Saturday, August 14, 2010

ചിത്രം

മെച്ചമാം നിറങ്ങളാ, പിച്ചകത്തൂവെള്ളമേല്‍-
കൊച്ചിളം കയ്യാലന്നും കലങ്ങി തെളിയവേ
"ചിത്രമാണത്രേ!, യെന്തിന്നിത്രയും വാരിത്തൂകി
വൃത്തികേടാക്കുന്നു നീ ചുറ്റുപാടെല്ലാം കണ്ണാ."
"ഉടനേ നോക്കുന്നതെന്തിടയില്‍ കാട്ടീടുകി-
ല്ലൊടുവില്‍ തരില്ലയോ? പൂര്‍ത്തിയാകട്ടെന്‍ ചിത്രം."
ചിരിച്ചേനഞ്ചായതേയുള്ളിവനമ്പത്തന്ചിന്‍-
ഗൌരവം!, നടക്കട്ടേ വരയും നിറക്കൂട്ടും.
-----------
അള്‍ജസീറ*യില്‍ വെള്ളപ്പൊക്ക ദൃശ്യങ്ങള്‍ കഴി-
ഞ്ഞുള്‍ഭയം വളര്‍ത്തിടും വാര്‍ത്തകള്‍ തുടരുന്നൂ
പട്ടിണി മരണങ്ങള്‍, യുദ്ധഭൂമികള്‍, കാട്ടില്‍ -
ചുട്ട ദേഹങ്ങള്‍ , കത്തിക്കരിയും കിനാവുകള്‍
അധികാരികള്‍ പാടും ജയഗീതികള്‍ , കൂട്ടി-
ന്നകമേയധികരിച്ചുയരും കലാപങ്ങള്‍
ഇലകള്‍, മൃഗങ്ങളെ, നദിയെ, പോറ്റുന്നൊരീ ,
യിളയെപ്പോലും വെല്ലും മാനവന്നിതേ വിധി
തുണയാകിടെണ്ട തന്‍ സോദരന്‍ വധിച്ചിടും
കുലവും മുടിച്ചിടും സ്വയമേയൊടുങ്ങിടും
"കിടക്കും മുന്നേ, മാറ്റാം നമുക്കീ ചാനല്‍, കണ്ടാ -
ലുറക്കം വരില്ലെന്തേ ഭയചിത്രങ്ങള്‍ മാത്രം "
"മൂവിയല്ലിതു മുന്നില്‍ നടക്കും വിശേഷങ്ങള്‍
മൂഢയായ് കണ്‍പൂട്ടിയിന്നുറക്കം നടിക്കാമോ? "
"മതിയാക്കുമോ പ്രിയാ,മറക്കാം കുറച്ചിട,
മരുന്നിന്നൊരിത്തിരി ഫലിതം തിരഞ്ഞിടാം"
-----------
"വിഷമം പാടില്ലിതാ നിനക്കെന്‍ സമ്മാന,മീ-
മഷിയൊട്ടുണങ്ങിടും പുത്തനാം പടം നോക്കൂ "
നിറമേയുള്ളിക്കൂട്ടില്‍ പടമെങ്ങെന്നേ തോന്നീ,
"പറയൂ നീ തന്നെനിക്കറിയില്ലിതിന്‍ പൊരുള്‍"
"അറിയില്ലെന്നോ? നിനക്കറിയേണ്ടതല്ലയോ?
അറിയാത്തവര്‍ കാണില്ലധികം നിനയ്ക്കുകില്‍ "
'സുല്ല്, സുല്ലെ,ന്നേ ചൊല്ലാം, ചൊല്ലു നീതന്നെ,ന്നുണ്ണി
തെല്ലുമെന്നുള്ളില്‍ തോന്നുന്നില്ലിതിന്നര്‍ത്ഥം കഷ്ടം !'
കവിത കഥകളോ ചിത്രമായാലും സത്യം
പുതുമ ദഹിക്കുവാന്‍ വളരുന്നില്ലീ മനം.
"ശരി, കേട്ടുകൊള്‍‍കിതു സര്‍വവും ദഹിപ്പിക്കും,
മരണം വിതച്ചിടും ബോംബുതാ,നുരച്ചവന്‍
"നടുവില്‍ കറുപ്പ് നീ കണ്ടതില്ലയോ? പുക-
ച്ചുരുളാണതിന്‍ ചുറ്റും, തിളക്കം പ്രകമ്പനം !
നിറമേയുണ്ടാവുള്ളൂ, പൂക്കളും , പൂമ്പാറ്റയും
നമ്മളും കരിഞ്ഞു പോം, 'ശരിക്കും ബോംബാണിവന്‍'
ശരിക്കും ബോംബാണമ്മേ, വരയ്ക്കുമ്പൊഴേ പൊട്ടി-
തകരുന്നിതിന്നടുത്തവശേഷിക്കില്ലൊന്നും"
നടുങ്ങിപ്പോയോ മനം കുരുന്നേ നിനക്കെന്തേ
പിടയും നിറങ്ങളില്‍ തെളിഞ്ഞൂ കൌതൂഹലം
വാടിയാ മുഖം , ചൊന്നേന്‍ "ക്രൂരമെന്നാലും ഞാനീ
നാടിതിന്‍ നേരല്ലയോ വരച്ചൂ , പിണങ്ങൊലാ ."
-----------
"ഉറങ്ങൂ പറഞ്ഞിടാം , പണ്ടൊരു മഹാബലി
മറഞ്ഞൂ പാതാളത്തില്‍, വരുവേനോണത്തിനും".
-----------


*അള്‍ജസീറ-ഒരു ന്യൂസ്‌ ചാനല്‍ ‍ ‍ ‍

4 comments:

  1. വാര്‍ത്താചിത്രങ്ങള്‍....


    പ്രശാന്തിനും അപ്പുവിനും സ്നേഹാന്വേഷണങ്ങള്‍

    ReplyDelete
    Replies
    1. നന്ദി..ഒന്നുകൂടി പറഞ്ഞേക്കാം.:)

      Delete
  2. മകനാണോ ചിത്രകാരൻ? ഇന്നത്തെ കുട്ടികളുടെ വിചാരങ്ങളിലേക്ക് എത്തി നോക്കാൻ തന്നെ ഭയമാണ്. അവർക്ക് ബോംബും യുദ്ധങ്ങളും ചാവേറുകളും എല്ലാം നിത്യ നിസ്സാര വാർത്തകൾ മാത്രമാണ്. ഒരു വീഡിയോ ഗെയിം പോലെ അതെല്ലാം ആസ്വദിക്കുന്ന കുട്ടികൾ പോലുമുണ്ട്. ഈ പുതുമകൾ ഇത്ര ലാഘവത്തോടെ ഉൾക്കൊള്ളാൻ നമുക്കാവുന്നില്ല എന്നത് സത്യം. നമ്മുടെ കുട്ടികൾക്ക് ജീവിക്കാൻ സമാധാനത്തിൻറെ ഒരു ലോകം ബാക്കിയുണ്ടാകുമോ? അറിയില്ല. ആഴമുള്ള കവിത.

    ReplyDelete
    Replies
    1. അതെ.സമാധാനമുള്ള ലോകം ഒരു സ്വപ്നം മാത്രമാവാതിരുന്നെങ്കിൽ....

      Delete

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...