ഉണര്‍ന്നിടുന്നൊരാ ചുവന്ന പൂവിനെ
പുണര്‍ന്നൊരീറനും പൊഴിഞ്ഞു പോയ നാള്
മുറിഞ്ഞ തണ്ടുമായ് പുലരിയെത്തവേ
പറഞ്ഞിടാത്തതും പകര്‍ന്നു പാടിയേന്‍
അറിവു തീണ്ടിയെന്‍ കരളുടഞ്ഞതും
അതു തലോടി നിന് വിരല്‍ മുറിഞ്ഞതും
നനുത്ത നീറ്റലായ് പടര്‍ന്നലഞ്ഞതും
പറഞ്ഞ പാപത്തില്‍ പകുതി വെന്തതും
ഉലഞ്ഞ കാഴ്ചകള്‍ കഴുകി വീണ്ടുമീ-
യുടഞ്ഞ ചില്ലുകളടുക്കി വച്ചതും
അതില്‍ വികൃതമാം മുഖം ചമയ്ക്കുവാ -
നറിഞ്ഞിടാതെ നാം പകച്ചു നിന്നതും
വെറുത്തു വിങ്ങവേയിരുള്‍ പരന്നതും
പഴയ പുസ്തക ചുവരിലേയ്ക്കുത-
ന്നൊളിച്ചുറങ്ങുവാന്‍ കൊതിച്ചു പോകവേ
മറവിയാം മറുമരുന്നു പൂക്കുമീ -
യുറവതന്‍ കരയ്ക്കടിഞ്ഞുണര്‍ന്നതും.....
---------