കരളു പൊള്ളിപ്പൊടിഞ്ഞില്ല തുള്ളികള്‍
കരുണ തട്ടിച്ചിരിയ്ക്കുന്നു പിന്നെയും.
ഒരു മുഴക്കത്തിലേയ്ക്കു കാതോര്‍ത്തിടും
മരവുമീ കിളിക്കൂട്ടവും ബാക്കിയായ്
നനയുമോര്‍മ്മകള്‍ വറ്റുന്നിടങ്ങളില്‍
തിരയുവാനെന്തു? തീരം ചൊടിയ്ക്കവേ ,
തിരമുറിഞ്ഞു പിന്‍വാങ്ങുന്നു വന്‍കര-
യ്ക്കൊരു തലോടല്‍ തിടുക്കത്തിലേകിയും
ഘനമൊഴിഞ്ഞുല്ലസിക്കുന്ന തെന്നലും
ചിരി വിടര്‍ത്തുന്ന വാനവും ചൊല്ലിയോ?
ചുവടളന്നും മറിച്ചു വിറ്റും സ്വയം
ധനികരാകുന്നവര്‍ക്കു താന്‍ ധന്യത!
ഇതളടര്‍ന്നു വീഴുമ്പോഴും പൂവിലെ
ചെറുചിരിയ്ക്കെന്തു ഭംഗിയാണീ വഴി
പറവകള്‍ പൊഴിച്ചിട്ട പൊന്‍തൂവലി-
ന്നരികുകള്‍ക്കെന്തു മാര്‍ദ്ദവം! കാലമേ ..
വെറുതെ എങ്കിലും കാറ്റില്‍ പറക്കുവാന്‍
ചിറകിലേറി പുറപ്പെട്ട വാക്കുകള്‍
മുറിവുകൂടുന്നതിന്‍ മുന്‍പ് വാനിലേ-
യ്ക്കകലവേ മനം ശൂന്യമായെങ്കിലും
ഒരു മുഴക്കത്തിലേയ്ക്ക് കാതോര്‍ത്തു പോയ്
മലമുഴക്കിതന്‍ മായാവിമോഹമായ് ...
---------------------