മുളങ്കുഴല്‍


എരിഞ്ഞുതീരുമീ കനലിലിത്തിരി-
ക്കിനാവുകള്‍ ചൊരിഞ്ഞുറക്കെയൂതുവാ-
നൊരു മുളങ്കുഴല്‍ പകുത്തു നല്‍കുമോ?
ഹരേ, അടുത്തുതന്നകന്നു നില്‍ക്കയോ ?

നിറച്ചു കൃഷ്ണതന്നിലകളെപ്പൊഴും
കുറച്ചവില്‍ കഴിച്ചൊരുക്കി സൌഹ്യദം
മറച്ചതെന്തിനെന്‍ നിലാവെളിച്ചവും
കറുത്തമേഘമായ്, പൊഴിഞ്ഞതില്ല നീ.

കരിഞ്ഞ പൂവുകള്‍ക്കിടയ്കിടയ്ക്കു നിന്‍-
തെളിഞ്ഞ പുഞ്ചിരി തിളങ്ങവേ  മനം
പിടഞ്ഞുവെങ്കിലും നിറഞ്ഞ താലമി-
ന്നൊഴിച്ചു, തേങ്ങലോടുരുക്കിയോര്‍മ്മകള്‍

തകര്‍ന്ന വീണതന്‍ സ്വനങ്ങളില്‍ പതം-
പറഞ്ഞു കേഴവേയൊളിച്ചുവോ കണ്ണാ
കളികഴിഞ്ഞുവോ, കഥ മറന്നവള്‍-
ക്കെരിയുവാന്‍ കുഴലുറക്കെയൂതുമോ?

Comments

  1. വരികള്‍ നന്നായിരിക്കുന്നു. കവിതയെ കൂടുതല്‍ വിശകലനം ചെയ്യാന്‍ അറിയില്ല.

    ReplyDelete
  2. ഒന്നു കണ്ണോടിച്ചു. കുരുങ്ങി പോകുന്ന വരികള്‍....

    ആശംസകള്‍...


    http://manusmrithikal.blogspot.com/

    ReplyDelete
  3. കളികഴിഞ്ഞുവോ, കഥ മറന്നവള്‍-
    ക്കെരിയുവാന്‍ കുഴലുറക്കെയൂതുമോ?

    ReplyDelete

Post a Comment

Popular posts from this blog

മുക്തകങ്ങള്‍ - വെറുതെ

പുതുവത്സരാശംസകൾ....

വീനസിൻ ദേവാലയം