Saturday, March 31, 2012

പൂരണം...
സമസ്യ: നിന്നാർദ്രപ്പൂമഴയ്ക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടേ..
------------------------------------------------------

എന്നോമൽ കുഞ്ഞിളം പൂ,വരികി,ലകലെയിമ്മട്ടിലോടിക്കളിപ്പൂ ..
എങ്ങെല്ലാം സഞ്ചരിപ്പൂ! തകൃതി, വികൃതി!,യെമ്പാടുമെൻ കൈ കുതിപ്പൂ !
എൻ മാതേ, നിന്മിഴിപ്പൂവവിരതമിവനേ കാത്തു കൊള്ളാൻ കൊതിപ്പൂ...
നിന്നാർദ്രപ്പൂമഴയ്ക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടേ..

സമസ്യ: ക്കാലം തീര്‍ത്ത കളിക്കളത്തില്‍ ഭഗവാന്‍ വയ്ക്കുന്ന ചൂതാണു നാം
------------------------------------------------------

മാലറ്റമ്ബിളി പുഞ്ചിരിച്ചു പലതാം താരങ്ങളങ്ങങ്ങിതാ

ചേലൊത്താകെ വിടര്ന്നതും വിധുരമീ രാവും പുലർ വേളയായ്

പാലപ്പൂക്കളുണർന്നെണീറ്റു നിരയായ് കാറ്റിൽ കലമ്പുന്നു തൽ -

ക്കാലം തീര്‍ത്ത കളിക്കളത്തില്‍ ഭഗവാന്‍ വയ്ക്കുന്ന ചൂതാണു നാം

സമസ്യ:കരുണയുള്ള മുകുന്ദ പദാംബുജം !
------------------------------------------------------

മധുരമുള്ളധരം, വദനാംബുജം
ചതുരമുള്ള കരം , ചരണാംബുജം
കരയുമുള്ളറിയും ഹൃദയാംബുജം
കരുണയുള്ള മുകുന്ദ പദാംബുജം !

സമസ്യ:തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.
------------------------------------------------------

ചുറ്റിക്കില്ലേ, കനലെരിയുമീ മേടമാസം നിനച്ചാല്‍
വറ്റിക്കാമോ കരുണ ചൊരിയും കാവുമാ നീരൊഴുക്കും?
പുറ്റിന്നുള്ളില്‍ ചിതലുകയറും മുന്‍പു പൂജയ്ക്കൊരുങ്ങാം
തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.

പറ്റിച്ചല്ലോ, മധു നുകരുവാനെത്തുമീ പൊന്നുഷസ്സില്‍
തെറ്റിപ്പോയോ? വനികയിതു താനല്ലയോ കുഞ്ഞു കാറ്റേ?
ഒറ്റത്താരും തരള മിഴിയാലെത്തി നോക്കീല കണ്ടോ?
തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.

ഒറ്റയ്ക്കെന്തേ? മിഴി നനയുവാന്‍? മഞ്ഞ മന്ദാരമേ നി-
ന്നുറ്റോരെങ്ങോ? കഥകളറിയാക്കാറ്റു കൈവിട്ടുവെന്നോ?
കുറ്റം ചൊല്ലില്ലിനിയുമൊരുവന്‍, കൂട്ടരേ ഞാന്‍ വിളിക്കാം
തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.

സമസ്യ: മോന്തിടുക ചിന്തയിനി വേണ്ട ലവലേശം '

------------------------------------------------------ചെന്തളിരിലെന്തു മധു! തുമ്പി മനമോര്‍ക്കെ
അന്തിവെയിലിന്ദുവദനയ്ക്കു നിറമേറ്റീ
ഹന്ത! മകരന്ദമണയുന്നു വനി നീളെ,
മോന്തിടുക ചിന്തയിനി വേണ്ട ലവലേശം '


സമസ്യ:  കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം  '
------------------------------------------------------
കണ്ണിന്‍ കദംബവനിയില്‍ കളിവീടൊരുക്കാം
കണ്ണന്‍ ചിരട്ട,യിളനീര്‍, ചെറുപീലിയേകാം
മണ്ണിന്‍ വെറും കരടിലെന്നിമയൊന്നടഞ്ഞാല്‍
കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം

സമസ്യ: ശ്വാനന്റെ വാലു നിവരില്ലിതു സത്യമത്രേ !'
------------------------------------------------------

ഞാനെന്‍റെ പൂരണമെടുത്തു തൊടുത്തനേരം
നീനിന്‍റെ ലൈക്കു തരുമെങ്കിലിതും ക്ഷമിക്കാം
കൂനന്‍റെ കൊമ്പിലിടചേര്‍ത്തു കമന്റിടുന്നോ?
'ശ്വാനന്‍റെ വാലു നിവരില്ലിതു സത്യമത്രേ !'

ഞാനെന്‍റെ പാട്ടുപലതും പല താളമൊത്തീ
വീടിന്‍റെ തിണ്ണയിലിരുന്നഹ പാടിടുമ്പോള്‍
നീനിന്‍റെ വാലു ചുരുളാക്കിയടുത്തു, ചൊന്നോ?
'ശ്വാനന്റെ വാലു നിവരില്ലിതു സത്യമത്രേ !'


സമസ്യ: സമയമിനി കുറച്ചേ ബാക്കിയുള്ളൂ സുഹൃത്തേ '
------------------------------------------------------
മഴയിലിമ കുതിര്‍ന്നൂ, മൌനരാഗം പടര്‍ന്നു
വിനയമിടറി നിന്നൂ വിങ്ങലുള്‍പ്പൊങ്ങിടുന്നൂ
സദയമൊരു മൊഴിയ്ക്കായ്‌ കാത്തുനില്പ്പാണു ഞാനും
സമയമിനി കുറച്ചേ ബാക്കിയുള്ളൂ സുഹൃത്തേ '


സമസ്യ:  പരമേശ്വര ! നീയുണരേണമിനി..‌
------------------------------------------------------

കരമേറിയ പൂരണമപ്പടി ഞാന്‍
ശരവേഗമെടുത്തു വരും വഴിയെ
തിരിയുന്നു സമസ്യയിതെന്തു കഥ!
പരമേശ്വര ! നീയുണരേണമിനി..‌

അരുതമ്മ ചൊരിഞ്ഞിടുമല്‍പ്പ കണം
മരുഭൂമി നനച്ചു മറഞ്ഞിടുവാന്‍
പിരിയാതെ പുഴങ്കര തീര്‍ത്തമരാന്‍
പരമേശ്വര ! നീയുണരേണമിനി..‌


കതിരേശ്വരനും മണിമാലകളാ-
ലവനീശ്വരി തന്‍  മനമേറിയിതേ  
ഹിതമീശ്വരനും കനകം! പതിയാം
പരമേശ്വര, നീയുണരേണമിനി..‌


സമസ്യ:  മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ!
------------------------------------------------------

ചെണ്ടിട്ടുണര്‍ന്നു വനമുല്ലയുമല്ലിയെല്ലാ-
മിണ്ടല്‍ മറന്നു, പൊഴിവൂ കളകൂജനങ്ങള്‍
ചുണ്ടില്‍ വസന്തമിണചേര്‍ത്തവരെങ്ങുമെങ്ങും
മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ.

പണ്ടേ പറഞ്ഞു പിറവം  പടിയേറിയെന്നാല്‍
കൊണ്ട്വോയിടും 'കര കരേറിയ കപ്പലെ'ന്നും
കണ്ടോ തുറന്നു 'കുള','മപ്പെരിയാറു' കാര്യം
മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ!


തണ്ടല്ല, മിണ്ടിമറയുന്നതു നമ്മളല്ലേ
കണ്ടും പറഞ്ഞുമൊരുപാടു നടന്നതല്ലേ
ചുണ്ടില്‍ കൊരുത്ത നറുമുല്ലയടര്ന്നു പോലും!
മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ!

സമസ്യ: “രം നരം ല ഗുരുവും രഥോദ്ധത“
--------------------------------------------------------

പം.. പദം.. പദമുയര്‍ന്നു താഴവേ
തം.. തജം.. തകജ താളമിട്ടുടന്‍
കിം?.. കിലും.. കിളിയടുത്തു കൊഞ്ചിപോല്‍
“രം നരം ല ഗുരുവും രഥോദ്ധത“


രംഭയെന്മതി കരേറി നര്‍ത്തനം
രംഗ രാഗമതിഭാവനാ രസം
രംഭിതം മൊഴിയുമക്ഷരക്രമം
“രം നരം ല ഗുരുവും രഥോദ്ധത“

സമസ്യ:അടിവേരറ്റ മെലിഞ്ഞ പച്ചകള്‍.
---------------------------------------------------------

പടിയില്‍ തളരേണ്ട, കാടകം
ചൊടിയാര്‍ന്നങ്ങു പരിഷ്കരിച്ചു പോല്‍
ഒടുവില്‍ ഭഗവാനു ബാക്കിയാ-
യടിവേരറ്റ മെലിഞ്ഞ പച്ചകള്‍.

അടിവാരമുറങ്ങിയന്തിയില്‍
തുടിതാളങ്ങളൊടുങ്ങിയെങ്കിലും
തടിനീ ഹൃദയത്തിലിന്നുമു-
ണ്ടടിവേരറ്റ മെലിഞ്ഞ പച്ചകള്‍


സമസ്യ:മധുരമൊഴികളാലേ നിർജിതം സർവ്വലോകം
---------------------------------------------------------

കദനമൊഴിയുമീറന്‍ വാക്കു പൂത്തൂ നിലാവില്‍ 
ഹൃദയമിഴിതലോടീ വര്‍ണ്ണ ജാലം വിടര്‍ന്നൂ!
കരുണവഴിയുമോമല്‍ കാവ്യസൌഭാഗ്യമേ നിന്‍- 
മധുരമൊഴികളാലേ നിർജിതം സർവ്വലോകം
15 comments:

 1. അദ്ഭുതപ്പെട്ട് വായും തുറന്നങ്ങ് ഞാനും കൂടിയിവിടെ.

  ReplyDelete
 2. നന്ദി, ചില ഇന്റര്‍നെറ്റ്‌ കൂട്ടായ്മകളില്‍ എഴുതിയ സമസ്യാ പൂരണങ്ങള്‍ ആണ്.
  അജിത്തിന്‍റെ കവിതകള്‍ വായിച്ചപ്പോള്‍ ഞാന്‍ മുനെപ്ഴുതിയ സമയ വാഹിനി, ചിലമ്പൊലി, ഒക്കെ ഓര്‍ത്തു..പ്രത്യകിച്ചു സാമ്യമൊന്നുമില്ല..ഈ ബ്ലോഗില്‍ താഴെ ഉണ്ടാവും..സമയം പോലെ വായിക്കൂ..
  സ്വാഗതം..

  ReplyDelete
 3. മിണ്ടാതെ കണ്ടുപോവതു മോശമല്ലേ
  കണ്ടാലുമെഴുതാനിനിയുമറിവുമില്ല
  വണ്ടായി പറന്നു നുകർന്നിടാമീത്തേൻ
  മിണ്ടാതിരിക്കുവതുതന്നിനി നല്ലതത്രേ

  ReplyDelete
 4. അറിയാത്തവന് അറിവിന്റെ പേടകം
  തുറന്നു മസ്തകത്തിനുള്ളില്‍ നിറച്ചു
  കവിതയിലുടെ മോഹനം മനോഹരം

  ReplyDelete
 5. ഈ ജന്മമെന്റെ വിരലാലിതുമട്ടു പദ്യം
  രാജിയ്ക്കുമെന്നു കരുതാനെളുതല്ല സത്യം
  ഈ ജീവതന്തുകരളിൽ കുടിവച്ചിടുന്നെൻ
  ശ്രീജേ! നിനക്കു ഹൃദിമംഗളമേകിടുന്നേൻ

  ReplyDelete
  Replies
  1. സന്തോഷം ദേവേട്ട..''ഇക്കൊച്ചു പദ്യമടരും മരമെത്ര മെച്ചം!''

   Delete
 6. ആശംസകള്‍ എന്റെയും വക പ്രിയ ശ്രീജ

  ReplyDelete
 7. നല്ലകാവ്യമുകുളങ്ങള്‍ കനിവിന്റെ-
  വല്ലിയില്‍, തെല്ലുവിഷാദമാം മുളളുകള്‍
  ചൊല്ലുവാനാളല്ല,യെന്നിരുന്നാലുമേ-
  നോതുന്നഭിനന്ദനത്തിന്നുഷസ്സുകള്‍.
  -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-

  ReplyDelete
 8. കാവ്യമതിശോഭ ചൊരിയുന്ന പൂവാടി
  തന്നിൽ മധു തേടിയലയുന്നു ശലഭങ്ങൾ
  വൈകി ചെറു തുമ്പി ഞാനെത്തി, മധുരത്തേൻ
  മോന്തിടുവാനില്ലയിനി ചിന്ത ലവലേശം!

  ReplyDelete
  Replies
  1. സുസ്വാഗതം Girija Navaneethakrishnan ...സന്തോഷം..വരികൾക്കും വായനക്കും നന്ദി.

   Delete

പുതുവത്സരാശംസകൾ 2018

നന്മ നിറഞ്ഞ പുതുവത്സരാശംസകൾ! പ്രാർത്ഥനയോടെ. (കഴിഞ്ഞ കൊല്ലം കിട്ടിയതൊക്കെ വരവുവച്ചു നന്ദിപൂർവ്വം പുതുക്കിയിട്ടുണ്ട് ). ...