തുടിച്ചുയര്‍ന്നു.

കാറ്റേറ്റു വാടൊല്ലേ യേറും മഴച്ചാറ്റി-
ലൂറ്റം തകര്‍ന്നു മണ്ണേറ്റിടൊല്ലെ
നേരേ മിനുക്കിത്തുടച്ചെടുത്തൂ വീട്ടി-
ലാരോ വിളക്കിന്നടുത്തു വച്ചൂ
തന്‍ നൂല്‍ വിളക്കി ചമച്ചെടുത്തേനതില്‍
പൊന്‍ചിലമ്പേ തീര്‍ത്തൊരുക്കി വച്ചു
താളമാണെല്ലാം തിളങ്ങട്ടെ, കൊഞ്ചട്ടെ
മേളമായ് ചുറ്റും നിറഞ്ഞിടട്ടെ

നോവിന്‍റെ തന്ത്രികളില്ലാതെ വീണയില്‍
ജീവന്‍ തുടിച്ചില്ലു,ണര്‍ന്നില്ല പോല്‍
ആരു തൊട്ടാലും വിതുമ്പാ,തനങ്ങാതെ-
യാ മണിക്കൂട്ടില്‍ പൊലിഞ്ഞു പാവം!

Saturday, December 12, 2009

മുക്തകങ്ങള്‍ - വന്ദനം

അൻപേറുന്നമ്പിളിക്കും, തിരുജടയിടയുള്‍ക്കൊണ്ടിടും ഗംഗയാള്‍ക്കും
വന്‍പേറും പാര്‍വതിക്കും നലമൊടു മരുവും നന്ദി, ഭൂതാദികള്‍ക്കും
മുന്പേറും വിഘ്നമാറ്റും ഗണപതി ജയവും , കാവടിച്ചിന്തുമായി-
ട്ടെന്‍പാട്ടും പാടി വന്നേനടിമലരിണയില്‍ കുമ്പിടുന്നേന്‍ ശിവോഹം
- സ്രഗ്ദ്ധര

ഇമ്പം ചേര്‍ത്തുകൊരുത്ത പൊന്‍കറുകയ,ക്കൊമ്പന്നു ചാര്‍ത്തിക്കുവാന്‍
തുമ്പിപ്പെണ്ണു പറന്നതും വഴിയിലമ്പമ്പോ കൊടുങ്കാറ്റുകള്‍
തുമ്പിക്കൈയ്യതു നീട്ടിവന്നിവളെയാ തുമ്പാലുയര്‍ത്തീടുമോ
പമ്പയ്ക്കിക്കരെയാണു ഞാന്‍ കനിയണേ കുംഭോദരാ പാഹിമാം

എന്നാളും മമ ദീപമാണരികിലായ്‌ തന്നേ നിറഞ്ഞീടണം
നിന്നില്‍ തൊട്ടു പിറക്കണം പുലരികള്‍ നീയേ ശിവം ശാന്തിയും
മിന്നിപ്പൊങ്ങിടുമുള്‍ഭ്രമച്ചിറകുകള്‍ ചിന്നിപ്പൊലിഞ്ഞീടണം
പിന്നെപ്പുല്‍കിയുണര്‍ത്തണം വഴികളില്‍ രാമായണം മോക്ഷദം

കൊല്ലാനോങ്ങിയ വില്ലനന്നൊരുവരം നല്കീ മുനിപ്പ്രൌഢന-
ങ്ങെല്ലാ മോഹവുമൊന്നുപോല്‍ പൊലിയുമാ ശ്രീരാമ മന്ത്രാക്ഷരം
ചൊല്ലീ വന്നിടുമീവഴിക്കൊരുദിനം, നല്കീടുവേന്‍ മോക്ഷ, മ-
ക്കല്ലില്‍ മെല്ലെയുയര്‍ന്നു ഹാ! കവചമൊന്നെന്നും സ്മരിക്കുന്നു ഞാന്‍

മേടക്കാറ്റിലുതിര്‍ന്നുവന്നരികിലന്നോരോ പദം, കേട്ടു ഞാ-
ങ്കൂടെച്ചെന്നൊരു പാട്ടു,മന്നടയിലെന്‍ കാണിക്കയിട്ടോടിനാന്‍
പാടിച്ചീടുവതിന്നിവള്‍സവിധമപ്പാടം കടന്നെത്തി നീ
മാടപ്പള്ളിയില്‍ വാഴുമമ്മയലിവിന്‍ ശ്രീരാജരാജേശ്വരി.

പുത്തന്‍ ചാണകമിത്തരത്തിലുരുളയ്ക്കൊപ്പം പിടിച്ചിന്നു നീ
കത്തും സൂര്യ തപത്തിലേ കരുതണം, തച്ചിന്നുണക്കീടണം
എത്തീടും ശിവരാത്രി തന്‍ പുലരിയില്‍ കത്തിച്ചുടച്ചെങ്കിലോ
സത്യം കൈവരുമന്നു ചെങ്കനലതില്‍ ഭസ്മം ശിവം സുന്ദരം.

വീടെന്തിന്നതിലേറെ വന്‍പിയലുമിപ്പൂമെയ്‌ പകുത്തേകിടാം
കാടും ചുറ്റി നടന്നിടാം തളരുകില്‍ ഗംഗാജലം നല്കിടാം
ആടുംനാഗവു,മമ്പിളിക്കലയുമൊത്താനന്ദമായ്‌ വാണിടാം
ചൂടിക്കാമനുഭൂതിഭൂതികളുമിച്ചോടൊത്തുണര്‍ന്നാടിടാം

-(ശാര്‍ദ്ദൂലവിക്രീഡിതം)

ഇടയ്ക്കയില്‍ തുടിച്ചുണര്‍ന്നതെന്‍റെ സങ്കടങ്ങളാ -
ണിടയ്ക്കതൊന്നു കേട്ടിടാന്‍ മടിച്ചുനിന്നതെന്തു നീ
കടുത്ത കാറ്റടിക്കവേ തടുത്തു വന്നടുത്തു, ഞാന്‍
നടയ്ക്കു വച്ച നൊമ്പരം കെടുത്തിടാതെടുക്കുമോ

-(പഞ്ചചാമരം)

Friday, December 11, 2009

മുക്തകങ്ങള്‍ - സൗഹൃദം

പാടം തകര്‍ത്തു മട പൊട്ടിപ്പുളഞ്ഞൊഴുകി, ഞാനെന്തു ചെയ്വു കിളിയേ
ചോടട്ടുപോയി മമ ഞാറൊക്കെയും കതിരുകാണാതുറങ്ങി വെറുതേ
പാടേ കൊഴിഞ്ഞ പടു സ്വപ്നങ്ങള്‍ ചിക്കി തവ നേരം കളഞ്ഞിടുകയോ
പാടിപ്പറന്നിടുക, ദൂരേ തിരഞ്ഞിടുക കാലം തരട്ടെ തിനകള്‍

കാറ്റില്‍പടര്‍ന്നതൊരു പാട്ടിന്‍ കളിമ്പമതിലാര്‍ത്തുല്ലസിച്ചു കിളികള്‍
നീറ്റല്‍ മറന്നു, മുകിലൂറ്റം പൊഴിച്ചു നെടുവീര്‍പ്പിട്ടുടഞ്ഞൊരിരവില്‍
ചാറ്റല്‍ നനഞ്ഞു കളിയേറ്റം തുടര്‍ന്നു, വഴിപോലും മറന്നലയവേ
തോറ്റം വരുന്നതിനൊടൊപ്പം പറന്നിടുക കൂട്ടില്‍ തിരിച്ചണയുവാന്‍

-മത്തേഭം


വന്നു നിന്നു, മനമൊന്നുലഞ്ഞു, മിഴി തന്നിലൂര്‍ന്നരിയ നോവുകള്‍
മുന്നമന്നു മമ ജീവനില്‍ കവിത പെയ്തുണര്‍ന്ന കനവിന്‍ നിഴല്‍
പിന്നിലിന്നു കനലൊന്നെരിഞ്ഞു , പടി തന്നിലീ തിരി തെളിച്ചു നീ
തന്നതില്ല, അതിനു മുന്‍പ് തന്നെ വെറുതേ നടന്നു മറയുന്നുവോ


മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...