തമസ്സത്രേ സുഖപ്രദം!
തപം താനേയൊതുങ്ങിടും
ദിവസം ദീനമായ് ചൊല്ലി-
യിരവും തേടി യാത്രയായ്
മുന്നിലെന്തെന്തു പൂരങ്ങള്‍
കുടമാറ്റം കതിനകള്‍
വിണ്ണ് ഞെട്ടുമാഘോഷങ്ങള്‍
കണ്ണു ചിമ്മി നടുങ്ങിയോ?
ജയിക്കാനുള്ളൂറ്റവും പോയ്
ജയഗീതം മറന്നും പോയ്
സ്നേഹമൂറും വെളിച്ചത്തിന്
ദാഹവും പേറിയെത്രനാള്‍
പണയമായ് ഹൃദയം വയ്ക്കില്‍
പണിയേറെ പണിയുകില്‍
പണത്തൂക്കം പ്രിയം നേടാം
തോല്‍വി തോറ്റു ചിരിയ്ക്കയായ്
ശിരസ്സില്‍ വന്‍ കാലമര്ന്നി-
ട്ടിരുട്ടിലാഴവേ കണ്ടിടാം
നിതാന്ത ശാന്തമാം ലോകം
നിലാപ്പുഞ്ചിരി വിസ്മയം
ഇരുള് പൂക്കുന്നു മുല്ലമേല്‍
ഈറനോടെ തിരഞ്ഞ പോല്‍
ഇന്നലത്തെ വെളിച്ചങ്ങള്‍
പിന്നിലെങ്ങാനുമുണ്ടുവോ
തമസ്സില് കാഴ്ച്ചയെന്തിന്നായ്
മനസ്സിന് കണ്ണ് പോരുമേ
മനസ്സിന് കണ്ണ് പോവുകില്‍
തമസ്സോ വെണ്മയോ പരം?