എരിഞ്ഞുതീരുമീ കനലിലിത്തിരി-
ക്കിനാവുകള്‍ ചൊരിഞ്ഞുറക്കെയൂതുവാ-
നൊരു മുളങ്കുഴല്‍ പകുത്തു നല്‍കുമോ?
ഹരേ, അടുത്തുതന്നകന്നു നില്ക്കയോ ?
നിറച്ചു കൃഷ്ണതന്നിലകളെപ്പൊഴും
കുറച്ചവില്‍ കഴിച്ചൊരുക്കി സൌഹ്യദം
മറച്ചതെന്തിനെന്‍ നിലാവെളിച്ചവും
കറുത്തമേഘമായ്, പൊഴിഞ്ഞതില്ല നീ.
കരിഞ്ഞ പൂവുകള്‍ക്കിടയ്കിടയ്ക്കു നിന്-
തെളിഞ്ഞ പുഞ്ചിരി തിളങ്ങവേ മനം
പിടഞ്ഞുവെങ്കിലും നിറഞ്ഞ താലമി-
ന്നൊഴിച്ചു, തേങ്ങലോടുരുക്കിയോര്‍മ്മകള്‍
തകര്‍ന്ന വീണതന് സ്വനങ്ങളില്‍ പതം-
പറഞ്ഞു കേഴവേയൊളിച്ചുവോ കണ്ണാ
കളികഴിഞ്ഞുവോ, കഥ മറന്നവള്-
ക്കെരിയുവാന്‍ കുഴലുറക്കെയൂതുമോ?