കുപ്പിയില്‍ നിന്നും പുറത്തുചാടി
ചപ്പിലപ്പൂതം പറന്നുപോയി
വെട്ടപ്പെടാത്ത വേതാളങ്ങളെ
വെട്ടിപ്പിടിച്ചവര്‍ നമ്മളല്ലേ
കുപ്പിയിലാക്കി മെരുക്കി കൂറ്റന്‍-
കോട്ടകള്‍ക്കുള്ളില്‍ തളച്ചതല്ലേ
തിങ്ങി വിങ്ങിക്കരള്‍ നൊന്തിടുമ്പോള്‍
തമ്മില്‍ ചൊരിഞ്ഞ നിശ്വാസമെല്ലാം
നാടുരുക്കീടും പ്രകാശമാക്കീ
നാലാളു ഞെട്ടും പടക്കമാക്കീ
നാട്ടാരെ കൊല്ലുന്ന സൂക്കേടാക്കി
സൂക്കേടുമാറ്റും മരുന്നുമാക്കി
കാരണവന്മാര് വിലയ്ക്കു വച്ചേ
കായുള്ളോര്‍ വാങ്ങിച്ചു കയ്യില്‍ വച്ചേ
നീറും വെളിച്ചം പുകഞ്ഞുയര്‍ന്നു
കാറ്റും കടലും കറുത്ത കാലം
തപ്പിത്തടഞ്ഞമ്മ വന്നതാണേ
കുപ്പി കൈതട്ടിത്തകര്‍ന്നു വീണേ
കുപ്പിയില്‍ നിന്നും പുറത്തുചാടി
ചപ്പിലപ്പൂതം പറപറന്നേ
നന്മുലപ്പാലില്‍ വിഷം തളിച്ചേ
അമ്മാനമാടി കടല്‍ നിറച്ചേ
വെണ്മുകില് തുഞ്ചത്തിടിച്ചു കേറി
കണ്മണി നാടെല്ലാം ചുറ്റിടുന്നേ
മുക്കുറ്റിമുല്ല മന്ദാരമെല്ലാം
മുറ്റും വസന്തക്കിനാവൊരുക്കി
മുറ്റം നിറച്ചു പൂപ്പന്തലിനായ്
മൊട്ടും തളിരും നിറച്ചനേരം
പുത്തന്‍ മഴയൊരു തീമഴയായ്
പെയ്തായിതെല്ലാം കരിച്ചിടുന്നേ
വല്ലാത്ത വേനല്‍ വലച്ച നാടും
പെയ്യല്ലേ പെയ്യല്ലേന്നോതിടുന്നേ
മന്ത്രങ്ങളെല്ലാമുരുക്കഴിച്ചു,
മന്ത്രവടിയും ചുഴറ്റിയെന്നും
കൊമ്പ് കൊരുക്കും കുറുമ്പരെല്ലാം
കമ്പപ്പുരയ്ക്കുള്ളിലമ്പരപ്പായ്
'കമ്പിത്തിരിയൊന്നുമല്ല കയ്യില്‍
വമ്പനാം മത്താപ്പ് കണ്ടു കൊള്ളൂ'
വീമ്പ് പറഞ്ഞു നടന്നോരാണേ
അമ്പമ്പോ ഞെട്ടിത്തെറിച്ചു പോയി
കുപ്പിയൊന്നേയൊന്നു പൊട്ടിയപ്പോള്‍
കഷ്ടമിമ്മട്ടിലായെങ്കിലെന്തേ
കത്തും പുരച്ചോട്ടില്‍ വാഴവെട്ടാന്‍
കത്തിയ്ക്കു മൂര്‍ച്ചകൂട്ടേണ്ടയോ നാം
വളരെ വളരെ നന്നായിട്ടുണ്ടു്.ഭാഷാ ശേഷിയും
ReplyDeleteഭാവുകത്വം നിറഞ്ഞതുമായ കവിത.
നന്ദി.സന്തോഷം.
ReplyDeleteഭാവനാലോകത്തെ കവയിത്രി മാത്രമല്ല ആക്ടിവിസ്റ്റും കൂടിയാണല്ലേ?
ReplyDeleteഅല്ലേയല്ല, സാമാന്യ പ്രതികരണങ്ങള്‍ മാത്രം.
Delete