Friday, December 22, 2017

തൊണ്ടു ചീയുമ്പോൾ

പാരീസിൽ നിന്നും കുറച്ചു ദൂരേയ്ക്ക് വീടുമാറി. ഇവിടെയും ഒട്ടുമിക്ക 'ഹോം ഡെക്കോ' കടകളിലും ചകിരിമെത്ത 'മെയ്ഡ് ഇൻ ഇന്ത്യ' തന്നെ.  പ്ലാസ്റ്റിക് നാരുകൾ ഒഴിവാക്കി പ്രകൃതി ദത്ത നാരുകളിലേയ്ക്ക് ലോകം ചുവടു മാറുമ്പോൾ  ഈ മേഖലയിൽ ഇനിയും സാദ്ധ്യതകൾ തുറക്കാനേ  വഴിയുള്ളു  ( ബിസിനസ് തുടങ്ങിയാലോന്നാ ആലോചന ). 

എന്നാലും ചില സംശയങ്ങൾ ഉണ്ട്. നാളീകേര ഉൽപ്പന്നങ്ങളിൽ മറ്റെല്ലാം  തന്നെ ഫിലിപ്പീൻസിന്നും ശ്രീലങ്കയിൽ നിന്നും ബ്രസിലീന്നും ഒക്കെയാണ് ഫ്രാൻ‌സിൽ വരുന്നത് ,ചകിരിമെത്ത മാത്രം ഇന്ത്യയിലേതാണ് . മറ്റു രാജ്യങ്ങൾക്ക് ഇതിൽ വലിയ   താൽപ്പര്യം ഇല്ലേ അതോ അവിടെ തൊണ്ടധികം ഇല്ലേ ? നമുക്കിനി   തൊണ്ടൻ തേങ്ങയാണോ കൂടുതൽ? അതോ അകത്തുള്ളതൊക്കെ തീർത്തിട്ട് തൊണ്ടുമാത്രേ നമ്മൾ മിച്ചം വയ്ക്കുന്നുള്ളു എന്നാണോ?. എന്തെങ്കിലുമാകട്ടെ ചകിരിയെങ്കിൽ ചകിരി.

നിവേദനം: പ്ലാസ്റ്റിക്  വിരുദ്ധത കാരണം പ്ലാസ്റ്റിക് ക്രിസ്തുമസ്  ട്രീയും  വന നശീകരണം ആരോപിച്ചു ഒറിജിനൽ ക്രിസ്തുമസ്  ട്രീയും വീട്ടിൽ അനുവദിക്കുന്നില്ല ഒരു മകൻ. പരിസ്ഥിതി എന്തായാലും ക്രിസ്തുമസ്  ട്രീ കൂടിയേ തീരൂ എന്ന് ഇളയ ആളിന് വാശി . കയർ ബോർഡ്  മനസ്സുവച്ചു  അടുത്ത ക്രിസ്തുമസിനെങ്കിലും ഒരു 'നാച്ചുറൽ ഫൈബർ ക്രിസ്തുമസ്  ട്രീ' വിപണിയിൽ ഇറക്കിയാൽ  ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടായേനെ. 

എല്ലാവർക്കും  ക്രിസ്തുമസ് ആശംസകൾ.
പുതിയ കവിത കയർ തൊഴിലാളികൾക്ക് സമർപ്പിക്കുന്നു.

തൊണ്ടു ചീയുമ്പോൾ
---------------------------

തൊണ്ടു ചീയുമ്പോൾ ചുറ്റുമുയരുമസഹ്യമാം
ഗന്ധമൊട്ടതേൽക്കാതെ  മാറിനീങ്ങുന്നൂ  ലോകം

കല്പവൃക്ഷത്തിൻ മധുരോദാരമുൾക്കാമ്പിനെ,
യത്രതുഷ്ടിയാലൂറി കുടിച്ചും തിന്നും , പിന്നെ
വർദ്ധിത വീര്യത്തൊടാ  തൊണ്ടെറിഞ്ഞകലുമ്പോൾ
വർത്തമാനത്തിൻ പിന്നിൽ ചിത്രമൊന്നുണരുന്നു

ഇന്നലെയോളം സർവ്വ ദാഹമോഹങ്ങൾ തീർക്കും
പുണ്യതീർത്ഥവും പേറി നിറവിൽ  കഴിഞ്ഞവർ  
ന്നു താഴെയീ ചെളിക്കുണ്ടിലെത്തീടുമ്പോഴു -
മൊന്നു തൊട്ടേ പോകുന്നുണ്ടായപോലിളം  തെന്നൽ .

തൊണ്ടു ചീയുമ്പോൾ ചുറ്റുമുയരുമസഹ്യമാം
ഗന്ധമൊട്ടതേൽക്കാതെ മാറിനിന്നോട്ടേ ലോകം
പാറപോലുറപ്പുള്ളോരിടനെഞ്ചിൻ കൂടുകൾ
ഭാരമേതുമില്ലാതെയൊഴുകട്ടോളങ്ങളിൽ

അഴുകിത്തുടങ്ങുന്നൂ തൊണ്ടുകൾ പുറംചട്ട
യിടറിയിളകുന്നൂ വേവുകൾ, തല്ലിത്തല്ലി
മൃദുവാക്കുന്നൂ മണ്ണിൻ മണമോലും കയ്യുകൾ
പൊതിവിട്ടുതിരുന്നൂ  ചകിരിച്ചോറിൻ ചിന്ത

തീരസ്വപ്നങ്ങൾ തോറും മാലപോലൊരു ചെറു
നാരിണ  വളർന്നൊരു പന്തലായ് പടരുന്നു
കയറിദ്ദേശത്തിന്റെ മുഖമുദ്രയായ് ഊഞ്ഞാൽ
കയറിപ്പറക്കവേയോണമെത്തീടുന്നെങ്ങും

ഒരു ചാൺ മതിയത്രേ  മതിയാക്കുവാനെല്ലാം ,
ഒന്നു ചേർന്നാലോ മഹാമേരുവുമുലഞ്ഞീടും
ബന്ധബന്ധനങ്ങളിൽ തൊട്ടു നിൽപ്പാണീ നിത്യ
ബന്ധുര സ്നേഹത്തിന്റെ നാരുകളെല്ലായ്പോഴും

വഴിയേറെയും കടന്നിന്നു വീട്ടിലെത്തവേ
പദധൂളികൾ തന്റെ നെഞ്ചിലേക്കൊതുക്കുന്ന
കുഞ്ഞുമെത്തയായ് മഞ്ഞും  മഴയും കൊണ്ടങ്ങനെ
കൂസലില്ലാതെൻ കൂട്ടായ് കൂടെയുണ്ടീ മുറ്റത്തും  

പട്ടിന്റെ മൃദുത്വമില്ലൊട്ടുമാർദ്രതയില്ല
തൊട്ടു നോക്കിയാൽ വിരൽത്തുമ്പു   ചൂഴ്ന്നെക്കാമെന്നാൽ
കുത്തിനോവിക്കാറില്ല നോവുകൾ തട്ടിക്കുടഞ്ഞെ -
പ്പൊഴും ചിരിക്കുമീ  കൈരളിപ്പൊൻനൂലിഴ .

തൊണ്ടു ചീയുമ്പോൾ ചുറ്റുമുയരുമസഹ്യമാം
ഗന്ധമൊട്ടതേൽക്കുവോർ    ജയിക്കുന്നുലകത്തിൽ    .
-------------------------------------------------------------------------------------

No comments:

Post a Comment

പുതുവത്സരാശംസകൾ 2018

നന്മ നിറഞ്ഞ പുതുവത്സരാശംസകൾ! പ്രാർത്ഥനയോടെ. (കഴിഞ്ഞ കൊല്ലം കിട്ടിയതൊക്കെ വരവുവച്ചു നന്ദിപൂർവ്വം പുതുക്കിയിട്ടുണ്ട് ). ...