ഗാനം

എല്ലാം പറഞ്ഞു കഴിഞ്ഞ മൌനത്തിന്റെ
വല്ലാത്ത ശൂന്യതയില്‍ ഞാനിരിയ്ക്കവേ
വന്നുവിളിയ്ക്കുന്നോരക്ഷരക്കൂട്ടമേ
നന്ദി, എന്നിഷ്ടങ്ങളിത്രമേലോര്‍ക്കയോ.
എന്നേ മറവി നടിച്ച പ്രിയങ്ങളില്‍-
ത്തന്നേ മടങ്ങും ഹൃദയ ചാപല്യമോ 
ബന്ധുവായേതോ പിടിവള്ളി തേടുന്ന 
സന്ധ്യ ചൊരിഞ്ഞ വിഭ്രാന്തമാം തോന്നലോ
 
ഇറ്റു ധര്‍മ്മത്താലുയിര്‍ തൂകിടും പൊരു -
ളെത്ര വര്‍ണ്ണത്തിന്നിടയില്‍  തിരഞ്ഞു ഞാന്‍
നാരിഴ വേര്‍തിരിച്ചും മറിച്ചും നന്മ-
യൂറും കതിര്‍ തേടിയെങ്ങുമലയവേ 
ചുറ്റും പറന്നു കളിയ്ക്കും പതിരുകള്‍
തെറ്റിച്ചിതറിച്ചിരിപ്പൂ സമര്‍ത്ഥരായ് 
എല്ലാമൊതുക്കിയുറങ്ങുന്നിരവുകള്‍
എന്തൊക്കെയോ തെളിക്കുന്നീ പകലുകള്‍
കീറിപ്പറിച്ചു ദൂരത്തേയ്ക്കെറിഞ്ഞു പോ -
യേറിക്കുറഞ്ഞ കണക്കിന്റെ കള്ളികള്‍
മിച്ചമായൊന്നുമില്ലിന്നു കയ്യില്‍ യാത്ര
മിച്ചമായേറ്റം മുഷിഞ്ഞ വസനവും

ലാഭമോലാത്തൊരീ തോന്ന്യാക്ഷരങ്ങളില്‍
മൂകമടിഞ്ഞു മുറിവേറ്റ പക്ഷിപോല്‍
വേറെയുണ്ടോ സത്യമീ സൌരവീഥിയില്‍  
വേറെയുണ്ടോ വെളിച്ചം സ്നേഹമന്ത്രവും
വാടിത്തളര്‍ന്നകതാരില്‍ മയങ്ങുമാ
പാടാത്ത പാട്ടിന്‍ പഴയ പൂമൊട്ടിനെ
ചൂടി നില്‍ക്കുമ്പോളവശേഷിച്ച പ്രാണന്റെ
ചൂടേറ്റു വീണക്കുടങ്ങളില്‍ സ്പന്ദനം!
കൈപിടിച്ചാരിന്നുയര്‍ത്തുന്നനന്തമാ-
മകാശമല്ലോ വിളിക്കുന്നു, കണ്ണിലേ-
യ്ക്കാരീ വെളിച്ചം വിതറുന്നു? വെണ്മത-
ന്നേതു മുകില്‍ത്തുമ്പു കോരിയെടുത്തെന്നെ-
യേതേതു ദിക്കുകള്‍ തോറും പറക്കുന്നു?
ഈ ഘനവും താണിറങ്ങട്ടെ , താഴത്തോ-
രീറതന്‍ തണ്ടിന്നു ജീവനമാകട്ടെ
ഞാനലിഞ്ഞില്ലാതെയാകട്ടെ കാറ്റിലെന്‍
ഗാനമേ നീ മാത്രമെന്നും മുഴങ്ങട്ടെ
-----------------------

Comments

Post a Comment

Popular posts from this blog

മുക്തകങ്ങള്‍ - വെറുതെ

വീനസിൻ ദേവാലയം

തൊണ്ടു ചീയുമ്പോൾ