നീയോ?നീലജലാശയത്തിലുണരും താരോ? നിലാപ്പൊയ്കയില്‍,
നീളേ മുങ്ങിനിവര്‍ന്നുലഞ്ഞു മിഴിചിമ്മുന്നോരിളം താരമോ?
ആരോ മാമക ഹൃത്തിലാര്‍ദ്ര മധുരോന്മാദം ചോരിഞ്ഞേ മറ-
ഞ്ഞാരോമല്‍പ്പിറവിക്കു കാത്തു കവിതേ പാരം തപിക്കുന്നിതേ.
കുക്കൂ പാടിയണഞ്ഞിതാ വനികയില്‍, പൂത്തില്ലയോ ചെമ്പകം
നില്ക്കാം തെല്ലിട, കേള്‍ക്ക നിന്‍ പ്രിയകരം, ശ്രീരാഗ സങ്കീര്‍ത്തനം
വെക്കം പൂക്കണമാര്‍ദ്രമീ പുലരിയില്‍ പൂജക്കു പൂവേകണം
രൊക്കം വാങ്ങിയതൊക്കെയും തിരികെയാ തൃക്കാല്‍ക്കലെത്തിക്കണം
താലത്തില്‍ നിറദീപജാലമരികില്‍ പാലമ്പിളിച്ചന്തവും
ജാലം പോലൊരു സൂര്യനും, പുലരിയും രാവും നിറച്ചങ്ങനെ
മേലെച്ചേലുപൊഴിക്കവേ കനലുമായ്താഴത്തുവന്നിട്ടെനി-
യ്ക്കോലച്ചൂട്ടിലൊരിത്തിരിപ്പകരുമോ ഞാനിന്നു മോഹാര്‍ത്തയായ്
രാവിന്‍ മുല്ലവിരിപ്പിനുള്ളിലൊരുനാള്‍ ചോരന്‍ കടന്നങ്ങു ശ്രീ-
താവും പൂക്കളിറുത്തതും വിരഹമായീറന്‍ തുളുമ്പുന്നിതേ
പാവം പെണ്ണു മയങ്ങിടും പുലരിയില്‍ കാലം ചിരിക്കുന്നുവോ
നോവിന്‍ രശ്മികളുര്‍വ്വിയില്‍ചിതറി പോല്‍ ദേവന്‍റെ പൊന്‍മോതിരം.
രാത്രിക്കില്ലിനിയാത്രയെന്നുരുവിടും മാത്രയ്ക്കു താന്‍ പോയിടും
തീര്‍ത്തും വാടിയുറഞ്ഞൊരെന്‍ മുഖദളം കൂര്‍ത്തൊന്നു കൂമ്പീടുമേ
പേര്‍ത്തും നീ വരുമെന്നെ നോക്കുമതിലെന്‍ ജീവന്‍ തളിര്‍ത്തീടുമെ-
ന്നോര്‍ത്തേ ഞാനുമുറങ്ങിടും, പറയുമോ കാറ്റേ വിഷാദങ്ങളെ.
ആവില്ലെന്നു നിനച്ചുപോയുയരുമീയാവിക്കു താങ്ങാകുവാ-
നാമോ വെണ്മുകിലാകിലും തടയിടാനാരേയണഞ്ഞീടുവാന്‍
ആയുസ്സറ്റു വിളിക്കുമക്കിളികള്‍ തന്‍ ദാഹങ്ങളില്‍ ചേരുവാ-
നോരോ രശ്മികളാവതും കഠിനമെന്‍നേരേ ചൊരിഞ്ഞീടു നീ
-(ശാര്‍ദ്ദൂലവിക്രീഡിതം)
താരാജാലം തരളമിഴിയാല്‍ തിങ്കളെത്തേടി വന്നി-
ട്ടാരോ പാടും വിരഹവിധുരച്ചിന്തുകള്‍ കേട്ടിരിപ്പൂ
പാരാവാരം തഴുകിവരുമക്കാറ്റുതൊട്ടങ്ങുണര്‍ത്തി-
ത്താരോ പാവം! തരുണവദനം വാടിയിന്നും ചിരിച്ചേന്‍
മുല്ലച്ചേലങ്ങുയരെ നറുവെണ്മുത്തൊളിത്താലമേന്തീ
ചെല്ലക്കാറ്റൊന്നലഞൊറിയവേ വല്ലി പൊന്നൂയലാടീ
മെല്ലെക്കാലം തഴുകിയടരും തെല്ലു കൌതൂഹലത്താല്‍
പുല്ലിന്‍ താഴത്തടിയുമൊടുവില്‍ വേരിനോടൊത്തു ചേരും
വാവയ്ക്കെന്തേ പ്രിയദമധികം വാസനപ്പൂക്കളാണോ
പാവക്കുഞ്ഞോ പതിയെവരുമെന്നോമനത്തിങ്കളെന്നോ
നാവില്‍തൂകാം മധുരമധുരം തേന്‍വയമ്പൊക്കെയും നിന്‍-
ഭാവം വാടാതരികിലണയൂ, പുഞ്ചിരിക്കൊഞ്ചലേകൂ.
-(മന്ദാക്രാന്ത)
സുന്ദരമലയാളം. ഇഷ്ടം
ReplyDelete