പുതുവത്സരാശംസകൾ....

നന്മ നിറഞ്ഞ പുതുവത്സരാശംസകൾ!
പ്രാർത്ഥനയോടെ..
**************

മുപ്പത്തിമുക്കോടി ദൈവങ്ങളും കാട്ടു-
മൂപ്പനും ഡിങ്കനും കാത്തുകൊള്ളേണമേ
രണ്ടായിരത്തിപതിന്നാറു പോകവേ
മണ്ടത്തരങ്ങൾക്കറുതിയുണ്ടാവണേ

ഭീകരർക്കൊപ്പമുൽസാഹിച്ചടുക്കുന്ന
'പുട്ടിനും' , 'ട്രംപി'നും സല്ബുദ്ധിയേകണേ
കൊല്ലും കൊലയും കുറച്ചുല്ലസിക്കുവാൻ
എല്ലാ മനസ്സിലും തോന്നലുണ്ടാക്കണേ

രണ്ടായിരത്തിപ്പതിന്നേഴിലേവർക്കും
രണ്ടായിരത്തിന്റെ  ചില്ലറയെത്തണേ
എ.ടി.എം. കാർഡുരയ്ക്കുന്ന ജനങ്ങളിൽ  
'ടാക്സ് 'ഒഴിവാക്കി, കനിവു കാട്ടേണമേ
കള്ളപ്പണം പിടിച്ചാലുമില്ലെങ്കിലും
ഉള്ളപണം പിൻവലിക്കാനുമൊക്കണേ

ക്രിസ്തുമസ് കാലത്തു വന്ന സിനിമകൾ
ഓണമെത്തും മുൻപ്  പെട്ടിപൊട്ടിക്കണേ
കാണുവാനാഗ്രഹമുള്ളവർക്കെമ്പാടും,
'ഓൺലൈനി'ൽ തന്നനുഗ്രഹിച്ചീടണേ

പോസ്റ്റും കഥകളും പാട്ടും സിനിമയും
കോപ്പിയടിച്ചു വളരും മഹാന്മാർക്കു
മോശമാണപ്പണിയെന്നു തോന്നിക്കണേ
മോഹത്തിനൊത്തുള്ള ഭാവന നൽകണേ

വേനലവധിക്കു നാട്ടിലെത്തീടുവാൻ
ന്യായവിലയ്ക്കുള്ള  ടിക്കറ്റ് കിട്ടണേ
'പോക്കെമോൻ' കാർഡിന്നു വേണ്ടിപ്പിണങ്ങാതെ
പോക്കുവെയിലിൽ കളിയ്ക്കണേ  കുട്ടികൾ

ചുറ്റും വികസനം കത്തിക്കരേറവേ 
ചുറ്റിച്ചടുക്കുന്ന രോഗങ്ങൾ മാറ്റണേ
ശുദ്ധമായിത്തിരി വായുവും വെള്ളവും
ബദ്ധപ്പെടാതെ ലഭിക്കുമാറാകണേ

നാക്കിൽ കവിതകൾ കൂടുന്ന  നേരത്തു,
നാട്ടാരെയൊക്കെ വെറുപ്പിച്ചകറ്റാതെ,
നാവടക്കീടുവാനെന്നേം തുണയ്ക്കണേ
നാളെമുതൽ(ക്കി,ന്നു പോട്ടെ) നന്നാവണേ .....Comments

 1. ബോധിച്ചു നിന്നുടെയാക്ഷേപഹാസ്യവും
  ഒപ്പം സമർപ്പിച്ച സങ്കടഹർജിയും
  നാളെ മുതൽ, പോട്ടെ, യിന്നുമുതൽ തന്നെ
  നന്നാകുവാൻ വരം നൽകുന്നു ഞാനെടോ!!

  എന്ന് ദൈവം!,
  ഒപ്പ്!!

  പുതുവത്സരാശംസകൾ ശ്രീജ

  ReplyDelete
  Replies
  1. ഹഹ..നന്നായി നന്നായി നിശ്ചയം ദൈവമേ!
   നന്ദി ഗിരിജ..ആശംസകളും..

   Delete
 2. കൊള്ളാം
  നാവടക്കാതെ, നന്നാവാതെ ഇനിം ഈ പണി തുടരുക

  ReplyDelete
 3. വര്‍ത്തമാന കാലത്തെ നാട്ടു നടപ്പുകള്‍ , ഹാസ്യ രുചി ഉറ്റിച്ച് ഉത്തമ മാക്കിയ
  പ്രാര്‍ത്ഥന .......നന്നായിരിക്കുന്നു..ആശംസകള്‍

  ReplyDelete

Post a Comment

Popular posts from this blog

മുക്തകങ്ങള്‍ - വെറുതെ

വീനസിൻ ദേവാലയം

തൊണ്ടു ചീയുമ്പോൾ