Posts

Showing posts from 2009

മുക്തകങ്ങള്‍ - വന്ദനം

അന്‍പൂറുന്നമ്പിളിക്കും, തിരുജടയിടയുള്‍ക്കൊണ്ടിടും ഗംഗയാള്‍ക്കും വന്‍പേറും പാര്‍വതിക്കും നലമൊടു മരുവും നന്ദി, ഭൂതാദികള്‍ക്കും മുന്പേറും വിഘ്നമാറ്റും ഗണപതി ജയവും , കാവടിച്ചിന്തുമായി- ട്ടെന്‍പാട്ടും പാടി വന്നേനടിമലരിണയില്‍ കുമ്പിടുന്നേന്‍ ശിവോഹം - സ്രഗ്ദ്ധര
ഇമ്പം ചേര്‍ത്തുകൊരുത്ത പൊന്‍കറുകയ,ക്കൊമ്പന്നു ചാര്‍ത്തിക്കുവാന്‍ തുമ്പിപ്പെണ്ണു പറന്നതും വഴിയിലമ്പമ്പോ കൊടുങ്കാറ്റുകള്‍ തുമ്പിക്കൈയ്യതു നീട്ടിവന്നിവളെയാ തുമ്പാലുയര്‍ത്തീടുമോ പമ്പയ്ക്കിക്കരെയാണു ഞാന്‍ കനിയണേ കുംഭോദരാ പാഹിമാം
എന്നാളും മമ ദീപമാണരികിലായ്‌ തന്നേ നിറഞ്ഞീടണം നിന്നില്‍ തൊട്ടു പിറക്കണം പുലരികള്‍ നീയേ ശിവം ശാന്തിയും മിന്നിപ്പൊങ്ങിടുമുള്‍ഭ്രമച്ചിറകുകള്‍ ചിന്നിപ്പൊലിഞ്ഞീടണം പിന്നെപ്പുല്‍കിയുണര്‍ത്തണം വഴികളില്‍ രാമായണം മോക്ഷദം
കൊല്ലാനോങ്ങിയ വില്ലനന്നൊരുവരം നല്കീ മുനിപ്പ്രൌഢന- ങ്ങെല്ലാ മോഹവുമൊന്നുപോല്‍ പൊലിയുമാ ശ്രീരാമ മന്ത്രാക്ഷരം ചൊല്ലീ വന്നിടുമീവഴിക്കൊരുദിനം, നല്കീടുവേന്‍ മോക്ഷ, മ- ക്കല്ലില്‍ മെല്ലെയുയര്‍ന്നു ഹാ! കവചമൊന്നെന്നും സ്മരിക്കുന്നു ഞാന്‍
മേടക്കാറ്റിലുതിര്‍ന്നുവന്നരികിലന്നോരോ പദം, കേട്ടു ഞാ- ങ്കൂടെച്ചെന്നൊരു പാട്ടു,…

മുക്തകങ്ങള്‍ - സൗഹൃദം

പാടം തകര്‍ത്തു മട പൊട്ടിപ്പുളഞ്ഞൊഴുകി, ഞാനെന്തു ചെയ്വു കിളിയേ ചോടട്ടുപോയി മമ ഞാറൊക്കെയും കതിരുകാണാതുറങ്ങി വെറുതേ പാടേ കൊഴിഞ്ഞ പടു സ്വപ്നങ്ങള്‍ ചിക്കി തവ നേരം കളഞ്ഞിടുകയോ പാടിപ്പറന്നിടുക, ദൂരേ തിരഞ്ഞിടുക കാലം തരട്ടെ തിനകള്‍
കാറ്റില്‍പടര്‍ന്നതൊരു പാട്ടിന്‍ കളിമ്പമതിലാര്‍ത്തുല്ലസിച്ചു കിളികള്‍ നീറ്റല്‍ മറന്നു, മുകിലൂറ്റം പൊഴിച്ചു നെടുവീര്‍പ്പിട്ടുടഞ്ഞൊരിരവില്‍ ചാറ്റല്‍ നനഞ്ഞു കളിയേറ്റം തുടര്‍ന്നു, വഴിപോലും മറന്നലയവേ തോറ്റം വരുന്നതിനൊടൊപ്പം പറന്നിടുക കൂട്ടില്‍ തിരിച്ചണയുവാന്‍
-മത്തേഭം

വന്നു നിന്നു, മനമൊന്നുലഞ്ഞു, മിഴി തന്നിലൂര്‍ന്നരിയ നോവുകള്‍ മുന്നമന്നു മമ ജീവനില്‍ കവിത പെയ്തുണര്‍ന്ന കനവിന്‍ നിഴല്‍ പിന്നിലിന്നു കനലൊന്നെരിഞ്ഞു , പടി തന്നിലീ തിരി തെളിച്ചു നീ തന്നതില്ല, അതിനു മുന്‍പ് തന്നെ വെറുതേ നടന്നു മറയുന്നുവോ

മുക്തകങ്ങള്‍ - വെറുതെ

ആരായാലും പിണങ്ങും കവിതയിതുവഴിക്കിന്നു കൈവിട്ടുവെന്നാ- ലാരോമല്‍ക്കാന്തനെന്നോടിതു വിധമരുളീ നേരമില്ലിന്നു നിന്നാ'ല്‍ പാരാതേ നീ തുനിഞ്ഞക്കവിതയവളെയൊന്നാനയിച്ചിങ്ങു വന്നാല്‍ നേരമ്പോക്കാകുമാപ്പോളടിയനുമൊടുവില്‍ കാവ്യമല്‍പ്പം ഭുജിക്കാം
എന്തിക്കാവ്യ സരിത്തിലിന്നമൃതിനായന്തിക്കണഞ്ഞീടവേ ചിന്തിക്കാതൊരു നാഗവും ചടുലമത്തുമ്പൊന്നുയര്‍ന്നാഞ്ഞതും ചന്തത്തില്‍ കവിതക്കുഴമ്പു കഴലില്‍ കൊഞ്ചിത്തലോടീടുകില്‍ പൊന്തിച്ചിറ്റുമഹന്ത തന്‍ വിഷജലം കണ്‍ഠത്തിലേറ്റീടുമോ
ചിത്തം കത്തിയ വാക്കുകള്‍ക്കിടയിലൂടര്‍ത്ഥം തിരഞ്ഞെത്തുകില്‍ യുക്തം ചേരുവതെത്രമാത്ര, മിവിടെക്കത്തട്ടൊ,ടുങ്ങട്ടതും മെത്തും പൊന്‍ചിരി തൂകി നിന്‍ പുലരിയിങ്ങെത്തും വരെയ്ക്കും മനം പുത്തന്‍ ചെങ്കനലൂതിടും പുനരിതിന്‍ ഭസ്മം നിനക്കേകിടും
പന്ത്രണ്ടക്ഷരവും പുകഞ്ഞു വെറുതേ ചന്തം വെടിഞ്ഞിന്നുഞാ- നെന്തിച്ചെങ്കനലാട്ടമാര്‍ന്നു ശിലയില്‍ ചിന്തില്ല പോല്‍ ചിന്തുകള്‍ 'അന്തിക്കില്ലിനി നേരവും വരിക നീ പൂന്തെന്നലായ്‌ കാവ്യമേ സ്വന്തം തന്നിവളോര്‍ക്കുകില്‍ തരികടോ ശാര്‍ദ്ദൂല വിക്രീഡിതം
എന്താണിക്കഥ ചുറ്റിലും ശലഭമായ് ശാര്‍ദൂലവിക്രീഡിതം പന്ത്രണ്ടും ചിറകാര്‍ന്നു വന്നരുമയാല്‍ ചുംബിച്ചുണര്‍ത്തുന്നിതേ സ്വ…

മുക്തകങ്ങള്‍ - പ്രകൃതി

നീയോ?നീലജലാശയത്തിലുണരും താരോ? നിലാപ്പൊയ്കയില്‍, നീളേ മുങ്ങിനിവര്‍ന്നുലഞ്ഞു മിഴിചിമ്മുന്നോരിളം താരമോ? ആരോ മാമക ഹൃത്തിലാര്‍ദ്ര മധുരോന്മാദം ചോരിഞ്ഞേ മറ- ഞ്ഞാരോമല്‍പ്പിറവിക്കു കാത്തു കവിതേ പാരം തപിക്കുന്നിതേ.
കുക്കൂ പാടിയണഞ്ഞിതാ വനികയില്‍, പൂത്തില്ലയോ ചെമ്പകം നില്ക്കാം തെല്ലിട, കേള്‍ക്ക നിന്‍ പ്രിയകരം, ശ്രീരാഗ സങ്കീര്‍ത്തനം വെക്കം പൂക്കണമാര്‍ദ്രമീ പുലരിയില്‍ പൂജക്കു പൂവേകണം രൊക്കം വാങ്ങിയതൊക്കെയും തിരികെയാ തൃക്കാല്‍ക്കലെത്തിക്കണം
താലത്തില്‍ നിറദീപജാലമരികില്‍ പാലമ്പിളിച്ചന്തവും ജാലം പോലൊരു സൂര്യനും, പുലരിയും രാവും നിറച്ചങ്ങനെ മേലെച്ചേലുപൊഴിക്കവേ കനലുമായ്താഴത്തുവന്നിട്ടെനി- യ്ക്കോലച്ചൂട്ടിലൊരിത്തിരിപ്പകരുമോ ഞാനിന്നു മോഹാര്‍ത്തയായ്‌
രാവിന്‍ മുല്ലവിരിപ്പിനുള്ളിലൊരുനാള്‍ ചോരന്‍ കടന്നങ്ങു ശ്രീ- താവും പൂക്കളിറുത്തതും വിരഹമായീറന്‍ തുളുമ്പുന്നിതേ പാവം പെണ്ണു മയങ്ങിടും പുലരിയില്‍ കാലം ചിരിക്കുന്നുവോ നോവിന്‍ രശ്മികളുര്‍വ്വിയില്‍ചിതറി പോല്‍ ദേവന്‍റെ പൊന്‍മോതിരം.
രാത്രിക്കില്ലിനിയാത്രയെന്നുരുവിടും മാത്രയ്ക്കു താന്‍ പോയിടും തീര്‍ത്തും വാടിയുറഞ്ഞൊരെന്‍ മുഖദളം കൂര്‍ത്തൊന്നു കൂമ്പീടുമേ പേര്‍ത്തും നീ വരുമെന്നെ നോക്കുമതിലെന…