മുകിലില്‍ നിന്നൊരു തുള്ളി പിന്നെയുമിന്നെന്‍റെ
മിഴിയില്‍ പൊഴിഞ്ഞു വീണു
കരിമഷിയെല്ലാം കലങ്ങിപ്പോയെങ്കിലും
കരളിലെ പാട്ടുണര്‍ന്നൂ .................

Monday, April 12, 2010

കണിയുരുളി

ഒരു കൊന്നപ്പൂവെനിക്കു കടം തരുമോ കാറ്റേ
കനവിന്‍റെയുമ്മറത്തു കണിയൊരുക്കാന്‍

ഒരു വെള്ളിത്തുട്ടെറിഞ്ഞു തരു, മുകിലേ,യെന്‍റെ-
ചെറുചെല്ലക്കൂട്ടിനുള്ളില്‍ കരുതിവയ്കാന്‍

വരിനെല്ലിന്‍ കതിരുമായ്‌ വരൂ കിളിയേ നമു-
ക്കൊരുമിച്ചു കൊഞ്ചിക്കൊഞ്ചിപ്പറന്നു പോകാം

അകലെയെങ്ങാനുമൊരു കണിവെള്ളരി,യാരു-
മറിയാതെ കാത്തുകായ്ച്ചു കിടപ്പതുണ്ടാം

നറുതേന്‍വരിക്കപ്ലാവാ,ക്കിളിച്ചുണ്ടനും മനം-
നിറയുന്ന മധുരത്തില്‍ പൊതിഞ്ഞിട്ടുണ്ടാം

വരുമെന്നു തിട്ടം നിനച്ചിരിക്കുന്നപോല്‍ കാവില്‍-
കുരുക്കുത്തിമുല്ലപ്പൂക്കള്‍ ചിരിച്ചിരിക്കാം

കുറിയവാല്‍ക്കണ്ണാടിയിലൊളിച്ചിരിക്കും കൊച്ചു-
കുറുമ്പത്തി പലവട്ടം വിളിച്ചിരിക്കാം

ചുളിവീണകയ്യാല്‍ കാറ്റും തടുത്തീറനാം രാവില്‍
തെളിദീപമെരിച്ചാരോ ജപിക്കയാവാം

കാല്‍പൊന്നിന്‍ തിളക്കവും കസവുമേകാന്‍ കാലം
നൂല്‍ ചരടില്‍ കൊളുത്തി വലിക്കും നേരം

മനസ്സിന്‍റെ നിലവറയിലടിയിലെങ്ങോ പൊടി-
പിടിച്ചൊരു കണിയുരുളി തുടിച്ച നേരം

ഇടറാതെ വീണ്ടുമെങ്ങനുയര്‍ന്നു കണ്ണാ നിന്‍റെ
ഇടയ സംഗീതം കനവിടമുറിക്കാന്‍

ഇടറാതെ വീണ്ടുമെന്തിനുയര്‍ന്നു കണ്ണാ നിന്‍റെ
ഇടയ സംഗീതം ഞാനൊന്നുറങ്ങിടട്ടെ.