ആരു തൊട്ടാലും വിതുമ്പുന്ന വീണയൊ-
ന്നാ മരച്ചോട്ടില്‍ കിടന്നിരുന്നു
കാറ്റുമ്മ വച്ചു പോയ്, കേട്ടതോ പാട്ടിന്‍റെ
നേര്‍ത്തൊരു ശ്രീരാഗമായിരുന്നു
താരകള്‍ താഴേയ്ക്കിറങ്ങി വന്നോ രാഗ-
ഭാവമായ് താലം നിറച്ചു തന്നോ
ആവണിക്കാലം തിരിച്ചു വന്നൂ മര-
മാകെ തളിര്‍ത്തു രസിച്ചു നിന്നൂ
വണ്ടുകള്‍ മൂളിപ്പറന്നു വന്നൂ മലര്‍-
ച്ചെണ്ടുകള്‍ പുഞ്ചിരിയിട്ടുണര്‍ന്നൂ
മേലെയാരോ മഴ ചാറ്റുതിര്‍ത്തായതില്‍
കാലവും താരാട്ടു പെയ്തു നിന്നൂ
നോവാതെ, നോവിലും നോവാതെ വീണ്ടുമാ
വീണയില്‍ ഗാനം തുടിച്ചുയര്‍ന്നു.
കാറ്റേറ്റു വാടൊല്ലേ യേറും മഴച്ചാറ്റി-
ലൂറ്റം തകര്‍ന്നു മണ്ണേറ്റിടൊല്ലെ
നേരേ മിനുക്കിത്തുടച്ചെടുത്തൂ വീട്ടി-
ലാരോ വിളക്കിന്നടുത്തു വച്ചൂ
തന്‍ നൂല്‍ വിളക്കി ചമച്ചെടുത്തേനതില്‍
പൊന്‍ചിലമ്പേ തീര്‍ത്തൊരുക്കി വച്ചു
താളമാണെല്ലാം തിളങ്ങട്ടെ, കൊഞ്ചട്ടെ
മേളമായ് ചുറ്റും നിറഞ്ഞിടട്ടെ
നോവിന്‍റെ തന്ത്രികളില്ലാതെ വീണയില്‍
ജീവന്‍ തുടിച്ചില്ലു,ണര്‍ന്നില്ല പോല്‍
ആരു തൊട്ടാലും വിതുമ്പാ,തനങ്ങാതെ-
യാ മണിക്കൂട്ടില്‍ പൊലിഞ്ഞു പാവം!
ആരു തൊട്ടലും തുടിയ്ക്കുന്ന തന്ത്രിയി-
ReplyDeleteതാരിലും തീര്‍ക്കും വിതുമ്പല്‍ ; ഞാനും
നേരാണു തെല്ലു വിതുമ്പിയിതെന്തിനോ
ചാരുശില്പം ശ്രീജ തീര്ത്തു വയ്ക്കേ!
മരച്ചോട്ടില്‍ “കിടന്നിരുന്നു”. ശരിയാണെങ്കിലും തെറ്റെന്നും വാദിക്കാവുന്ന ഒരു പ്രയോഗമെന്ന് തോന്നി.
ReplyDeleteശരിയാണെന്ന് വാദിച്ചോളൂ. :)
Delete