മൌനം

വാക്കിന്റെ വാതില്‍പ്പുറത്തു നില്‍ക്കുന്നുണ്ട്
വേച്ചുവേച്ചിപ്പൊഴും മൌനം..
ചുക്കിച്ചുളിഞ്ഞുള്ള കയ്യില്‍ തിരുപ്പിടി-
ച്ചിത്തിരിപ്പോന്ന വടിയും
നൂലിന്‍ ഘനം പോലുമില്ല, നൂറായിരം
മോഹം തിളങ്ങുന്നു കമ്പില്‍!!
കട്ടിയ്ക്ക് കണ്ണട,യപ്പുറമിപ്പുറ -
മൊട്ടും കുറയാതെ കാണാം
തെല്ലിടവിട്ടു കണ്ണൊന്നു മേലേയ്ക്കിട്ടു
ചില്ലു മൂടാതെയും നോക്കാം
വെണ്മുടിത്തുമ്പാല്‍ വരയ്ക്കുന്നിതക്ഷര
ക്കോലം, വിലോലമീ കാറ്റും
നീലിച്ചെഴുന്ന ഞരമ്പിന്‍ തുടിപ്പുകള്‍
കാലോളമെത്തിക്കിതച്ചൂ

കാര്‍മുകില്‍ത്തെല്ലൊന്നൊതുക്കിയിട്ടമ്പിളി-
ക്കീറെത്തി നോക്കി പിരിഞ്ഞു.
പച്ചപ്പുതപ്പിന്റെയുള്ളിലെ പൂവുകള്‍
ഒച്ചയുണ്ടാക്കാതടര്‍ന്നു
വേരുകള്‍, വാനിന്റെ, പൂവിന്‍റെ, പാട്ടിന്‍റെ
വേരുകള്‍ നീരില്‍ കുതിര്‍ന്നു.

ലോകം ഞെരുങ്ങിയുറച്ച പാഴ്തണ്ടിലേ-
യ്ക്കോരോ വിരല്‍ത്തുമ്പമര്‍ന്നൂ
കണ്‍പൊത്തിയാരോ കരള്‍ പിടിക്കും വരെ
പിന്‍തിരിയില്ലെന്ന  പോലെ
കൈ തൊട്ടു നാദം വിടര്‍ത്തുന്ന പൈതലിന്‍
കൊഞ്ചല്‍ കൊതിക്കുന്ന പോലെ
വാക്കിന്‍റെ കാണാപ്പുറത്തു നില്‍ക്കുന്നുണ്ട്
കാത്തുകാത്തിപ്പോഴും മൌനം

----------------------

Comments

 1. വാക്കിന്റെ വാതില്‍പ്പുറത്തു നില്‍ക്കുന്നുണ്ട്
  വേച്ചുവേച്ചിപ്പൊഴും മൌനം..


  കാര്‍മുകില്‍ത്തെല്ലൊന്നൊതുക്കിയിട്ടമ്പിളി-
  ക്കീറെത്തി നോക്കി പിരിഞ്ഞു.
  പച്ചപ്പുതപ്പിന്റെയുള്ളിലെ പൂവുകള്‍
  ഒച്ചയുണ്ടാക്കാതടര്‍ന്നു...

  വാക്കിന്റെ മൂർച്ചയിൽ തൊട്ടു ഞാൻ കണ്മിഴി-
  ച്ചൊത്തിരി നേരമിരുന്നു.
  എങ്കിലും സങ്കടം, മൗനത്തിനുള്ളിലെ
  വാക്കു ഞാൻ തേടി മടങ്ങി

  ReplyDelete
  Replies
  1. എന്തിനേ സങ്കടം മൌനത്തിനുള്ളിലും
   വാക്കുകള്‍ പൂവിട്ടു നില്‍പ്പൂ

   ..വായനയ്ക്ക് നന്ദി മാഷേ

   Delete
 2. നല്ല ഭാവം ..നല്ല വരികള്‍ ഇഷ്ട്ടമായി

  ReplyDelete


 3. ആ മൗനമാസ്വദിക്കുന്നവനാണു ഞാൻ
  ആമോദഹീനനീ വൃദ്ധൻ
  ആയുസ്സു താണ്ടുന്നു, മണ്ണിൽ നിഴലിന്റെ
  ആകാരമേറെ നീളുന്നു.

  ReplyDelete
  Replies
  1. നന്ദി ..സന്തോഷം...നല്ല വരികള്‍.....

   Delete
 4. Ethra manoharamaya kavitha....abhinandanangal

  ReplyDelete
 5. Ethra manoharamaya kavitha....abhinandanangal

  ReplyDelete
 6. "പച്ചപ്പുതപ്പിന്റെയുള്ളിലെ പൂവുകള്‍
  ഒച്ചയുണ്ടാക്കാതടര്‍ന്നു"
  വരികൾ എല്ലാം സുന്ദരം. എങ്കിലും ഈ വരികൾ അതിസുന്ദരം!

  ReplyDelete

Post a Comment

Popular posts from this blog

മുക്തകങ്ങള്‍ - വെറുതെ

വീനസിൻ ദേവാലയം

തൊണ്ടു ചീയുമ്പോൾ