Friday, December 11, 2009

മുക്തകങ്ങള്‍ - വെറുതെ

ആരായാലും പിണങ്ങും കവിതയിതുവഴിക്കിന്നു കൈവിട്ടുവെന്നാ-
ലാരോമല്‍ക്കാന്തനെന്നോടിതു വിധമരുളീ നേരമില്ലിന്നു നിന്നാ'ല്‍
പാരാതേ നീ തുനിഞ്ഞക്കവിതയവളെയൊന്നാനയിച്ചിങ്ങു വന്നാല്‍
നേരമ്പോക്കാകുമപ്പോളടിയനുമൊടുവില്‍ കാവ്യമല്‍പ്പം ഭുജിക്കാം

എന്തിക്കാവ്യ സരിത്തിലിന്നമൃതിനായന്തിക്കണഞ്ഞീടവേ
ചിന്തിക്കാതൊരു നാഗവും ചടുലമത്തുമ്പൊന്നുയര്‍ന്നാഞ്ഞതും
ചന്തത്തില്‍ കവിതക്കുഴമ്പു കഴലില്‍ കൊഞ്ചിത്തലോടീടുകില്‍
പൊന്തിച്ചിറ്റുമഹന്ത തന്‍ വിഷജലം കണ്‍ഠത്തിലേറ്റീടുമോ
ചിത്തം കത്തിയ വാക്കുകള്‍ക്കിടയിലൂടര്‍ത്ഥം തിരഞ്ഞെത്തുകില്‍
യുക്തം ചേരുവതെത്രമാത്ര, മിവിടെക്കത്തട്ടൊ,ടുങ്ങട്ടതും
മെത്തും പൊന്‍ചിരി തൂകി നിന്‍ പുലരിയിങ്ങെത്തും വരെയ്ക്കും മനം
പുത്തന്‍ ചെങ്കനലൂതിടും പുനരിതിന്‍ ഭസ്മം നിനക്കേകിടും
പന്ത്രണ്ടക്ഷരവും പുകഞ്ഞു വെറുതേ ചന്തം വെടിഞ്ഞിന്നുഞാ-
നെന്തിച്ചെങ്കനലാട്ടമാര്‍ന്നു ശിലയില്‍ ചിന്തില്ല പോല്‍ ചിന്തുകള്‍
'അന്തിക്കില്ലിനി നേരവും വരിക നീ പൂന്തെന്നലായ്‌ കാവ്യമേ
സ്വന്തം തന്നിവളോര്‍ക്കുകില്‍ തരികടോ ശാര്‍ദ്ദൂല വിക്രീഡിതം
എന്താണിക്കഥ ചുറ്റിലും ശലഭമായ് ശാര്‍ദൂലവിക്രീഡിതം
പന്ത്രണ്ടും ചിറകാര്‍ന്നു വന്നരുമയാല്‍ ചുംബിച്ചുണര്‍ത്തുന്നിതേ
സ്വന്തം തന്നെയെടുത്തു കൊള്‍ക,യലിവാര്‍ന്നുന്തീടണം തെന്നലേ
ചന്തത്തില്‍ പുനരേകുനിന്‍ തൊടികളില്‍, പൂക്കാലമേ വന്ദനം.
മുത്തിന്‍ മൌനമെറിഞ്ഞുടച്ചു മൊഴിമുത്തീടും മഹാശക്തിയി-
ന്നെത്താതെങ്ങു പറത്തിയെന്‍ മനമതും പട്ടം കണക്കിവ്വിധം
സത്തിന്‍നൂലതു നേര്‍ത്തതെങ്കിലുമഹോ പൊട്ടാതുടക്കാതെ നീ-
നിത്യം കാത്തു കരത്തിലേ കരുതണം തത്തിക്കളിക്കട്ടെ ഞാന്‍
നാളീകേരമുണങ്ങിയീ തൊടികളില്‍ താനേ പൊഴിഞ്ഞീടവേ-
യാളേത്തേടി വലഞ്ഞു ഞാനിവിടെയിന്നാരും വരാനില്ല പോല്‍
ആളും യൂണിയനൊന്നു മാപ്പരുളുകില്‍ നേരേ കരേറാം സ്വയം
കേളിക്കേരള ഭൂവിലേക്കറികളില്‍ കേരം കുറയ്ക്കാവതോ
കഥകളിവിടുറങ്ങും കാലമെങ്ങോ പറക്കും
മഥനമിനിയുമേറും മായമാറാതെ മാറും
പഥികനിതു നിയോഗം പാതി തീരും പ്രയാണം
പഥമറിവു രഹസ്യം പാരിതില്‍ പാരവശ്യം
വരാതിരിക്കില്ല വസിഷ്ഠരെന്നോര്‍-
ത്തിരുന്നു വാല്‍മീകമുയര്‍ന്നിടുമ്പോള്‍
വിരുന്നിനെത്തും വരവാണി നാവില്‍
പിരിഞ്ഞു പോകാനരുതാഞ്ഞു നിന്നൂ !
(ഉപേന്ദ്രവജ്ര)

1 comment:

  1. വൃത്തമൊക്കെ മറന്നു. ലക്ഷണവും പേരുകള്‍ പോലും മറന്നു. ശ്രീജയുടെ പോസ്റ്റുകള്‍ വായിച്ച് തീ‍രുമ്പോഴേയ്ക്കും ചിലതെങ്കിലും പഠിക്കും. നന്ദി

    ReplyDelete

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...