മുകിലില്‍ നിന്നൊരു തുള്ളി പിന്നെയുമിന്നെന്‍റെ
മിഴിയില്‍ പൊഴിഞ്ഞു വീണു
കരിമഷിയെല്ലാം കലങ്ങിപ്പോയെങ്കിലും
കരളിലെ പാട്ടുണര്‍ന്നൂ .................

Sunday, December 16, 2012

മൌനം

വാക്കിന്റെ വാതില്‍പ്പുറത്തു നില്‍ക്കുന്നുണ്ട്
വേച്ചുവേച്ചിപ്പൊഴും മൌനം..
ചുക്കിച്ചുളിഞ്ഞുള്ള കയ്യില്‍ തിരുപ്പിടി-
ച്ചിത്തിരിപ്പോന്ന വടിയും
നൂലിന്‍ ഘനം പോലുമില്ല, നൂറായിരം
മോഹം തിളങ്ങുന്നു കമ്പില്‍!!
കട്ടിയ്ക്ക് കണ്ണട,യപ്പുറമിപ്പുറ -
മൊട്ടും കുറയാതെ കാണാം
തെല്ലിടവിട്ടു കണ്ണൊന്നു മേലേയ്ക്കിട്ടു
ചില്ലു മൂടാതെയും നോക്കാം
വെണ്മുടിത്തുമ്പാല്‍ വരയ്ക്കുന്നിതക്ഷര
ക്കോലം, വിലോലമീ കാറ്റും
നീലിച്ചെഴുന്ന ഞരമ്പിന്‍ തുടിപ്പുകള്‍
കാലോളമെത്തിക്കിതച്ചൂ

കാര്‍മുകില്‍ത്തെല്ലൊന്നൊതുക്കിയിട്ടമ്പിളി-
ക്കീറെത്തി നോക്കി പിരിഞ്ഞു.
പച്ചപ്പുതപ്പിന്റെയുള്ളിലെ പൂവുകള്‍
ഒച്ചയുണ്ടാക്കാതടര്‍ന്നു
വേരുകള്‍, വാനിന്റെ, പൂവിന്‍റെ, പാട്ടിന്‍റെ
വേരുകള്‍ നീരില്‍ കുതിര്‍ന്നു.

ലോകം ഞെരുങ്ങിയുറച്ച പാഴ്തണ്ടിലേ-
യ്ക്കോരോ വിരല്‍ത്തുമ്പമര്‍ന്നൂ
കണ്‍പൊത്തിയാരോ കരള്‍ പിടിക്കും വരെ
പിന്‍തിരിയില്ലെന്ന  പോലെ
കൈ തൊട്ടു നാദം വിടര്‍ത്തുന്ന പൈതലിന്‍
കൊഞ്ചല്‍ കൊതിക്കുന്ന പോലെ
വാക്കിന്‍റെ കാണാപ്പുറത്തു നില്‍ക്കുന്നുണ്ട്
കാത്തുകാത്തിപ്പോഴും മൌനം

----------------------

Friday, June 22, 2012

മോഹം..


കരളു പൊള്ളിപ്പൊടിഞ്ഞില്ല തുള്ളികള്‍
കരുണ തട്ടിച്ചിരിയ്ക്കുന്നു പിന്നെയും.
ഒരു മുഴക്കത്തിലേയ്ക്കു കാതോര്‍ത്തിടും
മരവുമീ കിളിക്കൂട്ടവും ബാക്കിയായ്‌

നനയുമോര്‍മ്മകള്‍ വറ്റുന്നിടങ്ങളില്‍
തിരയുവാനെന്തു?  തീരം ചൊടിയ്ക്കവേ ,
തിരമുറിഞ്ഞു പിന്‍വാങ്ങുന്നു വന്‍കര-
യ്ക്കൊരു തലോടല്‍ തിടുക്കത്തിലേകിയും

ഘനമൊഴിഞ്ഞുല്ലസിക്കുന്ന തെന്നലും
ചിരി വിടര്‍ത്തുന്ന വാനവും ചൊല്ലിയോ?
ചുവടളന്നും മറിച്ചു വിറ്റും സ്വയം
ധനികരാകുന്നവര്‍ക്കു താന്‍ ധന്യത!


ഇതളടര്‍ന്നു വീഴുമ്പോഴും പൂവിലെ
ചെറുചിരിയ്ക്കെന്തു ഭംഗിയാണീ വഴി
പറവകള്‍ പൊഴിച്ചിട്ട പൊന്‍തൂവലി-
ന്നരികുകള്‍ക്കെന്തു മാര്‍ദ്ദവം! കാലമേ ..  
വെറുതെ എങ്കിലും കാറ്റില്‍ പറക്കുവാന്‍
ചിറകിലേറി പുറപ്പെട്ട വാക്കുകള്‍
മുറിവുകൂടുന്നതിന്‍ മുന്‍പ് വാനിലേ-
യ്ക്കകലവേ മനം ശൂന്യമായെങ്കിലും
ഒരു മുഴക്കത്തിലേയ്ക്ക് കാതോര്‍ത്തു പോയ്‌
മലമുഴക്കിതന്‍ മായാവിമോഹമായ്‌ ...
---------------------

Saturday, March 31, 2012

പൂരണം...
സമസ്യ: നിന്നാർദ്രപ്പൂമഴയ്ക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടേ..
------------------------------------------------------

എന്നോമൽ കുഞ്ഞിളം പൂ,വരികി,ലകലെയിമ്മട്ടിലോടിക്കളിപ്പൂ ..
എങ്ങെല്ലാം സഞ്ചരിപ്പൂ! തകൃതി, വികൃതി!,യെമ്പാടുമെൻ കൈ കുതിപ്പൂ !
എൻ മാതേ, നിന്മിഴിപ്പൂവവിരതമിവനേ കാത്തു കൊള്ളാൻ കൊതിപ്പൂ...
നിന്നാർദ്രപ്പൂമഴയ്ക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടേ..

സമസ്യ: ക്കാലം തീര്‍ത്ത കളിക്കളത്തില്‍ ഭഗവാന്‍ വയ്ക്കുന്ന ചൂതാണു നാം
------------------------------------------------------

മാലറ്റമ്ബിളി പുഞ്ചിരിച്ചു പലതാം താരങ്ങളങ്ങങ്ങിതാ

ചേലൊത്താകെ വിടര്ന്നതും വിധുരമീ രാവും പുലർ വേളയായ്

പാലപ്പൂക്കളുണർന്നെണീറ്റു നിരയായ് കാറ്റിൽ കലമ്പുന്നു തൽ -

ക്കാലം തീര്‍ത്ത കളിക്കളത്തില്‍ ഭഗവാന്‍ വയ്ക്കുന്ന ചൂതാണു നാം

സമസ്യ:കരുണയുള്ള മുകുന്ദ പദാംബുജം !
------------------------------------------------------

മധുരമുള്ളധരം, വദനാംബുജം
ചതുരമുള്ള കരം , ചരണാംബുജം
കരയുമുള്ളറിയും ഹൃദയാംബുജം
കരുണയുള്ള മുകുന്ദ പദാംബുജം !

സമസ്യ:തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.
------------------------------------------------------

ചുറ്റിക്കില്ലേ, കനലെരിയുമീ മേടമാസം നിനച്ചാല്‍
വറ്റിക്കാമോ കരുണ ചൊരിയും കാവുമാ നീരൊഴുക്കും?
പുറ്റിന്നുള്ളില്‍ ചിതലുകയറും മുന്‍പു പൂജയ്ക്കൊരുങ്ങാം
തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.

പറ്റിച്ചല്ലോ, മധു നുകരുവാനെത്തുമീ പൊന്നുഷസ്സില്‍
തെറ്റിപ്പോയോ? വനികയിതു താനല്ലയോ കുഞ്ഞു കാറ്റേ?
ഒറ്റത്താരും തരള മിഴിയാലെത്തി നോക്കീല കണ്ടോ?
തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.

ഒറ്റയ്ക്കെന്തേ? മിഴി നനയുവാന്‍? മഞ്ഞ മന്ദാരമേ നി-
ന്നുറ്റോരെങ്ങോ? കഥകളറിയാക്കാറ്റു കൈവിട്ടുവെന്നോ?
കുറ്റം ചൊല്ലില്ലിനിയുമൊരുവന്‍, കൂട്ടരേ ഞാന്‍ വിളിക്കാം
തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.

സമസ്യ: മോന്തിടുക ചിന്തയിനി വേണ്ട ലവലേശം '

------------------------------------------------------ചെന്തളിരിലെന്തു മധു! തുമ്പി മനമോര്‍ക്കെ
അന്തിവെയിലിന്ദുവദനയ്ക്കു നിറമേറ്റീ
ഹന്ത! മകരന്ദമണയുന്നു വനി നീളെ,
മോന്തിടുക ചിന്തയിനി വേണ്ട ലവലേശം '


സമസ്യ:  കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം  '
------------------------------------------------------
കണ്ണിന്‍ കദംബവനിയില്‍ കളിവീടൊരുക്കാം
കണ്ണന്‍ ചിരട്ട,യിളനീര്‍, ചെറുപീലിയേകാം
മണ്ണിന്‍ വെറും കരടിലെന്നിമയൊന്നടഞ്ഞാല്‍
കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം

സമസ്യ: ശ്വാനന്റെ വാലു നിവരില്ലിതു സത്യമത്രേ !'
------------------------------------------------------

ഞാനെന്‍റെ പൂരണമെടുത്തു തൊടുത്തനേരം
നീനിന്‍റെ ലൈക്കു തരുമെങ്കിലിതും ക്ഷമിക്കാം
കൂനന്‍റെ കൊമ്പിലിടചേര്‍ത്തു കമന്റിടുന്നോ?
'ശ്വാനന്‍റെ വാലു നിവരില്ലിതു സത്യമത്രേ !'

ഞാനെന്‍റെ പാട്ടുപലതും പല താളമൊത്തീ
വീടിന്‍റെ തിണ്ണയിലിരുന്നഹ പാടിടുമ്പോള്‍
നീനിന്‍റെ വാലു ചുരുളാക്കിയടുത്തു, ചൊന്നോ?
'ശ്വാനന്റെ വാലു നിവരില്ലിതു സത്യമത്രേ !'


സമസ്യ: സമയമിനി കുറച്ചേ ബാക്കിയുള്ളൂ സുഹൃത്തേ '
------------------------------------------------------
മഴയിലിമ കുതിര്‍ന്നൂ, മൌനരാഗം പടര്‍ന്നു
വിനയമിടറി നിന്നൂ വിങ്ങലുള്‍പ്പൊങ്ങിടുന്നൂ
സദയമൊരു മൊഴിയ്ക്കായ്‌ കാത്തുനില്പ്പാണു ഞാനും
സമയമിനി കുറച്ചേ ബാക്കിയുള്ളൂ സുഹൃത്തേ '


സമസ്യ:  പരമേശ്വര ! നീയുണരേണമിനി..‌
------------------------------------------------------

കരമേറിയ പൂരണമപ്പടി ഞാന്‍
ശരവേഗമെടുത്തു വരും വഴിയെ
തിരിയുന്നു സമസ്യയിതെന്തു കഥ!
പരമേശ്വര ! നീയുണരേണമിനി..‌

അരുതമ്മ ചൊരിഞ്ഞിടുമല്‍പ്പ കണം
മരുഭൂമി നനച്ചു മറഞ്ഞിടുവാന്‍
പിരിയാതെ പുഴങ്കര തീര്‍ത്തമരാന്‍
പരമേശ്വര ! നീയുണരേണമിനി..‌


കതിരേശ്വരനും മണിമാലകളാ-
ലവനീശ്വരി തന്‍  മനമേറിയിതേ  
ഹിതമീശ്വരനും കനകം! പതിയാം
പരമേശ്വര, നീയുണരേണമിനി..‌


സമസ്യ:  മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ!
------------------------------------------------------

ചെണ്ടിട്ടുണര്‍ന്നു വനമുല്ലയുമല്ലിയെല്ലാ-
മിണ്ടല്‍ മറന്നു, പൊഴിവൂ കളകൂജനങ്ങള്‍
ചുണ്ടില്‍ വസന്തമിണചേര്‍ത്തവരെങ്ങുമെങ്ങും
മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ.

പണ്ടേ പറഞ്ഞു പിറവം  പടിയേറിയെന്നാല്‍
കൊണ്ട്വോയിടും 'കര കരേറിയ കപ്പലെ'ന്നും
കണ്ടോ തുറന്നു 'കുള','മപ്പെരിയാറു' കാര്യം
മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ!


തണ്ടല്ല, മിണ്ടിമറയുന്നതു നമ്മളല്ലേ
കണ്ടും പറഞ്ഞുമൊരുപാടു നടന്നതല്ലേ
ചുണ്ടില്‍ കൊരുത്ത നറുമുല്ലയടര്ന്നു പോലും!
മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ!

സമസ്യ: “രം നരം ല ഗുരുവും രഥോദ്ധത“
--------------------------------------------------------

പം.. പദം.. പദമുയര്‍ന്നു താഴവേ
തം.. തജം.. തകജ താളമിട്ടുടന്‍
കിം?.. കിലും.. കിളിയടുത്തു കൊഞ്ചിപോല്‍
“രം നരം ല ഗുരുവും രഥോദ്ധത“


രംഭയെന്മതി കരേറി നര്‍ത്തനം
രംഗ രാഗമതിഭാവനാ രസം
രംഭിതം മൊഴിയുമക്ഷരക്രമം
“രം നരം ല ഗുരുവും രഥോദ്ധത“

സമസ്യ:അടിവേരറ്റ മെലിഞ്ഞ പച്ചകള്‍.
---------------------------------------------------------

പടിയില്‍ തളരേണ്ട, കാടകം
ചൊടിയാര്‍ന്നങ്ങു പരിഷ്കരിച്ചു പോല്‍
ഒടുവില്‍ ഭഗവാനു ബാക്കിയാ-
യടിവേരറ്റ മെലിഞ്ഞ പച്ചകള്‍.

അടിവാരമുറങ്ങിയന്തിയില്‍
തുടിതാളങ്ങളൊടുങ്ങിയെങ്കിലും
തടിനീ ഹൃദയത്തിലിന്നുമു-
ണ്ടടിവേരറ്റ മെലിഞ്ഞ പച്ചകള്‍


സമസ്യ:മധുരമൊഴികളാലേ നിർജിതം സർവ്വലോകം
---------------------------------------------------------

കദനമൊഴിയുമീറന്‍ വാക്കു പൂത്തൂ നിലാവില്‍ 
ഹൃദയമിഴിതലോടീ വര്‍ണ്ണ ജാലം വിടര്‍ന്നൂ!
കരുണവഴിയുമോമല്‍ കാവ്യസൌഭാഗ്യമേ നിന്‍- 
മധുരമൊഴികളാലേ നിർജിതം സർവ്വലോകം
Monday, February 13, 2012

വാലന്‍റൈന്‍സ്
ഉണര്‍ന്നിടുന്നൊരാ ചുവന്ന പൂവിനെ
പുണര്‍ന്നൊരീറനും പൊഴിഞ്ഞു പോയ നാള്‍
മുറിഞ്ഞ തണ്ടുമായ് പുലരിയെത്തവേ
പറഞ്ഞിടാത്തതും പകര്‍ന്നു പാടിയേന്‍അറിവു തീണ്ടിയെന്‍ കരളുടഞ്ഞതും
അതു തലോടി നിന്‍ വിരല്‍ മുറിഞ്ഞതും
നനുത്ത നീറ്റലായ് പടര്‍ന്നലഞ്ഞതും  
പറഞ്ഞ പാപത്തില്‍  പകുതി വെന്തതും
ഉലഞ്ഞ കാഴ്ചകള്‍ കഴുകി വീണ്ടുമീ-
യുടഞ്ഞ ചില്ലുകളടുക്കി വച്ചതും
അതില്‍ വികൃതമാം മുഖം ചമയ്ക്കുവാ -
നറിഞ്ഞിടാതെ നാം പകച്ചു നിന്നതും
വെറുത്തു വിങ്ങവേയിരുള്‍ പരന്നതും

പഴയ പുസ്തക ചുവരിലേയ്ക്കുത-
ന്നൊളിച്ചുറങ്ങുവാന്‍ കൊതിച്ചു പോകവേ
മറവിയാം മറുമരുന്നു പൂക്കുമീ -
യുറവതന്‍ കരയ്ക്കടിഞ്ഞുണര്‍ന്നതും.....
---------

Wednesday, February 8, 2012

പൊട്ടുകുത്തട്ടെയീ കാഴ്ചകള്‍ക്കൊക്കെയും.


ശ്രീ. ഷാജി നായരമ്പലത്തിന്റെ കാവ്യ സമാഹാരം 'രാമായണക്കാഴ്ച്ചകള്‍' ക്ക് നല്‍കിയ ഒരു ആശംസയാണീ കവിത . ( 'രാമായണക്കാഴ്ച്ചകള്‍' പുസ്തകം ലഭിക്കാന്‍ email അയക്കുക : shajitknblm@gmail.com )
--------------

ചോദ്യങ്ങളാലാദി കാവ്യത്തിലേയ്ക്കു തന്‍
വാക്കിന്‍ കൊതുമ്പുവള്ളം തുഴഞ്ഞങ്ങനെ

പാരം ഗമിയ്ക്കെ, രാമായുന്നു മാനത്തു  
താരസുസ്മേരമായ് രാമചന്ദ്രോദയം!

പിന്‍ നിലാവിന്‍ മഞ്ഞുതുള്ളിയാലൂഴിയില്‍
പിന്നെയും മാരിവില്‍ തീര്‍ത്തുവോ മൈഥിലി?
 
ദിക്കുകള്‍ തോറുമനാഥ ബാല്യത്തിന്‍റെ
വക്കുകള്‍ തൂകിയുതിര്‍ന്ന സ്നേഹാമൃതം

ആത്മസുഖത്യാഗ,മാര്‍ദ്ര സാഹോദര്യ,
മാശ്രമവാല്‍സല്യ,മാര്യാശ്വമേധവും  

പോര്‍ വിളിക്കുള്ളിലൊളിച്ച ശസ്ത്രങ്ങളും
തേര്‍ക്കുളമ്പൊച്ച തകര്‍ത്ത സ്വപ്നങ്ങളും

നോവുകള്‍, നിര്മ്മല നാരായ മൂര്‍ച്ച തന്‍-
വേവിലായ്‌ ചാലിച്ചെടുത്ത സങ്കീര്‍ത്തനം

പാടി മറഞ്ഞോരാ പൈങ്കിളി തന്‍ ഗാന-
ശീലുകള്‍ക്കുള്ളില്‍ തിളങ്ങുന്ന മുത്തുകള്‍

ചാരത്തു ചൊല്ലിയെത്തീടവേയിക്കഥാ-
തീരത്ത് തെല്ലിട കാറ്റേറ്റിരുന്നിടാം

ഈരടിയ്ക്കുള്ളിലോരോ മഷിക്കൂട്ടിലു-
മീറന്‍ കവിതയ്ക്ക് കാതോര്‍ത്തിരുന്നിടാം

ഇത്തിരി പൊന്മഷി കൈയാലെടുത്തൊരു
പൊട്ടു കുത്തട്ടെയീ കാഴ്ചകള്‍ക്കൊക്കെയും
 
---------