Saturday, December 12, 2009

മുക്തകങ്ങള്‍ - വന്ദനം

അൻപേറുന്നമ്പിളിക്കും, തിരുജടയിടയുള്‍ക്കൊണ്ടിടും ഗംഗയാള്‍ക്കും
വന്‍പേറും പാര്‍വതിക്കും നലമൊടു മരുവും നന്ദി, ഭൂതാദികള്‍ക്കും
മുന്പേറും വിഘ്നമാറ്റും ഗണപതി ജയവും , കാവടിച്ചിന്തുമായി-
ട്ടെന്‍പാട്ടും പാടി വന്നേനടിമലരിണയില്‍ കുമ്പിടുന്നേന്‍ ശിവോഹം
സ്രഗ്ദ്ധര

ഇമ്പം ചേര്‍ത്തുകൊരുത്ത പൊന്‍കറുകയ,ക്കൊമ്പന്നു ചാര്‍ത്തിക്കുവാന്‍
തുമ്പിപ്പെണ്ണു പറന്നതും വഴിയിലമ്പമ്പോ കൊടുങ്കാറ്റുകള്‍
തുമ്പിക്കൈയ്യതു നീട്ടിവന്നിവളെയാ തുമ്പാലുയര്‍ത്തീടുമോ
പമ്പയ്ക്കിക്കരെയാണു ഞാന്‍ കനിയണേ കുംഭോദരാ പാഹിമാം

എന്നാളും മമ ദീപമാണരികിലായ്‌ തന്നേ നിറഞ്ഞീടണം
നിന്നില്‍ തൊട്ടു പിറക്കണം പുലരികള്‍ നീയേ ശിവം ശാന്തിയും
മിന്നിപ്പൊങ്ങിടുമുള്‍ഭ്രമച്ചിറകുകള്‍ ചിന്നിപ്പൊലിഞ്ഞീടണം
പിന്നെപ്പുല്‍കിയുണര്‍ത്തണം വഴികളില്‍ രാമായണം മോക്ഷദം

കൊല്ലാനോങ്ങിയ വില്ലനന്നൊരുവരം നല്കീ മുനിപ്പ്രൌഢന-
ങ്ങെല്ലാ മോഹവുമൊന്നുപോല്‍ പൊലിയുമാ ശ്രീരാമ മന്ത്രാക്ഷരം
ചൊല്ലീ വന്നിടുമീവഴിക്കൊരുദിനം, നല്കീടുവേന്‍ മോക്ഷ, മ-
ക്കല്ലില്‍ മെല്ലെയുയര്‍ന്നു ഹാ! കവചമൊന്നെന്നും സ്മരിക്കുന്നു ഞാന്‍

മേടക്കാറ്റിലുതിര്‍ന്നുവന്നരികിലന്നോരോ പദം, കേട്ടു ഞാ-
ങ്കൂടെച്ചെന്നൊരു പാട്ടു,മന്നടയിലെന്‍ കാണിക്കയിട്ടോടിനാന്‍
പാടിച്ചീടുവതിന്നിവള്‍സവിധമപ്പാടം കടന്നെത്തി നീ
മാടപ്പള്ളിയില്‍ വാഴുമമ്മയലിവിന്‍ ശ്രീരാജരാജേശ്വരി.

പുത്തന്‍ ചാണകമിത്തരത്തിലുരുളയ്ക്കൊപ്പം പിടിച്ചിന്നു നീ
കത്തും സൂര്യ തപത്തിലേ കരുതണം, തച്ചിന്നുണക്കീടണം
എത്തീടും ശിവരാത്രി തന്‍ പുലരിയില്‍ കത്തിച്ചുടച്ചെങ്കിലോ
സത്യം കൈവരുമന്നു ചെങ്കനലതില്‍ ഭസ്മം ശിവം സുന്ദരം.

വീടെന്തിന്നതിലേറെ വന്‍പിയലുമിപ്പൂമെയ്‌ പകുത്തേകിടാം
കാടും ചുറ്റി നടന്നിടാം തളരുകില്‍ ഗംഗാജലം നല്കിടാം
ആടുംനാഗവു,മമ്പിളിക്കലയുമൊത്താനന്ദമായ്‌ വാണിടാം
ചൂടിക്കാമനുഭൂതിഭൂതികളുമിച്ചോടൊത്തുണര്‍ന്നാടിടാം

-(ശാര്‍ദ്ദൂലവിക്രീഡിതം)

ഇടയ്ക്കയില്‍ തുടിച്ചുണര്‍ന്നതെന്‍റെ സങ്കടങ്ങളാ -
ണിടയ്ക്കതൊന്നു കേട്ടിടാന്‍ മടിച്ചുനിന്നതെന്തു നീ
കടുത്ത കാറ്റടിക്കവേ തടുത്തു വന്നടുത്തു, ഞാന്‍
നടയ്ക്കു വച്ച നൊമ്പരം കെടുത്തിടാതെടുക്കുമോ

-(പഞ്ചചാമരം)

2 comments:

  1. ആദ്യത്തെ വാക്ക് “അന്‍പേറുന്നമ്പിളിക്കും” എന്നാക്കിയാല്‍ നന്നായിരുന്നു. ഇപ്പോഴത്തെ അമ്പിളിയ്ക്ക് ഒരു അരുചിയുണ്ട് വായിക്കുമ്പോള്‍.

    ReplyDelete
  2. നല്ല വായനക്ക് നന്ദി.:)
    അന്‍പ് ഊറുന്ന-- നിലാവ് പൊഴിക്കുന്ന അമ്പിളി എന്ന ഒരു തോന്നലില്‍ എഴുതിയതാണ്..

    ReplyDelete

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...