മുകിലില്‍ നിന്നൊരു തുള്ളി പിന്നെയുമിന്നെന്‍റെ
മിഴിയില്‍ പൊഴിഞ്ഞു വീണു
കരിമഷിയെല്ലാം കലങ്ങിപ്പോയെങ്കിലും
കരളിലെ പാട്ടുണര്‍ന്നൂ .................

Saturday, November 13, 2010

പരിഭവക്കാഴ്ചകള്‍

ഒരു തുലാവര്‍ഷ ഗദ്ഗദം കാറ്റിലൂ-
ടൊഴുകിയെത്തുന്നിതെന്‍ ചാരെ
പറയാതെ പറയുമീ പരിഭവത്തുള്ളികള്‍
പകലിലേയ്ക്കിറ്റു വീഴുമ്പോള്‍
നിന്നരിയ മോഹഭംഗങ്ങളില്‍ സൂര്യനി-
ന്നൊന്നുമുരിയാടാതെ നിന്നൂ
ശ്യാമാംബരത്തില്‍ മുഖം ചേര്ത്തൊളിപ്പിച്ചു
വേദനിച്ചേ മാഞ്ഞിടുന്നൂ
*****

ഭൂമി: ----

എത്ര വര്‍ഷങ്ങള്‍ തപം ചെയ്തിരുട്ടിലൂ -
ടെത്രയോ തേടിത്തളര്‍ന്നു
ജീവന്‍ തുളുമ്പും വെളിച്ചമായെന്തിനാ -
നോവിന്‍ വിരല്‍ത്തുമ്പു തൊട്ടു ?
ഉള്ളം തുടിച്ചുപോയാദ്യമായ് പിന്നെ നി-
ന്നുള്ളിലേയ്കെത്തുവാന്‍ മോഹം
നീ വരച്ചൂ രേഖ ചുറ്റിലും ഞാനതില്‍
നീളേ കറങ്ങിത്തിരിഞ്ഞു
നേരറിയുന്നില്ലയെന്നുതോന്നും വഴി-
യ്ക്കോരോന്നു ചൊല്ലി കരഞ്ഞൂ

സൂര്യന്‍: ---

തീരാത്ത യാത്രകള്‍ക്കുള്ളിലാണെങ്കിലെ -
ന്തോരോ വസന്തവും പുണ്യമല്ലേ
വാരിപ്പുണര്‍ന്നിടാനാവില്ല പൂവുടല്‍
വേവില്ലയോ നെരിപ്പോടല്ലയോ?
നൂറു വര്‍ണ്ണങ്ങളില്‍ നേര്മ്മയായ് തൂവേര്‍പ്പി-
ലൂറൂന്നോരൂഷ്മള ഗന്ധമായും
ഉള്ളറിഞ്ഞും നിന്‍ മടിത്തട്ടിലെ തിര-
ത്തള്ളലില്‍ ജീവന്റെ വിത്തെറിഞ്ഞും
ഓരോ തളിരിലും മുത്തമിട്ടും തുടി-
ത്താളം നിറച്ചും നിറം പകര്‍ന്നും
നിത്യമൊരേ രാഗ സഞ്ചാര പാതയില്‍
നിന്നിലെത്തുമ്പോള്‍, പിണങ്ങിടാമോ?

ഭൂമി: ----

കാലങ്ങളിമ്മട്ടുതിര്‍ന്നുപോമെങ്കിലും
ജാലം നിറഞ്ഞതെന്നാലും
നീറിപ്പുകഞ്ഞേയുരുക്കും വെയില്‍ തന്നെ
നീല നിലാവില്‍ നിറച്ചും
മിന്നുന്നു നന്മയായുണ്മയായെന്നുമെ-
ന്നുമ്മറത്തുള്ളൊരാ ദീപം
കണ്ണുനീരാല്‍ ശുദ്ധി ചെയ്യുവാനോ മനം
പിന്നെയും വിമ്മിക്കരഞ്ഞു
മൂകമെന്നാലും പ്രണയാര്‍ദ്രമെന്നുമീ-
യേകപ്രപഞ്ച പ്രയാണം
മിഴിതുടച്ചൊന്നെത്തിനോക്കുകില്‍ കനിവിന്റെ-
യുറവകള്‍ കൈനീട്ടിയെത്തും
അകലെനിന്നകലെനിന്നെങ്കിലും ധുരമാ-
മനുരാഗകുങ്കുമം നല്‍കും
*****

അടരുന്നോരവസാന നീര്‍മണിയിലാകാശ -
മതിമധുരമായ് പുഞ്ചിരിക്കെ
മുളപൊട്ടി വീണ്ടും കിളിര്‍ക്കുന്നു മണ്ണിന്റെ -
മൃദുല സങ്കല്‍പ്പങ്ങളെല്ലാം
--------------------------------------------

Friday, September 24, 2010

കൃഷ്ണപക്ഷം

നീലക്കാര്‍മുകിലഞ്ജനം തൊടുവിരല്‍ത്തുമ്പാലെടുത്തോമലേ
ചേലില്‍പ്പീലിയൊരുക്കിയിന്നെഴുതിടാം ചാരത്തണഞ്ഞീടുകില്‍
മേലില്‍ തിങ്ങിനിറഞ്ഞിടൊല്ലതുലമപ്പൂന്തേന്‍മിഴിക്കോണുകള്‍
പാലിക്കേണ്ടവനല്ലി മൂവുലകവും കോലക്കുഴല്‍ പാട്ടിനാല്‍

****
ഓടത്തണ്ടിലൊളിഞ്ഞിരുന്ന നിനദം, താനേ മറന്നിന്നിതാ

പാടിപ്പാടിയുയര്‍ന്നു നിന്‍ സഖികളെത്തേടുന്നതും കണ്ടുനീ
വാടിക്കുള്ളിലിരുന്നതില്ലിവിടെ ഹാ! വാസന്തവും വന്നിതാ
ചൂടിച്ചേനൊരു പിച്ചകം, വരികെടോ വാടൊല്ലെ നിന്‍മാനസം

*****


ഏവം പോകുവതെങ്ങു നിന്‍പ്രിയതരം വൃന്ദാവനം കേഴുമി-
പ്പാവം പൈക്കളുമെങ്ങളും തകരുമക്കാളിന്ദിപോയ് ചേര്‍ന്നിടും
നോവിന്‍ ശംഖൊലി കേള്‍ക്കിലും തിരികെയില്ലാരും വിളിക്കില്ല നിന്‍-
ഭാവം വാടിടുമെന്നതോര്‍ത്തു, സഹിയാതേകുന്നു തേ മംഗളം

Monday, August 23, 2010

ഓണപ്പൂവിളി.

ഓണപ്പൂവിളി കേട്ടുവോ, വഴിയിലായെന്തോര്‍ത്തു മുക്കുറ്റികള്‍
കാണെക്കാണെ വിടര്‍ന്നിടുന്നരളിയൊന്നായുന്നതിന്നീണമോ
നാണം കൊണ്ടു ചുവന്നു തെച്ചി, ചിരിയാല്‍ തുമ്പക്കുടം പൊട്ടിയി-
ന്നോണച്ചാറ്റലുതിര്‍ത്തു പൂമ്പൊടികളെന്‍ കണ്ണില്‍ കുടുങ്ങുന്നുവോ.

Saturday, August 14, 2010

ചിത്രം

മെച്ചമാം നിറങ്ങളാ, പിച്ചകത്തൂവെള്ളമേല്‍-
കൊച്ചിളം കയ്യാലന്നും കലങ്ങി തെളിയവേ
"ചിത്രമാണത്രേ!, യെന്തിന്നിത്രയും വാരിത്തൂകി
വൃത്തികേടാക്കുന്നു നീ ചുറ്റുപാടെല്ലാം കണ്ണാ."
"ഉടനേ നോക്കുന്നതെന്തിടയില്‍ കാട്ടീടുകി-
ല്ലൊടുവില്‍ തരില്ലയോ? പൂര്‍ത്തിയാകട്ടെന്‍ ചിത്രം."
ചിരിച്ചേനഞ്ചായതേയുള്ളിവനമ്പത്തന്ചിന്‍-
ഗൌരവം!, നടക്കട്ടേ വരയും നിറക്കൂട്ടും.
-----------
അള്‍ജസീറ*യില്‍ വെള്ളപ്പൊക്ക ദൃശ്യങ്ങള്‍ കഴി-
ഞ്ഞുള്‍ഭയം വളര്‍ത്തിടും വാര്‍ത്തകള്‍ തുടരുന്നൂ
പട്ടിണി മരണങ്ങള്‍, യുദ്ധഭൂമികള്‍, കാട്ടില്‍ -
ചുട്ട ദേഹങ്ങള്‍ , കത്തിക്കരിയും കിനാവുകള്‍
അധികാരികള്‍ പാടും ജയഗീതികള്‍ , കൂട്ടി-
ന്നകമേയധികരിച്ചുയരും കലാപങ്ങള്‍
ഇലകള്‍, മൃഗങ്ങളെ, നദിയെ, പോറ്റുന്നൊരീ ,
യിളയെപ്പോലും വെല്ലും മാനവന്നിതേ വിധി
തുണയാകിടെണ്ട തന്‍ സോദരന്‍ വധിച്ചിടും
കുലവും മുടിച്ചിടും സ്വയമേയൊടുങ്ങിടും
"കിടക്കും മുന്നേ, മാറ്റാം നമുക്കീ ചാനല്‍, കണ്ടാ -
ലുറക്കം വരില്ലെന്തേ ഭയചിത്രങ്ങള്‍ മാത്രം "
"മൂവിയല്ലിതു മുന്നില്‍ നടക്കും വിശേഷങ്ങള്‍
മൂഢയായ് കണ്‍പൂട്ടിയിന്നുറക്കം നടിക്കാമോ? "
"മതിയാക്കുമോ പ്രിയാ,മറക്കാം കുറച്ചിട,
മരുന്നിന്നൊരിത്തിരി ഫലിതം തിരഞ്ഞിടാം"
-----------
"വിഷമം പാടില്ലിതാ നിനക്കെന്‍ സമ്മാന,മീ-
മഷിയൊട്ടുണങ്ങിടും പുത്തനാം പടം നോക്കൂ "
നിറമേയുള്ളിക്കൂട്ടില്‍ പടമെങ്ങെന്നേ തോന്നീ,
"പറയൂ നീ തന്നെനിക്കറിയില്ലിതിന്‍ പൊരുള്‍"
"അറിയില്ലെന്നോ? നിനക്കറിയേണ്ടതല്ലയോ?
അറിയാത്തവര്‍ കാണില്ലധികം നിനയ്ക്കുകില്‍ "
'സുല്ല്, സുല്ലെ,ന്നേ ചൊല്ലാം, ചൊല്ലു നീതന്നെ,ന്നുണ്ണി
തെല്ലുമെന്നുള്ളില്‍ തോന്നുന്നില്ലിതിന്നര്‍ത്ഥം കഷ്ടം !'
കവിത കഥകളോ ചിത്രമായാലും സത്യം
പുതുമ ദഹിക്കുവാന്‍ വളരുന്നില്ലീ മനം.
"ശരി, കേട്ടുകൊള്‍‍കിതു സര്‍വവും ദഹിപ്പിക്കും,
മരണം വിതച്ചിടും ബോംബുതാ,നുരച്ചവന്‍
"നടുവില്‍ കറുപ്പ് നീ കണ്ടതില്ലയോ? പുക-
ച്ചുരുളാണതിന്‍ ചുറ്റും, തിളക്കം പ്രകമ്പനം !
നിറമേയുണ്ടാവുള്ളൂ, പൂക്കളും , പൂമ്പാറ്റയും
നമ്മളും കരിഞ്ഞു പോം, 'ശരിക്കും ബോംബാണിവന്‍'
ശരിക്കും ബോംബാണമ്മേ, വരയ്ക്കുമ്പൊഴേ പൊട്ടി-
തകരുന്നിതിന്നടുത്തവശേഷിക്കില്ലൊന്നും"
നടുങ്ങിപ്പോയോ മനം കുരുന്നേ നിനക്കെന്തേ
പിടയും നിറങ്ങളില്‍ തെളിഞ്ഞൂ കൌതൂഹലം
വാടിയാ മുഖം , ചൊന്നേന്‍ "ക്രൂരമെന്നാലും ഞാനീ
നാടിതിന്‍ നേരല്ലയോ വരച്ചൂ , പിണങ്ങൊലാ ."
-----------
"ഉറങ്ങൂ പറഞ്ഞിടാം , പണ്ടൊരു മഹാബലി
മറഞ്ഞൂ പാതാളത്തില്‍, വരുവേനോണത്തിനും".
-----------


*അള്‍ജസീറ-ഒരു ന്യൂസ്‌ ചാനല്‍ ‍ ‍ ‍

Tuesday, August 3, 2010

കാട് പൂത്ത നാള്‍

ഒരിക്കല്‍ക്കൂടി നീയെന്നില്‍
മഴത്തെല്ലായടര്‍ന്നെങ്കില്‍
മിഴിക്കോണില്‍ തടഞ്ഞുള്ളി-
ക്കറുപ്പെല്ലാമൊഴിഞ്ഞെങ്കില്‍

വെട്ടമായ്‌തൊട്ടുണര്‍ത്തീ ചെ-
മ്പട്ടുഷസ്സു പുലര്‍ന്ന നാള്‍
പച്ചിലക്കാടു തോറും തന്‍
കൊച്ചു നാളം പകര്‍ന്നതും
മെച്ചമാരാഗങ്ങളില്‍ ചേര്‍-
ന്നിച്ചിരാതു തെളിഞ്ഞതും
ഇത്തിരിപ്പോന്ന ലോകത്തില്‍
ഒത്തിരിപ്പൂവിരിഞ്ഞതും

ആരു നീയെന്നറിഞ്ഞതി-
ല്ലാരുമാകട്ടെ, യെങ്കിലും
ആരുമേ കാണാത്ത കാടിന്‍
ചാരു വര്‍ണ്ണം തിരഞ്ഞവന്‍
ഇപ്പ്രപഞ്ച വിലാപങ്ങള്‍-
ക്കീണമിട്ടു നടന്നവന്‍
ഇത്തണല്‍ കൂട്ടിലേവരും
ഒത്തുചേര്‍ന്നുലസിക്കുമാ,
സ്വപ്നമേറ്റി നടന്നേതോ
സ്വച്ഛ‍സുന്ദര ദര്‍ശനം !

നീയുദിച്ച വെയില്‍പ്പൂരം
ജാലകങ്ങളുടയ്ക്കവേ
കണ്ടു വിസ്മയമാണ്ടു നിന്‍
കണ്ണിലേക്കു നടന്നു ഞാന്‍
ജീവരാഗ വിലോലമാ-
മേതുബന്ധുര ബന്ധമോ
കുഞ്ഞു പൂവ് തലോടുന്ന
തെന്നലിന്നലി‍വായിതേ.
കാലം നിറച്ചു കാണാനായ്‌
താലം പിടിച്ചു വന്നൊരെന്‍
കൊച്ചു കൈയില്‍ നിറച്ചേകീ
വിശ്വ വിജ്ഞാന സഞ്ചയം

നുള്ളി നോവിച്ചതില്ലെന്നില്‍
കള്ളമില്ലാത്ത നിന്‍ കരം
കള്ളിക്കാക്ക ചിലച്ചന്നും
മുള്ള് കൊള്ളാതെ നോക്കണം
പൊള്ളുമെന്‍ മനസ്സില്‍ തൊട്ടു
കണ്ണുനീര്‍ത്തുള്ളി ചൊല്ലിയോ
അറിയില്ലൊന്നുമെന്നാലു -
മാകാ മുന്തിരി വള്ളികള്‍
പ്രണയത്തിന്റെ തേന്‍കണം
നുകരാനേ കൊതിച്ചതി-
ല്ലറിയാമെങ്കിലും കൂടി
പറയാതെ പിരിഞ്ഞുവോ?
നിന്നില്‍ നിന്നകലുതോറും
എന്നില്‍ നിന്നേയകന്നുവോ
എന്നിലേക്കുള്‍വലിഞ്ഞപ്പോ-
ളെന്തൊരാഴ വിമൂകത
അക്ഷരതെറ്റൊഴിക്കാനാ-
യക്ഷരങ്ങള്‍ കളഞ്ഞ പോല്‍
പൊന്നുരുക്കും വെളിച്ചത്തിന്‍ ‍
പിന്‍ നിഴല്‍ത്തുമ്പു മാഞ്ഞു പോയ്‌

കണ്ടതില്ലിന്നേ വരേയ്ക്കും പാഴ്-
തണ്ടു പാടുന്ന കാടുകള്‍
കാട്ടുചോലയുലച്ചീടും
കാറ്റൊരിറ്റു മുകര്‍ന്നുമി-
ല്ലാര്‍ദ്ര ശൈലതടങ്ങളില്‍,കളി-
യാടുവാന്‍ കൊതിയാകിലും
മോഹമേയലയുന്നുവോ മഴ
മേഘമായകലങ്ങളില്‍

കാട്ടിലേറെ വിഷം ചീറ്റും
ദുഷ്ട ജീവികളല്ലയോ ‍
വിഷമില്ലാത്ത കാടുകള്‍
വിഷമം കണ്ടെടുക്കുവാന്‍
നാടു പോലും നടുക്കീടും
ചൂടു വാര്‍ത്തകളെത്രയോ
പേടിയേറി വരും കിനാവുക-
ളാര് പൂവിളി പാടുവാന്‍ !

ഒന്നു നില്കാതെ, മിണ്ടാത -
ക്കല്ലൊതുക്കിലിറങ്ങവേ
വാടാത്ത പുഞ്ചിരിച്ചോപ്പീ-
ക്കൂടയില്‍ തന്നുറങ്ങിപ്പോയ്
മറന്നില്ല, മറക്കാനാര്‍-
ക്കാവുമെങ്ങു മറഞ്ഞു നീ?
നേരെഴുത്തിന്‍റെയുള്‍വഴി
ചൂണ്ടി വന്നില്ലൊരിക്കലും
നിന്‍ മൊഴി ചാര്‍ത്ത് തേടുന്നീ
നിറമില്ലാത്ത വാക്കുകള്‍
നിനക്കായൊന്നുണര്‍ത്തട്ടീ-
നാട്ടുപൂവിന്‍ വിപഞ്ചിക
----------------------------------------------

***സ്നേഹത്തിന്‍റെയും ചതിയുടെയും കാടുകള്‍ ഒരേ നിറത്തില്‍ പൂക്കുമ്പോള്‍ പകച്ചുനില്‍ക്കുന്ന കൌമാരത്തിന്

Saturday, May 29, 2010

സഖാ ത്വമേവ

കറ തീര്‍ന്നു, തമസ്സിലുദിച്ച നിലാ-
വറതോറുമിറങ്ങിയുലഞ്ഞൊഴുകീ
ഉറവാര്‍ന്നു വെളിച്ചവുമിന്നു മന-
സ്സറിയാതെ കരഞ്ഞു തെളിഞ്ഞു സഖേ

ചിറകെന്തിനു നീയറിവായ് തുണയാ-
യനുവേലമെടുത്തു പറന്നുയരേ
ഒരു തൂവലിനുള്ളിലൊതുങ്ങി വരും
നിറമേഴുമതിന്‍റെ നിഴല്‍ച്ചുഴിയും

കതിരെന്തിനു കാനന സന്ധ്യകളില്‍
കരിവീരസമേതമലഞ്ഞിടുവാന്‍
കനിവുറ്റ കരത്തിലിണങ്ങിടുമെന്‍
കനവും കനലൂര്‍ന്ന കരള്‍ത്തുടിയും

ഇറയത്തൊരു ചാറ്റലൊടൊത്തു മഴ -
ക്കുളിരെന്‍റെ വിളക്കുകെടുത്തിടവേ
അരുതെന്നു തടുത്തു കരം തരു,മീ -
തിരി തന്നെയെരിക്കിലുമെന്നറിവേന്‍

മിഴിയൊന്നു നിറഞ്ഞു തുളുമ്പിയതും
മൊഴിയായ് കിരണങ്ങളുതിര്‍ത്തതിലും
മഴവില്ലു വിടര്‍ത്തിയുണര്‍ത്തിയക-
ത്തഴകാര്‍ന്നൊരു പുഞ്ചിരികൊഞ്ചിയതും

നിറയും മുകിലില്‍ മമ ജീവനമോ
നിറവില്‍ പൊഴിയുന്നിതു നിന്‍ വരമോ
അറിയില്ലകതാരിലലിഞ്ഞഖിലം
പറയാനെളുതല്ല ഗുരുത്വബലം

Monday, April 12, 2010

കണിയുരുളി

ഒരു കൊന്നപ്പൂവെനിക്കു കടം തരുമോ കാറ്റേ
കനവിന്‍റെയുമ്മറത്തു കണിയൊരുക്കാന്‍

ഒരു വെള്ളിത്തുട്ടെറിഞ്ഞു തരു, മുകിലേ,യെന്‍റെ-
ചെറുചെല്ലക്കൂട്ടിനുള്ളില്‍ കരുതിവയ്കാന്‍

വരിനെല്ലിന്‍ കതിരുമായ്‌ വരൂ കിളിയേ നമു-
ക്കൊരുമിച്ചു കൊഞ്ചിക്കൊഞ്ചിപ്പറന്നു പോകാം

അകലെയെങ്ങാനുമൊരു കണിവെള്ളരി,യാരു-
മറിയാതെ കാത്തുകായ്ച്ചു കിടപ്പതുണ്ടാം

നറുതേന്‍വരിക്കപ്ലാവാ,ക്കിളിച്ചുണ്ടനും മനം-
നിറയുന്ന മധുരത്തില്‍ പൊതിഞ്ഞിട്ടുണ്ടാം

വരുമെന്നു തിട്ടം നിനച്ചിരിക്കുന്നപോല്‍ കാവില്‍-
കുരുക്കുത്തിമുല്ലപ്പൂക്കള്‍ ചിരിച്ചിരിക്കാം

കുറിയവാല്‍ക്കണ്ണാടിയിലൊളിച്ചിരിക്കും കൊച്ചു-
കുറുമ്പത്തി പലവട്ടം വിളിച്ചിരിക്കാം

ചുളിവീണകയ്യാല്‍ കാറ്റും തടുത്തീറനാം രാവില്‍
തെളിദീപമെരിച്ചാരോ ജപിക്കയാവാം

കാല്‍പൊന്നിന്‍ തിളക്കവും കസവുമേകാന്‍ കാലം
നൂല്‍ ചരടില്‍ കൊളുത്തി വലിക്കും നേരം

മനസ്സിന്‍റെ നിലവറയിലടിയിലെങ്ങോ പൊടി-
പിടിച്ചൊരു കണിയുരുളി തുടിച്ച നേരം

ഇടറാതെ വീണ്ടുമെങ്ങനുയര്‍ന്നു കണ്ണാ നിന്‍റെ
ഇടയ സംഗീതം കനവിടമുറിക്കാന്‍

ഇടറാതെ വീണ്ടുമെന്തിനുയര്‍ന്നു കണ്ണാ നിന്‍റെ
ഇടയ സംഗീതം ഞാനൊന്നുറങ്ങിടട്ടെ.

Sunday, February 14, 2010

സമയവാഹിനി

ഒഴുകി നീങ്ങുന്നിതെന്നുമെന്നും, മനം
തഴുകി മെല്ലെ ചിരിച്ചും പിണങ്ങിയും
പഴയ രാവിന്‍ തണുപ്പേന്തിയും മുദാ
പുതിയ തീരങ്ങള്‍ തേടിയും പായവേ
പിറകിലോടുന്നു ജന്മാന്തരങ്ങളും
പ്രണവമന്ത്രവും പ്രളയകാലങ്ങളും.
മധുരമാര്‍ന്നെത്തുമീ നിമിഷങ്ങളും
വിധുരമായ്‌ കവര്‍ന്നായുന്നു പ്രേയസി.

ഒരു തുടക്കം കുറിക്കും കണക്കുമാ-
യളവുകോലും പിടിച്ചുവന്നേ ചിലര്‍
പിടിതരാത്ത നിന്‍ ചൊടിയാര്‍ന്നൊഴുക്കിനെ
തടയിടാന്‍ കൊതിയാര്‍ന്നവരെത്ര പേര്‍
ഇതു നിലയ്ക്കാനടുത്തുവെന്നും ചിലര്‍
ഇമകള്‍ പൂട്ടി തപം ചെയ്തു പോയവര്‍
അവരെയൊക്കെയും ചേര്‍ത്തലച്ചങ്ങനെ
കവിത പോലീയൊഴുക്കില്‍ പതുക്കനെ

നിന്നെയൊന്നറിഞ്ഞീടുവാന്‍ വന്നവര്‍
നിന്നിലേ മുങ്ങി വിസ്മയം കണ്ടു പോല്‍
നീ കൊടുത്തൂ മഹാ പുരാണങ്ങളും
നേരു തേടുവാന്‍ വേദ പ്രമാണവും
ചെറു വിരല്‍പ്പാടമര്‍ന്നു കാണുന്നതാം
നറു ശിലാ ലിഖിതങ്ങള്‍, ചരിത്രവും
പ്രണയ ഗാഥകള്‍, പണയ കാണ്ഡങ്ങളും
പുനരുതിര്‍ന്ന മഹായുദ്ധ ശംഖൊലി.
കുരിശിലെന്നും തറഞ്ഞു പോം നന്മകള്‍
പിറവി ഘോഷിച്ചുറങ്ങും പുലരികള്‍

നിന്നിലില്ല പോല്‍ പുണ്യ പാപങ്ങളും
നീയൊരമ്മയെപ്പോലെ സ്നേഹാര്‍ദ്രയായ്‌
തിരുമടിത്തട്ടിലാര്‍ന്നു രാജാക്കളും,
പ്രജകള,ശ്വങ്ങള,ശ്വമേധങ്ങളും
സകല മന്ത്രങ്ങളും ചേര്‍ത്തുരുക്കുമാ
സമരതന്ത്രങ്ങള്‍ , സങ്കടച്ചാലുകള്‍
ഹൃദയ മോതിരം ഭക്ഷിച്ച മീനുകള്‍*
അഭയമേകാതുപേക്ഷിച്ച മാനസം
ഉണ്മയേറുന്നോരാശ്രമ വാടികള്‍
നന്മയാല്‍ കണ്ണുനീരൊപ്പുമമ്മമാര്‍

കുറിയ ചിപ്പുകള്‍ക്കുള്ളിലും കണ്ടവര്‍
കലിയുഗത്തിന്‍റെ കൈയൊപ്പുരേഖകള്‍
അമ്മതന്‍ മടിത്തട്ടില്‍ നിന്നാഞ്ഞു പോ-
യമ്പിളിക്കലയുമ്മ വയ്ക്കുന്നവര്‍
അരിയ തന്‍ വല നെയ്തുനെയ്തങ്ങതില്‍
അറിവു പാറിപ്പറത്തുന്ന വമ്പുകള്‍

ഇടയിലെന്നും തളിര്‍ക്കും മരങ്ങളും
കടപുഴക്കുന്ന കാറ്റിന്‍ തിടുക്കവും
വിശ്വമേ വെളിച്ചം തന്നു നീറുമാ-
കൊച്ചു സൂര്യനും താരാപഥങ്ങളും
അതിനുമപ്പുറത്തെന്തോക്കെയോ നിന്‍റെ-
യുറവകള്‍? കണ്ണിലേറാത്ത കാഴ്ചകള്‍
അവിടെ ദൈവമെന്നോതുന്നു ഞങ്ങളും
അതു രുചിച്ചു നീ കൊഞ്ചി ചിരിച്ചുവോ

ഒന്നു മാത്രം ശ്രവിച്ചു ശ്രദ്ധിച്ചു ഞാന്‍
നിന്നിലൂറുന്നു ജീവന്‍ യുഗങ്ങളായ്‌
അലയൊടുങ്ങി നീരാവിയായ്‌ പോകിലും
തിരികെ വീഴുന്നു ദാഹ മോഹങ്ങളില്‍
ഇതു പുനര്‍ജനി തന്നെയോ, ഞങ്ങളാ
പൊരുളു തേടിത്തളര്‍ന്നവരല്ലയോ

സമയമേ നിന്‍റെയീണങ്ങളില്‍ ലയിച്ചു-
ണരുമെന്നുമെന്നീറന്‍ ചിലമ്പുകള്‍


*ശാകുന്തളം

Wednesday, February 10, 2010

പകലിലേക്ക്

പറയുവാനേറെയുണ്ടെങ്കിലും സഖേ
പകുതി ചൊല്ലി പിരിഞ്ഞു പോകുന്നിതേ
കനവു പാതിയില്‍ വിട്ടുണര്‍ന്നെ,ന്തിനോ
കതിരു വന്നു വിളിക്കുന്നു പിന്നെയും
വെയിലൊതുങ്ങി തിരിച്ചു നിന്‍ കൂട്ടിലേ-
യ്ക്കൊടുവിലെത്തുവാന്‍ യാത്രയാകട്ടെ ഞാന്‍
ഒരു തിരച്ചാര്‍ത്തിലീ വിരഹത്തിനും
കര പുണര്‍ന്നിടാനാമോ കവിതയായ്‌?

Monday, February 8, 2010

ചിലമ്പൊലി

ആരു തൊട്ടാലും വിതുമ്പുന്ന വീണയൊ-
ന്നാ മരച്ചോട്ടില്‍ കിടന്നിരുന്നു
കാറ്റുമ്മ വച്ചു പോയ്‌, കേട്ടതോ പാട്ടിന്‍റെ
നേര്‍ത്തൊരു ശ്രീരാഗമായിരുന്നു

താരകള്‍ താഴേയ്ക്കിറങ്ങി വന്നോ രാഗ-
ഭാവമായ്‌ താലം നിറച്ചു തന്നോ
ആവണിക്കാലം തിരിച്ചു വന്നൂ മര-
മാകെ തളിര്‍ത്തു രസിച്ചു നിന്നൂ
വണ്ടുകള്‍ മൂളിപ്പറന്നു വന്നൂ മലര്‍-
ച്ചെണ്ടുകള്‍ പുഞ്ചിരിയിട്ടുണര്‍ന്നൂ
മേലെയാരോ മഴ ചാറ്റുതിര്‍ത്തായതില്‍
കാലവും താരാട്ടു പെയ്തു നിന്നൂ
നോവാതെ, നോവിലും നോവാതെ വീണ്ടുമാ
വീണയില്‍ ഗാനം തുടിച്ചുയര്‍ന്നു.

കാറ്റേറ്റു വാടൊല്ലേ യേറും മഴച്ചാറ്റി-
ലൂറ്റം തകര്‍ന്നു മണ്ണേറ്റിടൊല്ലെ
നേരേ മിനുക്കിത്തുടച്ചെടുത്തൂ വീട്ടി-
ലാരോ വിളക്കിന്നടുത്തു വച്ചൂ
തന്‍ നൂല്‍ വിളക്കി ചമച്ചെടുത്തേനതില്‍
പൊന്‍ചിലമ്പേ തീര്‍ത്തൊരുക്കി വച്ചു
താളമാണെല്ലാം തിളങ്ങട്ടെ, കൊഞ്ചട്ടെ
മേളമായ് ചുറ്റും നിറഞ്ഞിടട്ടെ

നോവിന്‍റെ തന്ത്രികളില്ലാതെ വീണയില്‍
ജീവന്‍ തുടിച്ചില്ലു,ണര്‍ന്നില്ല പോല്‍
ആരു തൊട്ടാലും വിതുമ്പാ,തനങ്ങാതെ-
യാ മണിക്കൂട്ടില്‍ പൊലിഞ്ഞു പാവം!