തിരക്കില്‍

തിരക്കിട്ടിറങ്ങിത്തിരിച്ചൊട്ടു നിന്നും
തിടുക്കത്തിലെന്തോ മറന്നെന്നതോര്‍ത്തും
കലങ്ങും മിഴിക്കോണടച്ചും  നിറച്ചും
കനപ്പെട്ടു കാതങ്ങളെന്നും കടന്നേന്‍

വരിച്ചില്ല നിന്നെ, വരിക്കാതെ വയ്യെ-
ന്നുരച്ചിട്ടുമില്ല, വരം തേടിയില്ല .
വെറുക്കാതുടക്കാതെയെന്തിന്നടുത്തി-
ട്ടിടയ്ക്കിന്നു കാലൊച്ച കേള്‍പ്പിച്ചിടുന്നൂ

കിലുക്കം ശ്രവിക്കാതെ കര്‍ണ്ണം പൊതിഞ്ഞും
കടക്കണ്ണുടക്കാതിരിക്കാന്‍ പഠിച്ചും
പിടയ്ക്കും ഹൃദന്തം മറച്ചും കിതച്ചും
പറക്കുന്നു ഞാനെന്നെയെങ്ങോ കളഞ്ഞും

വിടര്‍ത്തുന്നു പൂക്കള്‍ നിനക്കായ്‌ വസന്തം
വിളിക്കുന്നു പിന്നില്‍ മടങ്ങാത്തതെന്തേ?
മഴക്കാറ്റിലീറന്‍ ചിലമ്പിത്തെറിയ്ക്കെ-
മറിച്ചെന്തു ചൊല്ലാന്‍, കടപ്പെട്ട ജന്മം

വിറയ്ക്കുന്നു കൈകള്‍, വെളിച്ചം കടക്കാ-
തടയ്ക്കട്ടെ വാതായനങ്ങള്‍ വിമൂകം
വെളുക്കുന്നതിന്‍ മുന്പുറങ്ങ്ട്ടെ, നേരം
വെളുത്താലുമില്ലെങ്കിലും പോയ് വരേണം

തിടുക്കത്തിലെന്നും പിറക്കും ദിനങ്ങള്‍
മടക്കങ്ങള്‍ വൈകും മനസ്സും മടിക്കും
വഴിക്കണ്ണുമായി വൃഥാ നിന്നിടൊല്ലേ
മൊഴിച്ചാര്‍ത്തു തേടി ചരിക്കൂ മറക്കൂ

Comments

 1. നിമിഷങ്ങളെങ്കിലും തിരക്ക് മാറുന്ന നേരം ഉണ്ടാകും. മതി.വാര്‍ന്ന് വീഴുന്നത് ഇതൊക്കെയല്ലേ.

  "വെറുക്കാതുടക്കാതെയെന്തിന്നടുത്തി-
  ട്ടിടയ്ക്കിന്നു കാലൊച്ച കേള്‍പ്പിച്ചിടുന്നൂ"

  ആ കാലൊച്ച കേള്‍ക്കുവാന്‍ കഴിവില്ലാത്തവര്‍ക്ക് അത് കേള്‍പ്പിച്ചു തരണം. മടിയ്ക്കരുത്.

  ReplyDelete
 2. മൊഴിച്ചാര്‍ത്തു തേടി ചരിക്കൂ മറക്കാതെ..

  ReplyDelete

Post a Comment

Popular posts from this blog

മുക്തകങ്ങള്‍ - വെറുതെ

വീനസിൻ ദേവാലയം

തൊണ്ടു ചീയുമ്പോൾ