'നീയെന്നു ചൊല്ലുക ..'


"അമ്മയെ ഞാനടിച്ചില്ല! , കാറ്റിലെന്‍
കൈ പറന്നങ്ങു  താനേ തൊടുന്നതാ-
ണിത്ര നോവുമെന്നാരറിഞ്ഞെങ്കിലീ
കയ്യുകള്‍ക്കൊരു കുഞ്ഞടി നല്കിടാം ".....

"വേണ്ട മുത്തേ മടക്കുന്നു; വന്നിതാ
വേറെയൊന്നല്ല പത്രവൃത്താന്തവും".


വെട്ടുകൊണ്ടവരേറെ  വീണങ്ങനെ
വെട്ടമേറുന്ന  കാടകം തേങ്ങവേ .
വേടമൂര്‍ത്തികള്‍ പാടി,  'കാറ്റല്ലയോ.
വാളു ചൂടും കരങ്ങളോ കാരണം !'

ഒന്നിനൊന്നായ്‌ വിനോദം  വിവാദമാ-
യൊന്നുമോരാതുലാവുന്നു തെന്നലും
മിന്നി നില്ക്കും വെളിച്ചങ്ങ,ളമ്പിളി
പ്പൊന്‍നിലാവും മറയ്ക്കുന്നു കാര്‍മുകില്‍

അക്ഷരങ്ങള്‍  തെളിച്ചെടുക്കും കനല്‍  ,
ദിക്കിലെങ്ങും  ജ്വലിപ്പിച്ച വേനലില്‍,
അക്കരക്കാറ്റടര്‍ത്തും മരങ്ങളില്‍,
അക്കിളിച്ചുണ്ടനുണ്ടോ? മറന്നുവോ?  .

നീരൊഴുക്കുകള്‍  യാത്ര ചോദിക്കയാ-
യാവണിപ്പാടമെന്നേയുറക്കമായ്
ആഴിതോറും കെടാവിളക്കും തെളി-
ച്ചാളിറങ്ങുന്ന തീരങ്ങളില്‍ വെറും
നേരുതേടുവാന്‍ നേരമില്ലെത്രയോ
ദൂരമുണ്ടതിവേഗം പറന്നിടാം  ..

പാറകള്‍ക്കുള്ളിലാണ്ടുവോ കണ്ണുനീര്‍?
താഴെയെങ്ങാനുറപ്പുള്ള വേരുകള്‍?
മാറിനില്‍ക്കുകീ മൌനം തകര്‍ന്നിടാം
മാറിനില്‍ക്കുക,  മാറിനി'ന്നേല്‍ക്കുക'.

തന്‍റതല്ലാത്ത കാരണമൊക്കെയും
തന്നിലേക്കുരുള്‍പൊട്ടുന്ന ഭൂമിയില്‍
വേദനിക്കുമോ കുഞ്ഞടിപ്പാടുകള്‍?
വേദനിക്കില്ല... 'നീയെന്നു ചൊല്ലുക.  '
-----------------------------

Comments

 1. ഒന്നിനൊന്നായി വായിച്ചുവെങ്കിലും
  തന്ന വാക്കിന്റെ അറ്റം മുഴുക്കെയും
  തോന്നിയില്ല,യെന്‍ നോക്കിന്റെ കുറ്റമോ?
  ഇന്നു പോവുന്നു, നാളെ വീണ്ടും വരാം!

  ReplyDelete
 2. കവിത മനോഹരം
  ആശയം സുവ്യക്തമായില്ല പക്ഷെ

  ReplyDelete


 3. എന്തുചൊല്ലുവതെന്നും, പരസ്പരം
  ബന്ധമീവരിക്കെന്നും ഞാൻ ശങ്കിപ്പൂ
  ചിന്തകൾക്കൈകരൂപ്യമില്ലെങ്കിലും
  സുന്ദരം, കാവ്യഭംഗിയാൽ മോഹനം !

  ReplyDelete
 4. നന്ദി..നല്ല വായനയ്ക്കും തുറന്നുള്ള അഭിപ്രായങ്ങള്‍ക്കും...ചുറ്റും നടക്കുന്ന വിവിധ വാര്‍ത്തകളുടെ ബന്ധമില്ലായ്മ കൂടി ഇതിനുത്തരവാദിയാണ് :-) .. മുന്പെപ്പോഴോ മാധ്യമ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിപ്പോയ ഒരു കവിത...

  ReplyDelete
 5. തുറന്ന അഭിപ്രായങ്ങള്‍ക്കുള്ള നല്ലൊരിടമാണു ബ്ലോഗ്. പക്ഷെ ഇവിടെ പലപ്പോഴും പരസ്പരം പുറം തടകല്‍ മാത്രമേ കാണുന്നുള്ളു. തുറന്ന അഭിപ്രായങ്ങള്‍ കൊണ്ടേ എഴുത്തുകാരനു ഗുണമുള്ളു. മുകളില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ നല്ലൊരു എഡിറ്റിങ്ങിനു ഉപകരിക്കുമെന്നു തന്നെ കരുതുന്നു. അനുവാചകനു ഓരോ വരിയും വ്യക്തമായി മനസ്സിലാവട്ടെ. നല്ല കാവ്യ ഭാഷ കൈമുതലായുള്ള ശ്രീജ ഫ്രാന്‍സിലിരുന്നു ഇനിയും കവിതകള്‍ എഴുതി ബ്ലോഗിലിടട്ടെ!

  ReplyDelete
 6. This comment has been removed by the author.

  ReplyDelete

Post a Comment

Popular posts from this blog

മുക്തകങ്ങള്‍ - വെറുതെ

വീനസിൻ ദേവാലയം

തൊണ്ടു ചീയുമ്പോൾ