മോഹം..


കരളു പൊള്ളിപ്പൊടിഞ്ഞില്ല തുള്ളികള്‍
കരുണ തട്ടിച്ചിരിയ്ക്കുന്നു പിന്നെയും.
ഒരു മുഴക്കത്തിലേയ്ക്കു കാതോര്‍ത്തിടും
മരവുമീ കിളിക്കൂട്ടവും ബാക്കിയായ്‌

നനയുമോര്‍മ്മകള്‍ വറ്റുന്നിടങ്ങളില്‍
തിരയുവാനെന്തു?  തീരം ചൊടിയ്ക്കവേ ,
തിരമുറിഞ്ഞു പിന്‍വാങ്ങുന്നു വന്‍കര-
യ്ക്കൊരു തലോടല്‍ തിടുക്കത്തിലേകിയും

ഘനമൊഴിഞ്ഞുല്ലസിക്കുന്ന തെന്നലും
ചിരി വിടര്‍ത്തുന്ന വാനവും ചൊല്ലിയോ?
ചുവടളന്നും മറിച്ചു വിറ്റും സ്വയം
ധനികരാകുന്നവര്‍ക്കു താന്‍ ധന്യത!


ഇതളടര്‍ന്നു വീഴുമ്പോഴും പൂവിലെ
ചെറുചിരിയ്ക്കെന്തു ഭംഗിയാണീ വഴി
പറവകള്‍ പൊഴിച്ചിട്ട പൊന്‍തൂവലി-
ന്നരികുകള്‍ക്കെന്തു മാര്‍ദ്ദവം! കാലമേ ..  
വെറുതെ എങ്കിലും കാറ്റില്‍ പറക്കുവാന്‍
ചിറകിലേറി പുറപ്പെട്ട വാക്കുകള്‍
മുറിവുകൂടുന്നതിന്‍ മുന്‍പ് വാനിലേ-
യ്ക്കകലവേ മനം ശൂന്യമായെങ്കിലും
ഒരു മുഴക്കത്തിലേയ്ക്ക് കാതോര്‍ത്തു പോയ്‌
മലമുഴക്കിതന്‍ മായാവിമോഹമായ്‌ ...
---------------------

Comments

 1. ഇനിയുമേറെ നാളില്ലയീക്കാഴ്ച്കകള്‍
  ഇനിവമില്ലാതെ മനുകുലം മാറിടും
  ഇനിവരില്ലൊരു ചിത്രപതംഗവും
  ഇനിയപാട്ടിന്റെ പാലാഴിതീര്‍ക്കുവാന്‍

  ഇനിവം=സ്നേഹം
  ഇനിയ=മധുരമുള്ള

  ReplyDelete
  Replies
  1. ഇനിയ പാട്ടിനും നന്ദി ചോല്ലുന്നിതേ.......

   Delete
 2. പറവകള്‍ പൊഴിച്ചിട്ട പൊന്‍തൂവലി-
  ന്നരികുകള്‍ക്കെന്തു മാര്‍ദ്ദവം! കാലമേ ..

  ReplyDelete
 3. മോഹങ്ങള്‍ തിര്‍ത്തു മനസ്സുകളില്‍
  നിറക്കുന്നു അതിജീവന ആശകളേറെ
  നിഴലുകളെറെ പിറക്കുന്നു മറയുന്നു

  ReplyDelete
 4. പൂവിന്റെ ഇതളടർന്നു വീഴുമ്പൊഴും അവശേഷിക്കുന്ന ചിരിയുടെ അഴക്‌, നിറവും, ഓർമ്മകളിൽ നിറയുന്നു. ഹൃദ്യമായ കവിതയ്ക്കു നന്ദി.

  ReplyDelete
 5. ഹൃദ്യമായ ചിന്തകള്‍
  ഹൃദ്യമായ വരികള്‍
  അജിത്‌ മാഷ് പറഞ്ഞപോലെ
  ഇനിയ വരികള്‍
  ഇവിടെയിതാദ്യം
  ഇനിയും വരാം
  എഴുതുക
  അറിയിക്കുക

  ReplyDelete
 6. ഈ കാവ്യ മധുരം നുണഞ്ഞീടുവാന്‍ തെല്ലിട വൈകിയെന്നെന്തിനു കേഴണം
  തീര്‍ന്നു പോകില്ലോരിക്കലും ഇതില്‍ നിറകവിഞ്ഞോഴുകുമീ മധുരസം.

  ReplyDelete
 7. ഇവിടെയിത്തിരി നേരമീ മധു
  ചോരുമീ വഴിത്താര തന്നിലാ-
  യൂർന്നു വീണൊരീ ഭാവനാമൃത-
  ത്തിൻ കണങ്ങൾ നുകർന്നു നിൽപ്പു ഞാൻ!

  ReplyDelete
  Replies
  1. :-) വരികൾക്കും വായനക്കും നന്ദി...സന്തോഷം.

   Delete

Post a Comment

Popular posts from this blog

മുക്തകങ്ങള്‍ - വെറുതെ

വീനസിൻ ദേവാലയം

തൊണ്ടു ചീയുമ്പോൾ