Saturday, March 19, 2011

വിഷുപ്പക്ഷി

വെട്ടം പോയ്‌ മുകിലൊട്ടുവാടിയുടലില്‍തൊട്ടിട്ടുടഞ്ഞീടവേ
ഞെട്ടീ കൊന്ന, കുളിര്‍ത്തുലഞ്ഞു മിഴിയും നട്ടങ്ങിരിക്കുന്നിതാ
എട്ടും പൊട്ടുമറിഞ്ഞിടാതെ കടവിന്‍ തിട്ടയ്ക്ക് പൂവിട്ടൊരീ
പൊട്ടിപ്പെണ്ണിനു കൂട്ടിരുന്നു വെറുതേ പാട്ടൊന്നു പാടട്ടെടോ.

Tuesday, March 8, 2011

തിരക്കില്‍

തിരക്കിട്ടിറങ്ങിത്തിരിച്ചൊട്ടു നിന്നും
തിടുക്കത്തിലെന്തോ മറന്നെന്നതോര്‍ത്തും
കലങ്ങും മിഴിക്കോണടച്ചും  നിറച്ചും
കനപ്പെട്ടു കാതങ്ങളെന്നും കടന്നേന്‍

വരിച്ചില്ല നിന്നെ, വരിക്കാതെ വയ്യെ-
ന്നുരച്ചിട്ടുമില്ല, വരം തേടിയില്ല .
വെറുക്കാതുടക്കാതെയെന്തിന്നടുത്തി-
ട്ടിടയ്ക്കിന്നു കാലൊച്ച കേള്‍പ്പിച്ചിടുന്നൂ

കിലുക്കം ശ്രവിക്കാതെ കര്‍ണ്ണം പൊതിഞ്ഞും
കടക്കണ്ണുടക്കാതിരിക്കാന്‍ പഠിച്ചും
പിടയ്ക്കും ഹൃദന്തം മറച്ചും കിതച്ചും
പറക്കുന്നു ഞാനെന്നെയെങ്ങോ കളഞ്ഞും

വിടര്‍ത്തുന്നു പൂക്കള്‍ നിനക്കായ്‌ വസന്തം
വിളിക്കുന്നു പിന്നില്‍ മടങ്ങാത്തതെന്തേ?
മഴക്കാറ്റിലീറന്‍ ചിലമ്പിത്തെറിയ്ക്കെ-
മറിച്ചെന്തു ചൊല്ലാന്‍, കടപ്പെട്ട ജന്മം

വിറയ്ക്കുന്നു കൈകള്‍, വെളിച്ചം കടക്കാ-
തടയ്ക്കട്ടെ വാതായനങ്ങള്‍ വിമൂകം
വെളുക്കുന്നതിന്‍ മുന്പുറങ്ങ്ട്ടെ, നേരം
വെളുത്താലുമില്ലെങ്കിലും പോയ് വരേണം

തിടുക്കത്തിലെന്നും പിറക്കും ദിനങ്ങള്‍
മടക്കങ്ങള്‍ വൈകും മനസ്സും മടിക്കും
വഴിക്കണ്ണുമായി വൃഥാ നിന്നിടൊല്ലേ
മൊഴിച്ചാര്‍ത്തു തേടി ചരിക്കൂ മറക്കൂ

Saturday, February 12, 2011

ഉണര്‍ത്തുപാട്ട്

ഉണരുമോ കുഞ്ഞിപ്പൂവേ ഉഷസ്സിന്‍റെ മടിത്തട്ടി--
ലുദിക്കുമോ നിറമേഴും കിളിചോദിപ്പൂ

ഒരിക്കല്ക്കൂടൊരിക്കല്‍ക്കൂടൊരുപാട്ട് പാടിപ്പോകാം
പലരേറ്റുപാടി നിന്നെയുണര്‍ത്തുമെങ്കില്‍

ഉണരുമോ കുഞ്ഞിപ്പൂവേ ഉഷസ്സിന്‍റെ മടിത്തട്ടി--
ലുദിക്കുമോ നിറമേഴും കിളിപാടുന്നൂ...

ചിരിക്കുടം വിടര്‍ത്തുന്നൂ വഴിവല്ലരിക്കുരുന്നും
മറയ്ക്കുവാന്‍ ശ്രമിക്കുന്നൂ പുഴുക്കുത്തുകള്‍

മറക്കുവാനാകുന്നില്ലെന്നലയ്ക്കുന്നു പൂമ്പാറ്റകള്‍
പറക്കുന്നു വിണ്ണില്‍ നിന്നെ തിരഞ്ഞെന്നോണം

തലതാഴ്ത്തി വിളക്കണച്ചുറങ്ങുവാന്‍ പോയീ സൂര്യന്‍
തനിച്ചായി താമരകള്‍ മിഴിപൂട്ടുന്നൂ

പുലരിയെങ്ങെങ്ങോ നില്ക്കേ മലയിറങ്ങിയെത്തുന്നൂ
പുതിയ ചെന്നായക്കൂട്ടം പതിവു പോലേ

വിരിഞ്ഞതില്ലതിന്‍ മുന്‍പേ കൊഴിച്ചതെന്തെന്തേ വീണ്ടും-
വിതുമ്പുന്നു ദലങ്ങളീ തൊടികള്‍ നീളേ

മറക്കുവാനാകുന്നില്ലെന്നലയ്ക്കുന്ന പൂമ്പാറ്റകള്‍
പറന്നിറങ്ങുന്നൂ നോവില്‍ കുളിരൂറുന്നൂ

മുകരുന്നൂ പൂമ്പൊടികള്‍ വിതറുന്നെമ്പാടും നാളെ
തളിര്‍ക്കും പൊന്‍പൂമനസ്സീ ചതുപ്പിലെല്ലാം

വിടരും നെയ്യാമ്പലായി, വിശുദ്ധ സൂനങ്ങളേകും
വിഭാതസന്ദേശമന്നു നഭസ്സറിയും

വിറയ്ക്കട്ടെ നരിച്ചീറും, കഴുകനും കാട്ടാളനും
മറയട്ടെ ഭൂവില്‍ നിന്നീ മദപ്പാടുകള്‍

കളഗാനമുണരട്ടെ,യഴിഞ്ഞ കാര്‍കൂന്തലുകള്‍
അളിവേണിയൊരുക്കട്ടെ,യരങ്ങേറട്ടെ

തളയ്ക്കട്ടെയഴിയ്ക്കുള്ളില്‍ ദുഷിച്ച കൈകളെ, മണി-
വളയിട്ട കയ്യില്‍ ദീപം പകര്‍ന്നാടട്ടേ

തിരിനീട്ടിയിരുള്‍ഭേദിച്ചുയരുമ്പൊളൊരുനാളും
മരിക്കാത്ത വെളിച്ചത്തില്‍ പുലരും കാലം

പദതാളമതിഘോഷമുയരുമ്പോളൊരുനാളും
നിലയ്ക്കാത്ത നാദത്തിലലിയും ലോകം

----------------------


Saturday, November 13, 2010

പരിഭവക്കാഴ്ചകള്‍

ഒരു തുലാവര്‍ഷ ഗദ്ഗദം കാറ്റിലൂ-
ടൊഴുകിയെത്തീടുന്നു  ചാരേ 
പറയാതെ പറയുന്ന  പരിഭവത്തുള്ളികള്‍
പകലിലേയ്ക്കിറ്റുന്ന പോലേ 
നിന്നരിയ മോഹഭംഗങ്ങളില്‍ സൂര്യനി-
ന്നൊന്നുമുരിയാടാതെ നിന്നൂ
ശ്യാമാംബരത്തില്‍ മുഖം ചേര്ത്തൊളിപ്പിച്ചു
വേദനിച്ചേ മാഞ്ഞിടുന്നൂ
*****

ഭൂമി: ----

എത്ര വര്‍ഷങ്ങള്‍ തപം ചെയ്തിരുട്ടിലൂ -
ടെത്രയോ തേടിത്തളര്‍ന്നു
ജീവന്‍ തുളുമ്പും വെളിച്ചമായെന്തിനാ -
നോവിന്‍ വിരല്‍ത്തുമ്പു തൊട്ടു ?
ഉള്ളം തുടിച്ചുപോയാദ്യമായ് പിന്നെ നി-
ന്നുള്ളിലേയ്കെത്തുവാന്‍ മോഹം
നീ വരച്ചൂ രേഖ ചുറ്റിലും ഞാനതില്‍
നീളേ കറങ്ങിത്തിരിഞ്ഞു
നേരറിയുന്നില്ലയെന്നുതോന്നും വഴി-
യ്ക്കോരോന്നു ചൊല്ലി കരഞ്ഞൂ

സൂര്യന്‍: ---

തീരാത്ത യാത്രകള്‍ക്കുള്ളിലാണെങ്കിലെ -
ന്തോരോ വസന്തവും പുണ്യമല്ലേ
വാരിപ്പുണര്‍ന്നിടാനാവില്ല പൂവുടല്‍
വേവില്ലയോ നെരിപ്പോടല്ലയോ?
നൂറു വര്‍ണ്ണങ്ങളില്‍ നേര്മ്മയായ് തൂവേര്‍പ്പി-
ലൂറൂന്നോരൂഷ്മള ഗന്ധമായും
ഉള്ളറിഞ്ഞും നിന്‍ മടിത്തട്ടിലെ തിര-
ത്തള്ളലില്‍ ജീവന്റെ വിത്തെറിഞ്ഞും
ഓരോ തളിരിലും മുത്തമിട്ടും തുടി-
ത്താളം നിറച്ചും നിറം പകര്‍ന്നും
നിത്യമൊരേ രാഗ സഞ്ചാര പാതയില്‍
നിന്നിലെത്തുമ്പോള്‍, പിണങ്ങിടാമോ?

ഭൂമി: ----

കാലങ്ങളിമ്മട്ടുതിര്‍ന്നുപോമെങ്കിലും
ജാലം നിറഞ്ഞതെന്നാലും
നീറിപ്പുകഞ്ഞേയുരുക്കും വെയില്‍ തന്നെ
നീല നിലാവില്‍ നിറച്ചും
മിന്നുന്നു നന്മയായുണ്മയായെന്നുമെ-
ന്നുമ്മറത്തുള്ളൊരാ ദീപം
കണ്ണുനീരാല്‍ ശുദ്ധി ചെയ്യുവാനോ മനം
പിന്നെയും വിമ്മിക്കരഞ്ഞു
മൂകമെന്നാലും പ്രണയാര്‍ദ്രമെന്നുമീ-
യേകപ്രപഞ്ച പ്രയാണം
മിഴിതുടച്ചൊന്നെത്തിനോക്കുകില്‍ കനിവിന്റെ-
യുറവകള്‍ കൈനീട്ടിയെത്തും
അകലെനിന്നകലെനിന്നെങ്കിലും ധുരമാ-
മനുരാഗകുങ്കുമം നല്‍കും
*****

അടരുന്നോരവസാന നീര്‍മണിയിലാകാശ -
മതിമധുരമായ് പുഞ്ചിരിക്കെ
മുളപൊട്ടി വീണ്ടും കിളിര്‍ക്കുന്നു മണ്ണിന്റെ -
മൃദുല സങ്കല്‍പ്പങ്ങളെല്ലാം
--------------------------------------------

Friday, September 24, 2010

കൃഷ്ണപക്ഷം

നീലക്കാര്‍മുകിലഞ്ജനം തൊടുവിരല്‍ത്തുമ്പാലെടുത്തോമലേ
ചേലില്‍പ്പീലിയൊരുക്കിയിന്നെഴുതിടാം ചാരത്തണഞ്ഞീടുകില്‍
മേലില്‍ തിങ്ങിനിറഞ്ഞിടൊല്ലതുലമപ്പൂന്തേന്‍മിഴിക്കോണുകള്‍
പാലിക്കേണ്ടവനല്ലി മൂവുലകവും കോലക്കുഴല്‍ പാട്ടിനാല്‍

****
ഓടത്തണ്ടിലൊളിഞ്ഞിരുന്ന നിനദം, താനേ മറന്നിന്നിതാ

പാടിപ്പാടിയുയര്‍ന്നു നിന്‍ സഖികളെത്തേടുന്നതും കണ്ടുനീ
വാടിക്കുള്ളിലിരുന്നതില്ലിവിടെ ഹാ! വാസന്തവും വന്നിതാ
ചൂടിച്ചേനൊരു പിച്ചകം, വരികെടോ വാടൊല്ലെ നിന്‍മാനസം

*****


ഏവം പോകുവതെങ്ങു നിന്‍പ്രിയതരം വൃന്ദാവനം കേഴുമി-
പ്പാവം പൈക്കളുമെങ്ങളും തകരുമക്കാളിന്ദിപോയ് ചേര്‍ന്നിടും
നോവിന്‍ ശംഖൊലി കേള്‍ക്കിലും തിരികെയില്ലാരും വിളിക്കില്ല നിന്‍-
ഭാവം വാടിടുമെന്നതോര്‍ത്തു, സഹിയാതേകുന്നു തേ മംഗളം

Monday, August 23, 2010

ഓണപ്പൂവിളി.

ഓണപ്പൂവിളി കേട്ടുവോ, വഴിയിലായെന്തോര്‍ത്തു മുക്കുറ്റികള്‍
കാണെക്കാണെ വിടര്‍ന്നിടുന്നരളിയൊന്നായുന്നതിന്നീണമോ
നാണം കൊണ്ടു ചുവന്നു തെച്ചി, ചിരിയാല്‍ തുമ്പക്കുടം പൊട്ടിയി-
ന്നോണച്ചാറ്റലുതിര്‍ത്തു പൂമ്പൊടികളെന്‍ കണ്ണില്‍ കുടുങ്ങുന്നുവോ.

Saturday, August 14, 2010

ചിത്രം

മെച്ചമാം നിറങ്ങളാ, പിച്ചകത്തൂവെള്ളമേല്‍-
കൊച്ചിളം കയ്യാലന്നും കലങ്ങി തെളിയവേ
"ചിത്രമാണത്രേ!, യെന്തിന്നിത്രയും വാരിത്തൂകി
വൃത്തികേടാക്കുന്നു നീ ചുറ്റുപാടെല്ലാം കണ്ണാ."
"ഉടനേ നോക്കുന്നതെന്തിടയില്‍ കാട്ടീടുകി-
ല്ലൊടുവില്‍ തരില്ലയോ? പൂര്‍ത്തിയാകട്ടെന്‍ ചിത്രം."
ചിരിച്ചേനഞ്ചായതേയുള്ളിവനമ്പത്തന്ചിന്‍-
ഗൌരവം!, നടക്കട്ടേ വരയും നിറക്കൂട്ടും.
-----------
അള്‍ജസീറ*യില്‍ വെള്ളപ്പൊക്ക ദൃശ്യങ്ങള്‍ കഴി-
ഞ്ഞുള്‍ഭയം വളര്‍ത്തിടും വാര്‍ത്തകള്‍ തുടരുന്നൂ
പട്ടിണി മരണങ്ങള്‍, യുദ്ധഭൂമികള്‍, കാട്ടില്‍ -
ചുട്ട ദേഹങ്ങള്‍ , കത്തിക്കരിയും കിനാവുകള്‍
അധികാരികള്‍ പാടും ജയഗീതികള്‍ , കൂട്ടി-
ന്നകമേയധികരിച്ചുയരും കലാപങ്ങള്‍
ഇലകള്‍, മൃഗങ്ങളെ, നദിയെ, പോറ്റുന്നൊരീ ,
യിളയെപ്പോലും വെല്ലും മാനവന്നിതേ വിധി
തുണയാകിടെണ്ട തന്‍ സോദരന്‍ വധിച്ചിടും
കുലവും മുടിച്ചിടും സ്വയമേയൊടുങ്ങിടും
"കിടക്കും മുന്നേ, മാറ്റാം നമുക്കീ ചാനല്‍, കണ്ടാ -
ലുറക്കം വരില്ലെന്തേ ഭയചിത്രങ്ങള്‍ മാത്രം "
"മൂവിയല്ലിതു മുന്നില്‍ നടക്കും വിശേഷങ്ങള്‍
മൂഢയായ് കണ്‍പൂട്ടിയിന്നുറക്കം നടിക്കാമോ? "
"മതിയാക്കുമോ പ്രിയാ,മറക്കാം കുറച്ചിട,
മരുന്നിന്നൊരിത്തിരി ഫലിതം തിരഞ്ഞിടാം"
-----------
"വിഷമം പാടില്ലിതാ നിനക്കെന്‍ സമ്മാന,മീ-
മഷിയൊട്ടുണങ്ങിടും പുത്തനാം പടം നോക്കൂ "
നിറമേയുള്ളിക്കൂട്ടില്‍ പടമെങ്ങെന്നേ തോന്നീ,
"പറയൂ നീ തന്നെനിക്കറിയില്ലിതിന്‍ പൊരുള്‍"
"അറിയില്ലെന്നോ? നിനക്കറിയേണ്ടതല്ലയോ?
അറിയാത്തവര്‍ കാണില്ലധികം നിനയ്ക്കുകില്‍ "
'സുല്ല്, സുല്ലെ,ന്നേ ചൊല്ലാം, ചൊല്ലു നീതന്നെ,ന്നുണ്ണി
തെല്ലുമെന്നുള്ളില്‍ തോന്നുന്നില്ലിതിന്നര്‍ത്ഥം കഷ്ടം !'
കവിത കഥകളോ ചിത്രമായാലും സത്യം
പുതുമ ദഹിക്കുവാന്‍ വളരുന്നില്ലീ മനം.
"ശരി, കേട്ടുകൊള്‍‍കിതു സര്‍വവും ദഹിപ്പിക്കും,
മരണം വിതച്ചിടും ബോംബുതാ,നുരച്ചവന്‍
"നടുവില്‍ കറുപ്പ് നീ കണ്ടതില്ലയോ? പുക-
ച്ചുരുളാണതിന്‍ ചുറ്റും, തിളക്കം പ്രകമ്പനം !
നിറമേയുണ്ടാവുള്ളൂ, പൂക്കളും , പൂമ്പാറ്റയും
നമ്മളും കരിഞ്ഞു പോം, 'ശരിക്കും ബോംബാണിവന്‍'
ശരിക്കും ബോംബാണമ്മേ, വരയ്ക്കുമ്പൊഴേ പൊട്ടി-
തകരുന്നിതിന്നടുത്തവശേഷിക്കില്ലൊന്നും"
നടുങ്ങിപ്പോയോ മനം കുരുന്നേ നിനക്കെന്തേ
പിടയും നിറങ്ങളില്‍ തെളിഞ്ഞൂ കൌതൂഹലം
വാടിയാ മുഖം , ചൊന്നേന്‍ "ക്രൂരമെന്നാലും ഞാനീ
നാടിതിന്‍ നേരല്ലയോ വരച്ചൂ , പിണങ്ങൊലാ ."
-----------
"ഉറങ്ങൂ പറഞ്ഞിടാം , പണ്ടൊരു മഹാബലി
മറഞ്ഞൂ പാതാളത്തില്‍, വരുവേനോണത്തിനും".
-----------


*അള്‍ജസീറ-ഒരു ന്യൂസ്‌ ചാനല്‍ ‍ ‍ ‍

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...