Friday, November 18, 2011

മുല്ലപ്പെരിയാര്‍


ഒരുപാട് മഴക്കാലത്ത്‌ വേണ്ടെന്നു വച്ച കവിത അറിയാതെ ഞാനെഴുതിപ്പോയത്‌ ഈ തുലാമാസത്തിലാണ്.
അതും കഴിഞ്ഞാണ് ഭൂമി ആളെ കുലുക്കി ഉണര്‍ത്തിയത്.
ചെറിയ ഡാമുകള്‍ പൊട്ടിച്ചു മുഖം കഴുകിച്ചത്.
എന്നിട്ടും നിങ്ങള്‍ ഏതു അന്സ്തെഷ്യയുടെ മയക്കത്തിലാണ്?
എനിക്ക് കൂടി തരുമോ ആ മയക്കു മരുന്ന്?
മരിച്ചാലും മരിക്കാത്ത മയക്കത്തിനെ കുറിച്ച്  ഒരു കവിത കൂടി എഴുതിയിട്ട് വേണം വേദനിക്കാതെ മരിക്കാന്‍....................
--------------------------------------------------------------

മാനമാകെയിരുണ്ടു തുടങ്ങീ
കോളുകാണ്കെ കടല് നടുങ്ങീ 
തടകവിഞ്ഞൊരു നീരിതുകൂടി 
മടിയെഴാതെ മുകര്‍ന്നു മയങ്ങൂ 

കഥകളാടിയരങ്ങു തകര്‍ത്തോര്‍  
പഥികരെന്‍ മിഴി പാതിയടയ്ക്കെ,
അകമലിഞ്ഞുറവാര്‍ന്നൊരു ചുടുനീര്‍
പലവഴിക്ക് പകുത്തു മടങ്ങീ 

മഴ കുഴഞ്ഞു പൊഴിഞ്ഞൊഴിയുമ്പോള്‍  
പുഴ കരഞ്ഞു തളര്ന്നുയരുമ്പോള്‍ 
കനലടിഞ്ഞു കറുത്ത മനസ്സിന്‍   
കഠിന ദുഃഖമറിഞ്ഞവരുണ്ടോ? 
പതറുവാനരുതാതെ സഹിച്ചും 
പരിഭവം പറയാതെ മറച്ചും 
പടുദിനങ്ങള്‍ യുഗങ്ങളനേകം! 
ചൊടിയൊടുങ്ങിയുടഞ്ഞുയിരാകെ.  

ഇനി നിലാവിന്‍ കുഞ്ഞല നെയ്തും  
ഇമ തലോടും മഞ്ഞിലലിഞ്ഞും     
തനിയെ പാടും പാലരുവികളില്‍
മനമുലാവും മാധവമെത്തും 
ദിനമുദിച്ചു വരും വരെ, നീയെന്‍    
മരണമേ വഴി മാറി നടക്കൂ .

മലകളേ തടയായ്കിനി മഴതന്‍  
മധുര നീര് മറക്കുക നിങ്ങള്‍ 
കരപുടങ്ങള്‍ വിതൃക്കുക മുകിലിനെ  
വരവിലേ വഴിമാറ്റുക കാറ്റേ
ഭയമുറങ്ങും താഴ്വര തോറും  
തരള ബാല്യസുമങ്ങള്‍ ചിരിയ്ക്കെ    
മമ ചിലങ്കകിലുങ്ങിയുതിര്‍ന്നോ?  
മണി മുഴക്കമിതാരു തടുക്കും ?

മല നിറഞ്ഞു വസിക്കണതാരോ 
മനമറിഞ്ഞു വരം തരുവായോ
പ്രളയമാവുക വയ്യടിവേരുകള്‍
കടപുഴക്കിയൊടുക്കുക വയ്യേ    
ചുവടടര്ന്നു പതിക്കരുതനിശം   
കഴലു വേദന തിന്നമരട്ടേ.

കവിതയൂറി മുനിഞ്ഞു വിളങ്ങും  
തിരി തുലാമഴയില്‍ കുതിരരുതേ.

Wednesday, September 14, 2011

മുളങ്കുഴല്‍


എരിഞ്ഞുതീരുമീ കനലിലിത്തിരി-
ക്കിനാവുകള്‍ ചൊരിഞ്ഞുറക്കെയൂതുവാ-
നൊരു മുളങ്കുഴല്‍ പകുത്തു നല്‍കുമോ?
ഹരേ, അടുത്തുതന്നകന്നു നില്‍ക്കയോ ?

നിറച്ചു കൃഷ്ണതന്നിലകളെപ്പൊഴും
കുറച്ചവില്‍ കഴിച്ചൊരുക്കി സൌഹ്യദം
മറച്ചതെന്തിനെന്‍ നിലാവെളിച്ചവും
കറുത്തമേഘമായ്, പൊഴിഞ്ഞതില്ല നീ.

കരിഞ്ഞ പൂവുകള്‍ക്കിടയ്കിടയ്ക്കു നിന്‍-
തെളിഞ്ഞ പുഞ്ചിരി തിളങ്ങവേ  മനം
പിടഞ്ഞുവെങ്കിലും നിറഞ്ഞ താലമി-
ന്നൊഴിച്ചു, തേങ്ങലോടുരുക്കിയോര്‍മ്മകള്‍

തകര്‍ന്ന വീണതന്‍ സ്വനങ്ങളില്‍ പതം-
പറഞ്ഞു കേഴവേയൊളിച്ചുവോ കണ്ണാ
കളികഴിഞ്ഞുവോ, കഥ മറന്നവള്‍-
ക്കെരിയുവാന്‍ കുഴലുറക്കെയൂതുമോ?

Tuesday, September 13, 2011

അന്വേഷണം.


വിത്തുകള്‍ പൊട്ടി മുളയ്ക്കുവാനോ
ഒത്തിരി കണ്ണീരുതിര്‍ത്തു വാനം
ഞെട്ടിത്തെറിച്ചു ചിറകറ്റ വാക്കുകള്‍
പെട്ടെന്നു പാട്ടില്‍ തളിര്‍ത്ത പോലെ
***

ആര്‍ത്തിരമ്പും കടല്തട്ടില്‍ നിന്നും
ആരെയും കൂസാതുയര്‍ന്ന ചോദ്യം
കാറ്റില്‍ തിരുകിപ്പിടിച്ചുയര്‍ന്നു
കാണാപ്പൊരുളും തിരഞ്ഞലഞ്ഞു
കാറ്ററിയാത്തൊരു കാഴ്ച്ചയുണ്ടോ?
കാഴ്ച്ചയ്ക്കുമപ്പുറം കാവലുണ്ടോ?

കണ്ണും കനവെന്നു കാറ്റ് ചൊല്ലി
കണ്ണീരു വാര്‍ത്തു പൊലിഞ്ഞു മേഘം.
***

മണ്ണിലുറങ്ങിക്കിടന്ന ജീവന്‍
ദണ്ണം മറന്നു  മിഴി തുറന്നു
വേരുകള്‍ കുത്തിയെണീറ്റിരുന്നു
നീരിറ്റു മോന്തി കുടിച്ചിരുന്നു
ഓരിലയീരില നീര്‍ത്തി പിന്നെ
ഓമനപ്പൂക്കള്‍ ചിരി തുടങ്ങി
എല്ലാം കനവെന്നു ചൊന്ന കാറ്റും
നല്ലൊരൂഞ്ഞാലിട്ടു കൂട്ടു വന്നു
***

സത്യത്തിലേയ്ക്കൊരു ദൂതുമായി
പുത്തന്‍ മുകില്‍ യാത്രയായി ദൂരെ
ആയത്തിലൂഴിയില്‍ വീഴുവാനായ്‌
ആയിരം കാതമുയര്‍ന്നിടുന്നൂ.
***

Wednesday, September 7, 2011

തൂലിക


പണ്ടേ നിന്‍ മൃദു മേനിയെന്‍ വിരലുകള്‍ക്കുള്ളില്‍ കടന്നൊട്ടുമേ
മിണ്ടാതെന്‍ ഹൃദയം തുറന്നു പതിയെത്തൂവും കനല്‍ ത്തുള്ളിയെ
ചുണ്ടാലൊപ്പിയെടുത്തു  മന്ത്രമധുരം വാക്കില്‍ കൊരുത്തീടവേ-
യുണ്ടാകും മഷിയിറ്റിടുന്ന പ്രണയം തിങ്ങിക്കവിഞ്ഞങ്ങനെ

ഓണത്തുമ്പി


'നാണിച്ചൊട്ടു വിടര്ന്ന പൂവിതളുകള്‍ പാരം തുടുക്കുന്നതോര്‍-
ത്തോണത്തുമ്പിയുണര്‍ന്നടുത്തു, മിഴിയില്‍ പൂരം നിറച്ചങ്ങനെ
ഈണം ചേര്‍ത്തൊരു മൂളലോടധരമാ മുക്കുറ്റി മുത്തീടവേ
'മോണിട്ട'ര്‍പ്പടി തട്ടി വീണു തറയില്‍, കുത്തുന്നു മൂക്കൊന്നതാ' .

Tuesday, July 5, 2011

തുളസി


അനന്തന്‍റെ പുറത്താരോ മയങ്ങുന്നു മാലോകരീ
യനന്തമാം നിധി കണ്ടു ഭ്രമിച്ചിടുമ്പോള്‍

അവില്‍പ്പൊതി മറച്ചും കൊണ്ടനവധി കുചേലന്മാ-
രടുക്കുന്നൂ പുരിയാകെ നിറഞ്ഞിടുന്നൂ

പടിക്കല്‍ സര്‍വ്വവും വച്ചു ഭരിച്ച ലോകരും ചൊല്ലി
പടിപ്പുരതുറന്നിനി മടങ്ങിടട്ടെ

കണക്കെടുപ്പനന്തമായ്‌ തുടരുന്നൂ വിധിയ്ക്കായി
കളിയ്ക്കുന്ന കരങ്ങളും കുഴഞ്ഞ നേരം

നിലവറയെടുത്തിട്ടെന്‍ ഭഗവാനെ തന്നിടാമോ നനുത്ത
നന്മൊഴിയൊട്ടൊട്ടിടറി  വീണൂ

അനന്തന്‍റെ  പുറത്താരോ ചിരിയ്ക്കുന്നൂ തുളസിയൊ-
ന്നടരുന്നൂ പദതാരില്‍ പതിച്ചിടുന്നൂ

Monday, May 30, 2011

വെളിച്ചം ദുഖമാണുണ്ണീ.....


തമസ്സത്രേ  സുഖപ്രദം!
തപം താനേയൊതുങ്ങിടും  
ദിവസം ദീനമായ്‌ ചൊല്ലി-
യിരവും തേടി യാത്രയായ്

മുന്നിലെന്തെന്തു പൂരങ്ങള്‍
കുടമാറ്റം കതിനകള്‍
വിണ്ണ്‍ ഞെട്ടുമാഘോഷങ്ങള്‍
കണ്ണു ചിമ്മി നടുങ്ങിയോ?

ജയിക്കാനുള്ളൂറ്റവും പോയ്‌
ജയഗീതം മറന്നും പോയ്‌
സ്നേഹമൂറും വെളിച്ചത്തിന്‍
ദാഹവും പേറിയെത്രനാള്‍

പണയമായ്‌ ഹൃദയം വയ്ക്കില്‍
പണിയേറെ പണിയുകില്‍
പണത്തൂക്കം പ്രിയം നേടാം    
തോല്‍വി തോറ്റു ചിരിയ്ക്കയായ്‌

ശിരസ്സില്‍ വന്‍ കാലമര്ന്നി-
ട്ടിരുട്ടിലാഴവേ കണ്ടിടാം
നിതാന്ത ശാന്തമാം ലോകം
നിലാപ്പുഞ്ചിരി വിസ്മയം

ഇരുള്‍ പൂക്കുന്നു മുല്ലമേല്‍
ഈറനോടെ തിരഞ്ഞ പോല്‍
ഇന്നലത്തെ വെളിച്ചങ്ങള്‍
പിന്നിലെങ്ങാനുമുണ്ടുവോ

തമസ്സില്‍  കാഴ്ച്ചയെന്തിന്നായ്‌
മനസ്സിന്‍ കണ്ണ് പോരുമേ
മനസ്സിന്‍ കണ്ണ് പോവുകില്‍
തമസ്സോ വെണ്മയോ പരം?

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...