"അമ്മയെ ഞാനടിച്ചില്ല! , കാറ്റിലെന്‍
കൈ പറന്നങ്ങു താനേ തൊടുന്നതാ-
ണിത്ര നോവുമെന്നാരറിഞ്ഞെങ്കിലീ
കയ്യുകള്‍ക്കൊരു കുഞ്ഞടി നല്കിടാം ".....
"വേണ്ട മുത്തേ മടക്കുന്നു; വന്നിതാ
വേറെയൊന്നല്ല പത്രവൃത്താന്തവും".
വെട്ടുകൊണ്ടവരേറെ വീണങ്ങനെ
വെട്ടമേറുന്ന കാടകം തേങ്ങവേ .
വേടമൂര്‍ത്തികള്‍ പാടി, 'കാറ്റല്ലയോ.
വാളു ചൂടും കരങ്ങളോ കാരണം !'
ഒന്നിനൊന്നായ് വിനോദം വിവാദമാ-
യൊന്നുമോരാതുലാവുന്നു തെന്നലും
മിന്നി നില്ക്കും വെളിച്ചങ്ങ,ളമ്പിളി
പ്പൊന്‍നിലാവും മറയ്ക്കുന്നു കാര്‍മുകില്‍
അക്ഷരങ്ങള്‍ തെളിച്ചെടുക്കും കനല് ,
ദിക്കിലെങ്ങും ജ്വലിപ്പിച്ച വേനലില്‍,
അക്കരക്കാറ്റടര്‍ത്തും മരങ്ങളില്‍,
അക്കിളിച്ചുണ്ടനുണ്ടോ? മറന്നുവോ? .
നീരൊഴുക്കുകള്‍ യാത്ര ചോദിക്കയാ-
യാവണിപ്പാടമെന്നേയുറക്കമായ്
ആഴിതോറും കെടാവിളക്കും തെളി-
ച്ചാളിറങ്ങുന്ന തീരങ്ങളില്‍ വെറും
നേരുതേടുവാന്‍ നേരമില്ലെത്രയോ
ദൂരമുണ്ടതിവേഗം പറന്നിടാം ..
പാറകള്‍ക്കുള്ളിലാണ്ടുവോ കണ്ണുനീര്?
താഴെയെങ്ങാനുറപ്പുള്ള വേരുകള്‍?
മാറിനില്‍ക്കുകീ മൌനം തകര്‍ന്നിടാം
മാറിനില്‍ക്കുക, മാറിനി'ന്നേല്‍ക്കുക'.
തന്റതല്ലാത്ത കാരണമൊക്കെയും
തന്നിലേക്കുരുള്‍പൊട്ടുന്ന ഭൂമിയില്‍
വേദനിക്കുമോ കുഞ്ഞടിപ്പാടുകള്‍?
വേദനിക്കില്ല... 'നീയെന്നു ചൊല്ലുക. '
-----------------------------